ജലപരപ്പ് ശയ്യയാക്കി ജലീൽ; വിസ്മയമാകുന്നു

ജലപരപ്പ് ശയ്യയാക്കി ജലീൽ; വിസ്മയമാകുന്നു

തേഞ്ഞിപ്പലം: പറമ്പിമലപ്പുറം സ്വദേശി അബ്ദുൾ ജലീൽ ജലപ്പരപ്പിൽ മലർന്ന് കിടക്കുന്ന കാഴ്ച നാട്ടുകാർക്ക് വിസ്മയമാണെങ്കിലും അദ്ദേഹത്തിനിത് ശീലമാണ്. കഴിഞ്ഞ ആറുവർഷമായി സമയം കിട്ടുമ്പോഴെല്ലാം ജലീൽ കുളത്തിലും തോട്ടിലും കിടക്കും. ആഴമോ അടിയൊഴുക്കോ നോക്കാതെ, കൈകൾ വിരിച്ചാണ് കിടപ്പ്. അടുത്തിടെ സുഹൃത്ത് ഈ ദൃശ്യം ക്യാമറയിൽ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെ, ഇത് എങ്ങനെ ചെയുന്നു എന്ന സംശയമാണ് എല്ലാവർക്കും.

എന്നാൽ ജലീൽ അതിനെ വലിയ കാര്യമായി കാണുന്നില്ല. 6 വർഷം മു‍ൻപ് പുത്തൂർ തോട്ടിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപെട്ട് നീന്താനായില്ല. ആദ്യം പേടിച്ചെങ്കിലും ധൈര്യം വീണ്ടെടുത്ത് മലർന്നു നീന്താൻ ശ്രമിച്ചു. അത് രക്ഷയായി. പിന്നീട് അവസരം കിട്ടുമ്പോഴൊക്കെ ജലീൽ മലർന്നു നീന്താൻ തുടങ്ങി. നിരന്തര പരിശീലനത്തിലൂടെ വെള്ളത്തിന് മീതെ മലർന്നു കിടക്കാനുള്ള കഴിവും ആർജിച്ചു. തുടർച്ചയായി ഒന്നേകാൽ മണിക്കൂർ വരെ ജലോപരിതലത്തിൽ മലർന്നു കിടക്കാൻ ജലീലിന് ഇപ്പോൾ കഴിയും. വട്ടപ്പറമ്പ് എഎംഎൽപി സ്കൂൾ ഡ്രൈവറാണ് ജലീൽ.