കോട്ടയത്തിന് ഉണർവേകാൻ പുതിയ പദ്ധതി; ഇല്ലിക്കൽക്കല്ലും ഇലവീഴാപൂഞ്ചിറയും ടൂറിസം മാപ്പ് ഓഫ് ഇന്ത്യയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യം, മാണി സി.കാപ്പൻ എംഎൽഎയും ഫ്രാൻസീസ് ജോർജ് എംപിയും കേന്ദ്ര ടൂറിസം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപിക്ക് നിവേദനം നൽകി
പാലാ: പ്രകൃതിരമണീയമായ ഇല്ലിക്കൽക്കല്ലും ഇലവീഴാപൂഞ്ചിറയും ആരുടെയും മനംകവരും. ദൃശ്യഭംഗി ആസ്വദിക്കാൻ ഓരോ സീസണിലും ആയിരങ്ങളാണ് എത്തുന്നത്. സഞ്ചാരികളുടെ എണ്ണം വർർധിച്ചതോടെ ഇല്ലിക്കൽക്കല്ലും ഇലവീഴാപൂഞ്ചിറയും ടൂറിസം മാപ്പ് ഓഫ് ഇന്ത്യയിൽ ഉൾപ്പെടുത്തണമെന്നാണ് ആവശ്യം.
ഇക്കാര്യം ചൂണ്ടിക്കാട്ടി മാണി സി.കാപ്പൻ എം.എൽ.എയും ഫ്രാൻസീസ് ജോർജ് എം.പിയും കേന്ദ്ര ടൂറിസം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപിക്ക് നിവേദനം നൽകി. വിശുദ്ധ അൽഫോൻസാമ്മയുടെ കബറിടം സ്ഥിതി ചെയ്യുന്ന ഭരണങ്ങാനത്തെ പിൽഗ്രിം ടൂറിസം മാപ്പിൽ ഉൾപ്പെടുത്തണമെന്നും നിവേദനത്തിലുണ്ട്.
ആയിരക്കണക്കിന് ടൂറിസ്റ്റുകൾ സന്ദർശിക്കുന്ന വാഗമണ്ണിൽ നിന്നും യഥാക്രമം 11, 15 കിലോമീറ്ററുകൾ യാത്ര ചെയ്താൽ ഇല്ലിക്കൽക്കല്ലിലും ഇലവീഴാപൂഞ്ചിറയിലും എത്താം. പാലാ നിയോജകമണ്ഡലത്തിലാണ് രണ്ട് സ്ഥലങ്ങളും. ഹൈറേഞ്ച് ടൂറിസം പദ്ധതിയിൽപ്പെടുത്തിയാൽ കോട്ടയം ജില്ലയ്ക്ക് ആകമാനം വലിയ നേട്ടമായിരിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏഷ്യയിലെ ആദ്യ വിശുദ്ധ അൽഫോൻസാമ്മയുടെ കബറിടം, ശ്രീനാരായണ ഗുരുദേവന്റെ പാദസ്‌പർശമേറ്റ ഇടപ്പാടി ക്ഷേത്രം, പ്രസിദ്ധമായ ഏഴാച്ചേരി കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രം ഉൾപ്പെടെയുള്ള തീർത്ഥാടന ടൂറിസ്റ്റ് കേന്ദ്രങ്ങളും യാത്രാമദ്ധ്യേ സഞ്ചാരികൾക്ക് സന്ദർശിക്കാൻ കഴിയുമെന്ന പ്രത്യേകതയുമുണ്ട്.
വിദേശികൾക്ക് ഇഷ്ടപ്പെടുന്ന കാലാവസ്ഥയാണ് ഇല്ലിക്കൽകല്ലിലും ഇലവീഴാപൂഞ്ചിറയിലും എന്നതും ഏറെ ശ്രദ്ധേയമാണ്. കെ.എം.മാണി ധനകാര്യമന്ത്രിയായിരിക്കെ ആവിഷ്‌കരിച്ച പിൽഗ്രിം ടൂറിസം പദ്ധതി നിലവിലുണ്ട്.
രാമപുരം നാലമ്പലങ്ങൾ, വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ കബറിടം, കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രം, ഇടപ്പാടി ആനന്ദഷണ്മുഖക്ഷേത്രം, കടപ്പാട്ടൂർ മഹാദേവക്ഷേത്രം, ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, വിശുദ്ധ അൽഫോൻസമ്മയുടെ കബറിടം എന്നിവയെല്ലാം പദ്ധതിയിൽപ്പെടുന്നു.