
സ്വന്തം ലേഖകൻ
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തിയ യുവാവിനെയും ഭാര്യയെയും പോളിംഗ് ബൂത്തിൽ വച്ച് വളഞ്ഞിട്ട് തല്ലി സിപിഎം കോൺഗ്രസ്സ് പ്രവർത്തകർ. പോളിംഗ് ബൂത്തിൽ വച്ച് പൊലീസിന്റെ സാന്നിധ്യത്തിലാണ് സംഭവം അരങ്ങേറിയത്.
എറണാകുളം കിഴക്കമ്പലം പഞ്ചായത്തിലെ കുമ്മനോട് വാർഡിൽ വാടകയ്ക്ക് താമസിക്കുന്ന വയനാട് മട്ടിലയം നാഗപറമ്പിൽ ഹൗസിൽ പ്രിന്റുവിനെയും ഭാര്യ ബ്രിജീത്തയെയുമാണ് വോട്ട് ചെയ്യാൻ അനുവദിക്കാതെ സിപിഎം – കോൺഗ്രസ് പ്രവർത്തകർ സംയുക്തമായി മർദ്ദിച്ചത്.സംഭവത്തിൽ സംസ്കാരിക നായകരും നേതാക്കളും ഇതുവരെ ഒരക്ഷരം ഉരിയാടിയിട്ടില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെയായിരുന്നു സംഭവം. കുമ്മനോട് വാർഡിലെ ബൂത്തിലാണ് ഇരുവരും വോട്ട് രേഖപ്പെടുത്താൻ എത്തിയത്. എന്നാൽ വാർഡിൽ ജനിച്ചു വളർന്നവരല്ലാത്തതിനാലും വാടകയ്ക്ക് താമസിക്കുന്നവരായതിനാലും വോട്ട് ചെയ്യാൻ അനുവദിക്കില്ല എന്ന് പറഞ്ഞായിരുന്നു ആക്രമം.
കഴിഞ്ഞ 14 വർഷമായി കിഴക്കമ്ബലം പഞ്ചായത്തിൽ വാടകയ്ക്ക് താമസിക്കുന്ന ഇവർ തങ്ങളുടെ പേര് വോട്ടേഴ്‌സ് ലിസ്റ്റിൽ ഉണ്ടെന്നും വോട്ട് ചെയ്യാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. ബൂത്തിന് പുറത്ത് നടന്ന സംഭവത്തിൽ പൊലീസ് ഇടപെട്ട് ഇരുവരെയും വോട്ട് ചെയ്യാനായി ബൂത്തിലേക്ക് പ്രവേശിപ്പിച്ചു. എന്നാൽ കിഴക്കമ്പലം പഞ്ചായത്തിൽ ആരു വോട്ട് ചെയ്യണമെന്ന് ഞങ്ങൾ തീരുമാനിക്കും എന്ന് ആക്രോശിച്ചുകൊണ്ട് പോളിങ് ബൂത്തിൽ നിന്നും വലിച്ചിറക്കി മർദ്ദിക്കുകയായിരുന്നു.
പ്രിന്റുവിന്റെ ഭാര്യയെ പിടിച്ചു തള്ളുകയും വസ്ത്രം വലിച്ചു കീറുകയും ചെയ്തു. വോട്ട് ചെയ്താൽ അനന്തര ഫലം അനുഭവിക്കുമെന്നും ഭീഷണിപ്പെടുത്തി. സ്ഥലത്തുണ്ടായിരുന്ന രണ്ട് പൊലീസ് ഉദ്യോഗസ്ഥർ അക്രമികളെ പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇരുപതിലധികം പ്രവർത്തകർ പ്രിന്റുവിലെ മർദ്ദിക്കുകയും സ്വർണ്ണമാല പൊട്ടിച്ചെടുക്കുകയും പേഴ്‌സ് പിടിച്ചുവാങ്ങുകയും ചെയ്തു. മർദ്ദനമേറ്റ് അവശനായ പ്രിന്റുവിനെയും ഭാര്യയെയും പിന്നീട് പൊലീസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. കിഴക്കമ്പലം പഞ്ചായത്ത് ഭരണം കിറ്റെക്‌സ് ഉടമ സാബു എം ജേക്കബിന്റെ നേതൃത്വത്തിലുള്ള ‘ട്വന്റി20’ എന്ന കൂട്ടായ്മയാണ് ഭരിക്കുന്നത്. രാഷ്ട്രീയ പാർട്ടികളെ പിൻതള്ളിക്കൊണ്ടാണ് ജനങ്ങൾ ഈ കൂട്ടായ്മയെ തിരഞ്ഞെടുത്തത്.
പ്രിന്റു ഉൾപ്പെടെ ഇരുപത്തിയഞ്ചോളം വോട്ടർമാരെ ഇത്തരത്തിൽ ഉവർ തടഞ്ഞിരുന്നു. ബാക്കിയുള്ളവർ ഇവരുടെ ഭീഷണിയെ തുടർന്ന് വോട്ട് ചെയ്യാതെ തിരികെ പോവുകയായിരുന്നു. എന്നാൽ പ്രിന്റു മാത്രമാണ് ഇവരെ ധിക്കരിച്ച് വോട്ട് ചെയ്യാൻ കയറിയത്. പ്രിസൈഡിങ് ഓഫീസർ ഇവർക്ക് വോട്ട് ചെയ്യാൻ അവകാശമുണ്ടെന്ന് പറഞ്ഞെങ്കിലും ചെവിക്കൊള്ളാതെ അക്രമിക്കുകയായിരുന്നു.
സംഭവം അറിഞ്ഞ് എറണാകുളം റൂറൽ എസ്പി വോട്ടർമാർക്ക് വോട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കി കൊടുക്കാൻ ഇലക്ഷൻ സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസറായ ഡി.വൈ.എസ്പിക്ക് നിർദ്ദേശം നൽകി. തുടർന്ന് നാൽപതോളം പൊലീസുകാരുടെ സംരക്ഷണയിൽ 25 വോട്ടർമാരെ വൈകുന്നേരത്തോടു കൂടി പൊലീസ് വോട്ട് ചെയ്യിപ്പിച്ചു. ‘ചലഞ്ച്’ വോട്ടായിട്ടാണ് ഇത് കണക്കാക്കിയിരിക്കുന്നത്.







