തോൽവി സമ്മതിക്കാതെ വിജയ പ്രഖ്യാപന റാലിയ്‌ക്കൊരുങ്ങി ട്രംപ് ; തോൽവിയുടെ ആഘാതത്തിൽ നിന്നുണ്ടായ ട്രംപിന്റെ വിഭ്രാന്തി ഏറെ വലയ്ക്കുന്നത് സ്വന്തം പാർട്ടിക്കാരെ : ക്ഷമയോടെ കാത്തിരിക്കാൻ അനുയായികളോട് ജോ ബൈഡൻ
സ്വന്തം ലേഖകൻ
ന്യൂഡൽഹി : ദിവസങ്ങളായി ലോക രാജ്യങ്ങൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് അമേരിക്കൻ തെരഞ്ഞടുപ്പ് ഫലം. ജോ ബൈഡൻ വിജയത്തിന്റെ പക്കലെത്തിയിട്ടും തോൽവി സമ്മതിക്കാനാവട്ടെ ട്രംപ് ഇതുവരെ തയ്യാറായിട്ടില്ല എന്നതും ഏറെ ശ്രദ്ധേയമാണ്.
നാലു വർഷത്തെ അധികാരം നൽകിയ മതിഭ്രമമോ അതോ തോൽവിയുടെ ആഘാതത്തിൽ നിന്നുണ്ടായ വിഭ്രാന്തിയോ, ട്രംപിന്റെ പ്രകടനങ്ങൾ ഇന്ന് ഏറെ വിഷമിപ്പിക്കുന്നത് സ്വന്തം പാർട്ടിക്കാരെയുമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തോറ്റുവെന്ന സത്യം ട്രംപിനെ പറഞ്ഞുമനസ്സിലാക്കാൻ ആരെ ആശ്രയിക്കണമെന്ന ആശയക്കുഴപ്പത്തിലാണ് ഇന്ന് റിപ്പബ്ലിക്കൻ പാർട്ടിയുടെ ഉന്നത നേതാക്കൾ. കഴിഞ്ഞ ദിവസം വോട്ടെണ്ണൽ പൂർത്തിയാക്കിയ പെൻസിൽവാനിയയിലും ജോർജിയയിലും ജോ ബൈഡൻ വ്യക്തമായ ലീഡ് കരസ്ഥമാക്കുകയും ചെയ്തു. ഇതോടെ ട്രംപിനുണ്ടായിരുന്ന വിദൂര വിജയ സാധ്യതകൾ പോലും അസ്തമിച്ചിരിക്കുകയാണ്.
താൻ തോൽവി സമ്മതിക്കാൻ തയ്യാറല്ലെന്നാണ് ട്രംപ് തന്റെ അനുചരന്മരോട് വ്യക്തമായി പറയുന്നത്. ഇതാണ് റിപ്പബ്ലിക്കൻ പാർട്ടി നേതൃത്വത്തെ കുഴപ്പിക്കുന്നത്. വൈറ്റ്ഹൗസിൽ ഉപദേശകരായി സേവനമനുഷ്ഠിച്ച, ട്രംപിന്റെ മകൾ ഇവങ്ക, മരുമകൻ ജരേഡ് കുഷ്‌നർ എന്നിവരുടെ പേരാണ് ഇപ്പോൾ ആദ്യ പരിഗണനയിലുള്ളത്.എന്നാൽ, ഇവരുടെ മാനസിക നിലയും എപ്രകാരമാണെന്നതിന് ഒരു വ്യക്തതയുമില്ല.
ഇവങ്ക, ഏറ്റവും ഒടുവിൽ ട്വീറ്റ് ചെയ്തത് തന്റെ പിതാവിനെ അനുകൂലിച്ചു കൊണ്ടായിരുന്നു. മാത്രമല്ല, ഇവങ്കയുടേ മൂത്ത മകൾ അരബെല്ല, അമ്മയോടൊപ്പം അവരുടെ വാഷിങ്ടൺ ഡി സിയിലെ വീട് വിട്ടിറങ്ങുന്ന നേരം ഇരുവിരലുകൾ ഉയർത്തി വിജയചിഹ്നം കാണിക്കുകയും ചെയ്തിരുന്നു.
തോൽവി സമ്മതിക്കാതെയുള്ള ട്രംപിന്റെ ഈ സമീപനം ഏറെ വിഷമത്തിലാക്കിയിരിക്കുന്നത് റിപ്പബ്ലിക്കൻ പാർട്ടി നേതൃത്വത്തെ കൂടിയാണ്. ഇപ്പോൾ ശാന്തനായി തോൽവി സമ്മതിച്ചതിനു ശേഷം 2024ൽ വീണ്ടും മത്സരിച്ച് ജയിക്കാം എന്ന് അദ്ദേഹത്തോട് പറയാനാണ് ഇപ്പോൾ ആലോചിക്കുന്നത്.
നിയമപരമായ എല്ലാ വോട്ടുകളും എണ്ണിക്കഴിയുമ്പോൾ താൻ തന്നെയായിരിക്കും വിജയി എന്നാണ് ട്രംപ് വീണ്ടും വീണ്ടും അവകാശപ്പെടുന്നത്. ഇതിൽ നിന്നെല്ലാം വ്യ്ത്യസ്തമായി ക്ഷമയോടെ കാത്തിരിക്കാനാണ് ജോ ബൈഡൻ തന്റെ അനുയായികളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
തെരഞ്ഞടുപ്പിന്റെ ഫലം എന്ത് തന്നെയായാലും വരും നാളുകൾ അമേരിക്കയേ ലോകത്തിനു മുന്നിൽ അപഹാസ്യമാക്കുമോ എന്ന ആശങ്കയിലാണ് സാധാരണക്കാരായ അമേരിക്കൻ ജനങ്ങൾ.