ഞങ്ങള്‍ക്ക് ശ്വസിക്കാനാവുന്നില്ല, വീ കാന്റ് ബ്രീത്ത്..! കോട്ടയം ഉഴവൂരിലെ കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചനത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരം ഐഎഫ്എഫ്‌കെ വേദിയിലേക്കും; ഇന്ന് വൈകിട്ട് ആറ് മണിക്ക് ടാഗോര്‍ തിയേറ്ററില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ കൂട്ടായ്മ; ആഷിഖ് അബുവും മഹേഷ് നാരായണനും ഉള്‍പ്പെടെയുള്ളവര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രതിഷേധത്തോടൊപ്പം
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ ജാതി വിവേചനത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരം 27 -മത് ഐഎഫ്എഫ്‌കെ വേദിയിലേക്കും. ആഷിഖ് അബു, മഹേഷ് നാരായണന്‍, ജിയോ ബേബി, ബിജിബാല്‍, കമല് കെ എം, ഷഹബാസ് അമന്‍, എന്നിവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രതിഷേധത്തോടൊപ്പം ചേരും.
കഴിഞ്ഞ രണ്ട് ആഴ്ചയായി വിദ്യാര്‍ത്ഥികള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സമരത്തിലാണ്. wecantbreathe എന്ന ലോകപ്രശസ്ത പ്രതിരോധ മുദ്രാവാക്യമുയര്‍ത്തിയാണ് പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ ഇന്ന് വൈകീട്ട് ആറ് മണിക്ക് ടാഗോര്‍ തീയറ്ററില്‍ ഒത്ത് കൂടാനൊരുങ്ങുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം ഉഴവൂര്‍ കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍, ഇന്‍സ്റ്റിറ്റ്യൂട്ടിലെ താത്കാലിക തൊഴിലാളികളെ കൊണ്ട് അദ്ദേഹത്തിന്റെ വീട്ടു ജോലി നിര്‍ബന്ധിച്ച് ചെയ്യിച്ചു എന്ന വെളിപ്പെടുത്തല്‍ വന്നതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥികള്‍ ഇന്‍സ്റ്ററ്റിയൂട്ടില്‍ സമരം ആരംഭിച്ചത്. ഇന്‍സ്റ്റിറ്റ്യൂട്ട് ജോലിക്കാരെ ഉപയോഗിച്ച് വീട്ട് ജോലി ചെയ്യിച്ച ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ രാജിവയ്ക്കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.
ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജോലിക്ക് ശേഷം വീട്ട് ജോലിക്കെത്തിയില്ലെങ്കില്‍ പിരിച്ചുവിടുമെന്നാണ് സ്വീപ്പര്‍മാരെ അറിയിച്ചിരുന്നത്. വീടിന് പുറത്തെ ശുചിമുറിയില്‍ നിന്ന് കുളിച്ചതിന് ശേഷം മാത്രമേ ഇവരോട് ഡയറക്ടറുടെ വീട്ടില്‍ കയറാന്‍ പാടൊള്ളൂവെന്നും എന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. ഈ വെളിപ്പെടുത്തല്‍ വന്നതിന് പിന്നാലെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിയമവിരുദ്ധമായ പല കാര്യങ്ങളും ഡയറക്ടര്‍ ചെയ്യുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു.