‘അഴിമതി മൂടിവച്ചാലല്ലേ നാട് അഴിമതി രഹിതമാകൂ’ ; സർവ്വീസിൽ തിരിച്ചെടുക്കാനുള്ള അനുകൂല വിധിക്ക് പിന്നാലെ സർക്കാരിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി ജേക്കബ് തോമസ്

‘അഴിമതി മൂടിവച്ചാലല്ലേ നാട് അഴിമതി രഹിതമാകൂ’ ; സർവ്വീസിൽ തിരിച്ചെടുക്കാനുള്ള അനുകൂല വിധിക്ക് പിന്നാലെ സർക്കാരിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി ജേക്കബ് തോമസ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സർവീസിലേക്ക് ഉടൻ തിരിച്ചെടുക്കണമെന്ന് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽനിന്ന് അനുകൂല വിധി ലഭിച്ചതിന് തൊട്ടുപിന്നാലെ സർക്കാരിനെതിരെ വിമർശനം കടുപ്പിച്ച് ഡി.ജി.പി. ജേക്കബ് തോമസ്. ‘അഴിമതി മൂടിവച്ചാലല്ലേ, നാട് അഴിമതി രഹിതമാകൂ’ എന്ന കുറിപ്പോടെ വൈറ്റില മേൽപ്പാലത്തിലെ അഴിമതി വാർത്തയെ ഉദ്ധരിച്ചാണ് ഫേസ്ബുക്ക് പോസ്റ്റ്. കോടികളുടെ അഴിമതി നടന്ന വൈറ്റില മേൽപ്പാലം സംബന്ധിച്ച വാർത്തയും കുറിപ്പുമാണ് ജേക്കബ് തോമസ് ഫേസ്ബുക്കിൽ പങ്കുവച്ചത്. ജേക്കബ് തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ് മിനിറ്റുകൾക്കുള്ളിൽ വൈറലായിട്ടുണ്ട്. തുടർച്ചയായ സസ്പെൻഷൻ നിയമവിരുദ്ധമാണെന്നും ഉടൻ സർവീസിലേക്ക് തിരിച്ചെടുക്കാനുമാണ് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലാണ് ഉത്തരവിറക്കിയത്.

രണ്ടു വർഷമായി ജേക്കബ് തോമസ് സസ്പെൻഷനിലായിരുന്നു. ഓഖി ദുരന്തത്തിൽ സർക്കാർ വിരുദ്ധ പരാമർശനത്തിന്റെ പേരിലായിരുന്നു ആദ്യം ജേക്കബ് തോമസിനെ സസ്പെൻഡ് ചെയ്തത്. തുടർന്ന് പുസ്തകമെഴുതിയതിന്റെ പേരിലും, അഴിമതി കണ്ടെത്തിയതിലുമടക്കം സസ്പെൻഷൻ കാലാവധി പലഘട്ടങ്ങളായി ദീർഘിപ്പിക്കുകയായിരുന്നു. ജേക്കബ് തോമസ് നേരത്തെ വി.ആർ.എസിന് അപേക്ഷിച്ചിരുന്നു. ഇതിനെ എതിർത്ത് സംസ്ഥാന സർക്കാർ രംഗത്തെത്തിയിരുന്നു.ലോക്സഭ തെരഞ്ഞെടുപ്പിൽ ചാലക്കുടിയിൽ നിന്ന് മൽസരിക്കാനാണ് സ്വയം വിരമിക്കലിന് അപേക്ഷ നൽകിയത്. എന്നാൽ അപേക്ഷ സംസ്ഥാനം അംഗീകരിക്കാത്തതിനെ തുടർന്ന് കേന്ദ്രത്തിന് നൽകുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജേക്കബ് തോമസിന്റെ ‘സ്രാവുകൾക്കൊപ്പം നീന്തുമ്‌ബോൾ’ ഔദ്യോഗിക രഹസ്യങ്ങൾ വെളിപ്പെടുത്തതാണെന്ന ആരോപണം ഉണ്ടായിരുന്നു. ഇതെ തുടർന്ന് പുസ്തകം പ്രസിദ്ധീകരിച്ച തൃശ്ശൂർ കറന്റ് ബുക്ക്സിൽനിന്നും സർക്കാർ വിശദീകരണം തേടിയത് വലിയ വിവാദമുണ്ടാക്കിയിരുന്നു.

പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്നപ്പോൾ ജേക്കബ് തോമസിനെയായിരുന്നു വിജിലൻസ് ഡയറക്ടറായി നിയമിച്ചത്. എന്നാൽ പിന്നീട് സർക്കാരുമായി അകലുകയായിരുന്നു. ഓഖി ദുരന്തത്തിന് ശേഷം നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ പേരിൽ സർക്കാരിനെ വിമർശിച്ചതിനാണ് ആദ്യം സസ്പെൻഷനിലായത്. പുസ്തകത്തിലൂടെ സർക്കാരിനെ വിമർശിച്ചതിന് വീണ്ടും സസ്പെൻഷൻ ലഭിച്ചു. തുറമുഖ ഡയറക്ടറായിരിക്കെ ഡെഡ്ജർ വാങ്ങിയതുമായി ബന്ധപ്പെട്ടാണ് പിന്നീട് നടപടി നേരിട്ടത്.

കഴിഞ്ഞ 25 വർഷമായി ആർഎസ്എസുമായി തുടരുന്ന ബന്ധം കഴിഞ്ഞ ദിവസം ജേക്കബ് തോമസ് വ്യക്തമാക്കിയിരുന്നു. ദാർശനിക ഭാരതം എന്ന സങ്കൽപ്പത്തിലൂന്നിയാണ് ആർഎസ്എസിന്റെ പ്രവർത്തനമെന്ന് ജേക്കബ് തോമസ് വ്യക്തമാക്കിയിരുന്നു. തുടർന്ന് ആർഎസ്എസ് ഐടി മിലന്റെ ഗുരുദക്ഷിണ, ഗുരുപൂജ മഹോത്സവത്തിൽ അദേഹം അധ്യക്ഷത വഹിക്കുകയും ചെയ്തിരുന്നു.