ടീം ഇന്ത്യയ്ക്ക് ചരിത്ര വിജയം..! പരാജയം അറിഞ്ഞിട്ടില്ലാത്ത ഗാബയിൽ ഓസീസിനെ മുട്ടുകുത്തിച്ച് ഇന്ത്യൻ പട; പരിക്കിനെയും പേസിനെയും തോൽപ്പിച്ച് ഇന്ത്യൻ കുട്ടികൾ

ടീം ഇന്ത്യയ്ക്ക് ചരിത്ര വിജയം..! പരാജയം അറിഞ്ഞിട്ടില്ലാത്ത ഗാബയിൽ ഓസീസിനെ മുട്ടുകുത്തിച്ച് ഇന്ത്യൻ പട; പരിക്കിനെയും പേസിനെയും തോൽപ്പിച്ച് ഇന്ത്യൻ കുട്ടികൾ

Spread the love

സ്‌പോട്‌സ് ഡെസ്‌ക്

ഗാബ: പരിക്കിനെയും പരിചയക്കുറവിനെയും മറികടന്ന് ടീം ഇന്ത്യയ്ക്ക് ഗാബയിൽ ചരിത്ര ജയം. പരാജയത്തിന്റെ പട്ടികയിൽ കുറച്ച് മാത്രം കളികളുള്ള ഗാബയിലെ പിച്ചിൽ ഓസീസിനെ വീഴ്ത്തി ഇന്ത്യയുടെ ചെറിയ കുട്ടികൾ. പേസ് ബൗളർമാരുമായി എത്തി ഇന്ത്യയെ മുട്ടുകുത്തിക്കാമെന്നു കരുതിയ ഓസീസിന് ലഭിച്ച ഇരുട്ടടിയായി ഇന്ത്യയുടെ രണ്ടാം നിരയുടെ വിജയം. ഇതോടെ ബോർഡർ ഗവാസ്‌കർ ട്രോഫിയും ടീം ഇന്ത്യയ്ക്ക് സ്വന്തമായി.

സ്‌കോർ
ഓസ്‌ട്രേലിയ – 369 & 294
ഇന്ത്യ – 336 & 329/7

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓസ്‌ട്രേലിയൻ പരമ്പരയിൽ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിംങ്‌സിൽ 36 എന്ന ഏറ്റവും ചെറിയ സ്‌കോറിലാണ് ഇന്ത്യ പുറത്തായത്. ഇതോടെ ടെസ്റ്റ് പരമ്പരയും ഇന്ത്യയ്ക്ക് നഷ്ടമാകുമെന്ന സ്ഥിതിയായിരുന്നു. ഇതിനു പിന്നാലെയാണ് പരിക്കിന്റെ പരമ്പര തുടങ്ങിയത്. ആദ്യ മത്സരത്തിന് ശേഷം ക്യാപ്റ്റൻ കോഹ്ലി ഭാര്യയുടെ പ്രസവത്തിനായി നാട്ടിലേയ്ക്കു മടങ്ങി. പിന്നാലെ, ്അജിൻക്യ രഹാനയുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യ രണ്ടാം ടെസ്റ്റ് മുതൽ കളത്തിലിറങ്ങി.

ഇതിനിടെയാണ് പരിക്കിന്റെ പരീക്ഷണം ഇന്ത്യയ്ക്ക് എത്തിയത്. തുടർന്നു ഇന്ത്യൻ ടീം തകരുമെന്ന പ്രതീക്ഷിച്ച രണ്ടാം ടെസ്റ്റിൽ അത്യുജ്വല വിജയം സ്വന്തമാക്കി. മൂന്നാം ടെസ്റ്റിലെ വീരോചിത സമനില കൂടി എത്തിയതോടെ ഓസ്‌ട്രേലിയൻ മണ്ണിൽ ഇന്ത്യയ്ക്ക് ചതിക്കുഴികൾ ഒന്നുമില്ലെന്നു വ്യക്തമായി. രണ്ടു ടീമുകളും ഓരോ വിജയം വീതം സ്വന്തമാക്കുകയും, ഒരു സമനില കൂടി എത്തുകയും ചെയ്തതോടെ ബ്രിസ്‌ബേനിലെ തീപാറുന്ന ഗാബാ പിച്ചിലെ പോരാട്ടം ഏറെ നിർണ്ണായകമായി.

എന്നാൽ, നാലാം ടെസ്റ്റിന് ഇറങ്ങിയ ഇന്ത്യൻ ടീം 11 അംഗ ടീം തികയ്ക്കാൻ പോലും കഷ്ടപ്പെട്ടു. പേസർമാരില്ലാതെ വന്നതോടെ പുതുമുഖങ്ങളായ മൂന്നു പേസർമാരെയാണ് ഇന്ത്യയ്ക്ക് ടീമിൽ എടുക്കേണ്ടി വന്നത്. നെറ്റ്‌സിൽ പന്തെറിയാൻ എത്തിയ തമിഴ്‌നാടിന്റെ ഇടംകയ്യൻ പേസർ ടി.നടരാജനെ പോലും ഇന്ത്യയ്ക്ക് ടീമിലെടുക്കേണ്ടി വന്നു.

