പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് ടോസ്, ഫീൽഡിങ്; ഋഷഭ് പന്ത് കളിക്കുന്നില്ല
ദുബായ്: ഏഷ്യാകപ്പിലെ സൂപ്പർ പോരാട്ടത്തിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് ടോസ്. ടോസ് ലഭിച്ച ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ഫീൽഡിങ് തിരഞ്ഞെടുത്തു. ദിനേഷ് കാർത്തിക്കാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പർ. ഋഷഭ് പന്തിന് പ്ലേയിങ് ഇലവനിൽ സ്ഥാനം ലഭിച്ചില്ല. മൂന്നാം പേസറായി ആവേശ് ഖാനും ടീമിലുണ്ട്. വിരാട് കോലിയുടെ നൂറാം രാജ്യാന്ത ട്വന്റി20 മത്സരമാണ് ഇന്ന്.
പത്തു മാസം മുൻപ്, ഇതേ സ്റ്റേഡിയത്തിൽ ഏറ്റുവാങ്ങിയ പരാജയത്തിന് മറുപടി നൽകാൻ ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. 2021 ലോകകപ്പിലെ സൂപ്പർ 12 റൗണ്ടിലാണ് പാക്കിസ്ഥാനെതിരെ ഇന്ത്യ വലിയ പരാജയം ഏറ്റുവാങ്ങിയത്. അന്ന് ഇന്ത്യ കുറിച്ച 151 റൺസ് ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ 13 പന്ത് ബാക്കി നിർത്തിയാണ് പാക്കിസ്ഥാൻ മറികടന്നത്. ഐസിസി ലോകകപ്പ് മത്സരങ്ങളിൽ ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാന്റെ ആദ്യ ജയം കൂടിയായിരുന്നു അത്.
ക്യാപ്റ്റൻ രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ബാറ്റിങ് നിരയാണ് ഇന്ത്യയുടെ കരുത്ത്. ക്യാപ്റ്റൻ ബാബർ അസം നയിക്കുന്ന ബാറ്റിങ് നിരയിലാണു പാക്കിസ്ഥാന്റെ വിശ്വാസം. ഏഷ്യാ കപ്പിൽ ഇതുവരെ 14 തവണയാണ് ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയത്. അതിൽ 8 തവണയും ജയം ഇന്ത്യയ്ക്കൊപ്പമായിരുന്നു. 5 തവണ പാക്കിസ്ഥാൻ ജയിച്ചപ്പോൾ ഒരു മത്സരം ഉപേക്ഷിച്ചു. 2018ലാണ് ഏഷ്യാ കപ്പിലെ അവസാന ഇന്ത്യ–പാക്ക് പോരാട്ടം.
Whatsapp Group 1 | Whatsapp Group 2 |Telegram Group