
സ്വന്തം ലേഖകൻ
കൊച്ചി : സമൂഹത്തിന്റെ വികലമായ കാഴ്ചപ്പാടുകളോട് പ്രതികരിച്ച് ഗായിക ജ്യോത്സന. എല്ലാം തികഞ്ഞവരായിരിക്കാൻ ആർക്കും കഴിയില്ല. എല്ലാം ചെയ്യാൻ സാധിച്ചില്ല എന്നു കരുതി ആരും കുറഞ്ഞവരുമല്ല എന്നും ജ്യോത്സന പറയുന്നു.
ഒരു യുവതി കുട്ടികൾ വേണ്ടെന്ന് വെച്ചാൽ നിങ്ങൾ ഭീകരിയാവുന്നില്ല.നിങ്ങൾ എല്ലാം തികഞ്ഞ ഭാര്യയോ അമ്മയോ മരുമകളോ ആയില്ലെങ്കിലും കുഴപ്പമില്ലെത്ത് ജ്യോത്സന പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജ്യോത്സ്നയുടെ കുറിപ്പിന്റെ പൂർണ രൂപം:
പ്രിയപ്പെട്ട സ്ത്രീകളെ,
പരിപൂർണത എന്നത് ഒരു മിഥ്യയാണ്. നിങ്ങൾ എല്ലാം തികഞ്ഞ ഒരു ഭാര്യയോ, അമ്മയോ, മകളോ, മരുമകളോ, കരിയറിലെ തികഞ്ഞ സ്ത്രീയോ ആയില്ലെങ്കിലും കുഴപ്പമില്ല. നിങ്ങളുടെ വീട് വൃത്തിയായി കിടന്നില്ലെങ്കിലോ, ആഗ്രഹിക്കുന്ന കാലത്തോളം കുഞ്ഞിനെ മുലയൂട്ടാൻ കഴിഞ്ഞില്ലെങ്കിലോ കുഴപ്പമില്ല.
കുട്ടികൾ വേണ്ടെന്ന തീരുമാനമാണ് എടുക്കുന്നതെങ്കിലും കുഴപ്പമില്ല. ജോലിത്തിരക്കു കാരണം കുട്ടിയുടെ സ്കൂൾ പ്രവർത്തനങ്ങൾ മിസ് ചെയ്താലും കുഴപ്പമില്ല. ഇതൊന്നും നിങ്ങളെ ഒരു ഭീകര സ്ത്രീയാക്കുന്നില്ല. നിങ്ങൾ മനുഷ്യർ മാത്രമാണ്. എല്ലാം തികഞ്ഞ സ്ത്രീ എന്നത് ഒരു മിഥ്യയാണ്.
നിങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കുന്നതിൽ തെറ്റില്ല. ആഹാരത്തിന്റെ പണം നിങ്ങളുടെ സ്ത്രീ കൊടുക്കുന്നതിൽ തെറ്റില്ല. നിങ്ങൾ വീട്ടിലിരിക്കുന്ന പങ്കാളിയാകാൻ താത്പര്യപ്പെടുന്നതിൽ തെറ്റില്ല.
നിങ്ങൾക്ക് ഇഷ്ടമുള്ള പിങ്ക് വസ്ത്രങ്ങൾ ധരിക്കുന്നതിൽ കുഴപ്പമില്ല. നിങ്ങൾ എന്താണ് തോന്നുന്നത് എന്നതിനെക്കുറിച്ച് പറയുന്നതിൽ കുഴപ്പമില്ല. എല്ലാം തികഞ്ഞ പുരുഷൻ എന്നത് ഒരു മിഥ്യയാണ്.
നിങ്ങളുടെ ശരീരത്തിൽ ഒരു കിലോ കൂടുന്നതോ പ്രധാനപ്പെട്ട ഏതെങ്കിലും പദ്ധതികൾ മുടങ്ങുന്നതോ ഒന്നുമല്ല നിങ്ങൾ ആരാണെന്നു നിശ്ചയിക്കുന്ന ഘടകങ്ങൾ.
നിങ്ങൾ സന്തോഷമായിരിക്കുന്നുണ്ടോ എന്നത് മാത്രമാണ് കണക്കിലെടുക്കേണ്ടത്.
പരിപൂർണതയിലേയ്ക്ക് എത്തിപ്പെടാൻ നിങ്ങൾക്കു മേലുണ്ടാകുന്ന സമ്മർദ്ദം ഒരിക്കലും നിങ്ങളെ നിങ്ങളല്ലാതാക്കരുത്. ഈ വാക്കുകൾ ഇന്ന് ആർക്കെങ്കിലും പ്രചോദനമാകുമെങ്കിൽ അങ്ങനെയാകട്ടെ.