ആദ്യ ഇന്നിംങ്‌സിൽ നന്നായി കളിച്ച ഓസ്‌ട്രേലിയ 369 എന്ന മികച്ച ടോട്ടൽ പടുത്തുയർത്തിയതോടെ ഇനി എന്താവും എന്നതായിരുന്നു ആകാംഷ. 186 റണ്ണിന് ഒന്നാം ഇന്നിംങ്‌സിൽ ആറു വിക്കറ്റ് നഷ്ടമായ ഇന്ത്യയ്ക്കു വേണ്ടി ഷാർദൂൽ താക്കൂറും വാഷിംങ്ടൺ സുന്ദറും ചേർന്നു നടത്തിയ ചെറുത്തുനിർപ്പ് ചരിത്രമായി മാറി. 336 എന്ന മികച്ച ടോട്ടലാണ് ഇന്ത്യയ്ക്കു വേണ്ടി ഇരുവരും ചേർന്ന് ഉയർത്തിയത്. മറുപടി ബാറ്റിംങിന് ഇറങ്ങിയ ഓസ്‌ട്രേലിയയെ മുഹമ്മദ് സിറാജിന്റെ അഞ്ചു വിക്കറ്റിന്റെ മികവിൽ 294 ൽ ഒതുക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു.

പിന്നീട് ഇറങ്ങിയ ഇന്ത്യൻ ടീം വിജയിക്കുക എന്ന നിശ്ചയ ദാർഢ്യത്തോടെ തന്നെയായിരുന്നു. മികച്ച രീതിയിൽ ബാറ്റ് ചെയ്ത ഇന്ത്യൻ ബാറ്റ്‌സ്മാൻമാർ എല്ലാം തന്നെ വിജയത്തിലേയ്ക്കു തന്നെയാണ് ബാറ്റ് വീശിയത്. നാലാം ദിനം നാലു റണ്ണിൽ ബാറ്റിംങ് അവസാനിപ്പിച്ച ഇന്ത്യയ്ക്ക് 14 റൺ കൂടി കൂട്ടിച്ചേർത്തപ്പോഴേയ്ക്കും രോഹിത് ശർമ്മയെ നഷ്ടമായി. ഏഴു റൺസ് മാത്രമായിരുന്നു രോഹിത്തിന്റെ ബാറ്റിലുണ്ടായിരുന്നത്. അതിവേഗം പിടിമുറുക്കി വിജയം പിടിച്ചെടുക്കാമെന്നു പ്രതീക്ഷിച്ചിരുന്ന ഓസീസ് പേസർമാരെ വെല്ലുവിളിച്ച് ഗില്ലും പൂജാരയും നിന്നും. 132 ൽ ഗിൽ മടങ്ങിയപ്പോൾ 91 റണ്ണുണ്ടായിരുന്നു ഈ യുവതാരത്തിന്റെ അക്കൗണ്ടിൽ.

പിന്നീട്, എത്തിയ ചേതേശ്വർ പൂജാരയും, ക്യാപ്റ്റൻ രഹാനയും ചേർന്നു സ്‌കോർ മുന്നോട്ടു നീക്കി. അപ്പോഴും സമനില മാത്രമായിരുന്നു ഇന്ത്യൻ ആരാധകരുടെ മനസിൽ. രഹാനയും (22 ബോളിൽ 24) മടങ്ങിയതോടെ പന്ത് എത്തി. പിന്നീട്, പന്തും പൂജാരയും ചേർന്നു മികച്ച രീതിയിൽ ഇന്ത്യയെ മുന്നോട്ടു നയിച്ചു.

228 റണ്ണിൽ നാലാം വിക്കറ്റായി പൂജാര (211 പന്തിൽ 56) മടങ്ങിയപ്പോഴേയ്ക്കും ഇന്ത്യ വിജയം ഉറപ്പിച്ചിരുന്നു. പിന്നീട് അതിവേഗം പന്തും മായങ്ക് അഗർവാളും (15 ബോളിൽ 9), 29 ബോളിൽ 22 റണ്ണെടുത്ത് വാഷിംങ് ടൺ സുന്ദറും ചേർന്ന് ഇന്ത്യയെ വിജയത്തിലേയ്ക്ക് എത്തുക്കുമെന്നു തോന്നി. ഇതിനിടെ സുന്ദറും അഗർവാളും അതിവേഗം മടങ്ങി. കഴിഞ്ഞ ഇന്നിംങ്‌സിലെ വീരനായ താക്കൂറും അതിവേഗം പോയതോടെ ഇന്ത്യ അൽപം ഭയന്നു. എന്നാൽ, 97 ആം ഓവറിന്റെ അവസാന പന്ത് ബൗണ്ടറിയിൽ എത്തിച്ച് പന്ത് വിജയം ഉറപ്പിച്ചു. തുടർച്ചയായ രണ്ടാം ഇന്നിംങ്‌സിലും മികച്ച പ്രകടനം നടത്തിയ പന്ത് 138 പന്തിൽ 89 റണ്ണെടുത്തിട്ടുണ്ട്.