പാലായെ ഇളക്കിമറിച്ച് പ്രചാരണത്തിൽ സജീവമായി ജോസ് കെ.മാണി: കുടുംബയോഗങ്ങളിൽ സജീവമായി വീടുകളിൽ കയറിയിറങ്ങി ജോസ് കെ മാണി
സ്വന്തം ലേഖകൻ
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ ഔദ്യോഗിക പ്രചാരണം ആരംഭിക്കും മുൻപ് തന്നെ പാലായെ ഇളക്കിമറിച്ച് ഇടത് മുന്നണി സ്ഥാനാർത്ഥി ജോസ് കെ.മാണി. കുടുംബയോഗങ്ങളിലൂടെയും ഇടത് മുന്നണിയുടെ നേതൃയോഗങ്ങളിലൂടെയും സാധാരണക്കാരിലേയ്ക്ക് ഇറങ്ങി , കുടുംബങ്ങളിലേയ്ക്ക് കയറിച്ചെല്ലുകയാണ് ജോസ് കെ.മാണി. സംസ്ഥാനത്തെ മുഴുവൻ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിനിടയിലാണ് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണി പാലായിലും സജീവമാകുന്നത്.
ഇന്നലെ നിയോജക മണ്ഡലം കമ്മിറ്റികൾ പൂർത്തിയാക്കിയ ഇടത് മുന്നണി കുടുംബ യോഗങ്ങൾക്കും തുടക്കമിട്ട് കഴിഞ്ഞു. ഇന്നലെ തലപ്പലം , കൊഴുവനാൽ മുത്തോലി , കരൂർ , പാലാ നഗരസഭ എന്നിവിടങ്ങളിൽ മണ്ഡലം നേതൃയോഗം നടന്നു. ഇതോടെ നിയോജക മണ്ഡലത്തിലെ മുഴുവൻ നേതൃയോഗങ്ങളും ഇടത് മുന്നണി പൂർത്തിയാക്കിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പാലാ നിയോജക മണ്ഡലത്തിൽ അടുത്തതായി കുടുംബ സംഗമങ്ങളാണ് ഇടത് മുന്നണി സംഘടിപ്പിക്കുന്നത്. ആദ്യമായി കടനാട് പഞ്ചായത്ത് കുടുംബ സംഗമത്തോടെയാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്. ഇനി ഓരോ ദിവസവും വിവിധ മണ്ഡലങ്ങളിൽ കുടുംബ സംഗമങ്ങൾ ആണ് നടക്കുന്നത്.
ബൂത്ത് തല പ്രവർത്തനങ്ങൾ ഇന്ന് മുതൽ നിയോജക മണ്ഡലത്തിൽ ആരംഭിക്കും. നേരത്തെ തന്നെ കേരള കോൺഗ്രസും ഇടത് മുന്നണി പ്രവർത്തകരും തോളോട് തോൾ ചേർന്ന് നിന്നാണ് മണ്ഡലത്തിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. മാർച്ച് 12 ന് എൽ ഡി എഫ് നിയോജക മണ്ഡലം കൺവൻഷൻ കൂടി നടക്കുന്നതോടെ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമാകും.