വനിതാ ഏഷ്യാ കപ്പ്: ബംഗ്ലാദേശിനെ മുട്ടുകുത്തിച്ച് ഇന്ത്യ, ബംഗ്ലാദേശിനെ പത്ത് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ഫൈനലിൽ

വനിതാ ഏഷ്യാ കപ്പ്: ബംഗ്ലാദേശിനെ മുട്ടുകുത്തിച്ച് ഇന്ത്യ, ബംഗ്ലാദേശിനെ പത്ത് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ഫൈനലിൽ

ധാംബുള്ള: വനിതാ ഏഷ്യാ കപ്പില്‍ ഇന്ത്യ ഫൈനലില്‍. സെമി ഫൈനലില്‍ ബംഗ്ലാദേശിനെ പത്ത് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ കടക്കുന്നത്. രണ്‍ഗിരി ധാംബുള്ള ഇന്റര്‍നാഷണല്‍ സ്‌റ്റേയിഡയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ രേണുക സിംഗ്, രാധാ യാദവ് എന്നിവരാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ 11 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ ഇന്ത്യ ലക്ഷ്യം മറികടന്നു. ശ്രീലങ്ക-പാകിസ്ഥാന്‍ മത്സരത്തിലെ വിജയികളെ ഇന്ത്യ ഞായറാഴ്ച്ച ഫൈനലില്‍ നേരിടും.


ഇന്ത്യന്‍ ഓപ്പണറും വൈസ് ക്യാപ്റ്റനുമായ സ്മൃതി മന്ദാനയാണ് (39 പന്തില്‍ 55) ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മന്ദാനയക്കൊപ്പം, സഹ ഓപ്പണര്‍ ഷെഫാലി വര്‍മ (28 പന്തില്‍ 26) പുറത്താവാതെ നിന്നു. 39 പന്തുകള്‍ നേരിട്ട മന്ദാന ഒരു സിക്‌സും ഒമ്പത് ഫോറും നേടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷെഫാലിയുടെ ഇന്നിംഗ്‌സില്‍ രണ്ട് ഫോറുകള്‍ ഉണ്ടായിരുന്നു. നേരത്തെ, ബംഗ്ലാദേശിന്റെ തുടക്കം തന്നെ പിഴച്ചു. 32 റണ്‍സെടുത്ത ക്യാപ്റ്റന്‍ നിഗര്‍ സുല്‍ത്താനയും 19 റണ്‍സുമായി പുറത്താകാതെ നിന്ന ഷോര്‍ന അക്തറും മാത്രമാണ് ബംഗ്ലാദേശ് നിരയില്‍ രണ്ടക്കം കടന്നത്.

ടോസിലെ ഭാഗ്യത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ബംഗ്ലാദേശിന് ആദ്യ ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. ഓപ്പണര്‍ ദിലാര അക്തറെ(6) പുറത്താക്കിയ രേണുകാ സിംഗാണ് ബംഗ്ലാദേശിന് ആദ്യ പ്രഹരമേല്‍പ്പിച്ചത്. തന്റെ രണ്ടാം ഓവറില്‍ ഇഷ്മാ താന്‍ജിമിനെ(8)യും മൂന്നാം ഓവറില്‍ മുര്‍ഷിദ ഖാതൂനിനെയും(4) വീഴ്ത്തി രേണുക ബംഗ്ലാദേശിനെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടു.

ക്യാപ്റ്റന്‍ നിഗര്‍ സുല്‍ത്താന പൊരുതി നിന്നെങ്കിലും കൂടെ പൊരുതാന്‍ ആരുമില്ലാതായി. പവര്‍ പ്ലേയില്‍ മൂന്ന് വിക്കറ്റ് നഷ്ടമായ ബംഗ്ലാദേശിന് പിന്നീട് നിലയുറപ്പിക്കാനായില്ല. റുമാന അഹമ്മദിനെ (1) രാധാ യാദവും റബേയ ഖാനെ (1) പൂജ വസ്ട്രക്കറും റിതു മോണിയെ(5) ദീപ്തി ശര്‍മയും പുറത്താക്കിയതോടെ 44-6ലേക്ക് കൂപ്പുകുത്തിയ ബംഗ്ലാദേശ് പതിനാറാം ഓവറിലാണ് 50 റണ്‍സ് പോലും കടന്നത്.

ഷോര്‍ണ അക്തറിനെ(19*) കൂട്ടുപിടിച്ച് ക്യാപ്റ്റന്‍ നിഗര്‍ സുല്‍ത്താന (51 പന്തില്‍ 32) നടത്തിയ ചെറുത്തുനില്‍പ്പാണ് ബംഗ്ലാദേശിനെ 80 റണ്‍സിലെത്തിച്ചത്. രേണുക സിംഗ് നാലോവറില്‍ 10 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് മൂന്ന് പേരെ പുറത്താക്കിയത്. രാധാ യാദവ് 14 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്.