
ഭോപ്പാല്‍ : ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം 19 മാസം പ്രായമായ കുഞ്ഞിന് കാഴ്ച നഷ്ടമായി. മധ്യപ്രദേശിലെ സാഗറിലാണ് സംഭവം. സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിച്ച കുട്ടിക്കാണ് കാഴ്ചനഷ്ടമായത്. ജലദോഷം, ചുമ, കണ്ണുകളില്‍ ചുവപ്പ് എന്നിവ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബന്ദ സിവില്‍ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിച്ച 19 മാസം പ്രായമുള്ള കുട്ടിയുടെ കാഴ്ചശക്തിയാണ് നഷ്ടപ്പെട്ടത്. ഭൂസ കമാല്‍പൂര്‍ ഗ്രാമത്തിലെ ഇന്ദ്രജ് വിശ്വകര്‍മ ഇക്കഴിഞ്ഞ മെയ് 29നാണ് തന്റെ മകനെ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിച്ചത്.
ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ കുട്ടിക്ക് ജലദോഷം, ചുമ, കണ്ണുകളില്‍ ചുവപ്പ് തുടങ്ങിയവ ഉണ്ടായിരുന്നതായി കുടുംബം പറഞ്ഞു. ഡ്യൂട്ടിയിലുണ്ടായിരുന്ന ശിശുരോഗ വിദഗ്ദ്ധനായ ഡോ. ഹിമാന്‍ഷു വര്‍മ്മയെ കാണിച്ചു. കുട്ടിയെ പരിശോധിച്ച ശേഷം ഡോക്ടര്‍ കണ്ണില്‍ ഒഴിക്കാനായി തുള്ളിമരുന്നും പാരസെറ്റമോള്‍ സിറപ്പ്, മറ്റ് മരുന്നുകള്‍, കുത്തിവയ്പ്പ് എന്നിവയും നിര്‍ദ്ദേശിച്ചു. എന്നാല്‍ ചികിത്സയ്ക്കിടെ കഫം നീക്കം ചെയ്യുന്നതിനുള്ള മരുന്ന് അബദ്ധത്തില്‍ കുട്ടിയുടെ കണ്ണുകളില്‍ ഒഴിച്ചതാണ് പ്രശ്നമായതെന്നാണ് ആരോപണം.
തുടർന്ന് കുട്ടിയുടെ നില വഷളായതോടെ എയിംസില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ ഡോക്ടര്‍മാര്‍ കുട്ടിയെ പരിശോധിക്കുകയും കുട്ടിയുടെ കാഴ്ചശക്തി പൂര്‍ണ്ണമായും നഷ്ടപ്പെട്ടതായി അറിയിക്കുകയുമായിരുന്നു. സംഭവത്തിന് ഉത്തരവാദികളായ ഡോക്ടര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും എതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ദ്രജ് വിശ്വകര്‍മ പരാതി നല്കി. പൊലീസും ആരോഗ്യ വകുപ്പും വിഷയത്തില്‍ പ്രത്യേകം അന്വേഷണം നടത്തുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group






