Spread the love

ഇടുക്കി: നെടുങ്കണ്ടത്ത് അമ്മയേയും സഹോദരനേയും കൊലപ്പെടുത്തി കുഴിച്ചുമൂടി പിന്നാലെ
ഇറച്ചി പാകംചെയ്ത് കഴിച്ചു.പ്രതി സജിയെക്കുറിച്ച് പുറത്തുവരുന്നത് നടുക്കുന്ന വിവരങ്ങൾ.

video
play-sharp-fill

സജിയുടെ മനസ്സ് കല്ലാണെന്നും അവൻ തന്നെയാണ് ഈ ക്രൂരകൃത്യം ചെയ്തതെന്നും സഹോദരി സിനി പറയുന്നു. സജിയുടെ അച്ഛനെ വർഷങ്ങൾക്ക് മുൻപ് കാണാതായ സംഭവത്തിലും ഇപ്പോൾ സംശയങ്ങൾ ഉയരുന്നുണ്ട്.

സജിയുടെ അമ്മ മേരിക്കുട്ടിയും സഹോദരൻ റെജിയും കൊല്ലപ്പെട്ടിട്ട് ഏകദേശം 25 ദിവസത്തോളമായെന്നാണ് കരുതപ്പെടുന്നത്. ഈ ദിവസങ്ങളത്രയും ഒന്നുമറിയാത്ത മട്ടിൽ സജി വീട്ടിൽത്തന്നെയുണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലഹരിക്കടിമയായ സജി മദ്യപിച്ചുവന്നാൽ വീട്ടിൽ നിരന്തരം വഴക്കുണ്ടാക്കുമായിരുന്നുവെന്നാണ് സഹോദരി സിനി പറയുന്നത്. ഒരിക്കൽ സഹോദരനുമായുണ്ടായ വഴക്കിനിടെ പിടിച്ചുമാറ്റാൻ വന്ന അമ്മയെ സജി തല്ലിയതായും സിനി വെളിപ്പെടുത്തി.

വീട്ടിൽ കയറിയാൽ കൊന്നുകളയുമെന്ന് സജി സിനിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്ന് കഴിഞ്ഞ ഒരുവർഷമായി വീട്ടിലേക്ക് പോയിട്ടില്ലെന്നും സിനി പറയുന്നു.

അമ്മയേയും സഹോദരനേയും കാണാതായതിനെക്കുറിച്ച് ചോദിച്ചവരോടൊക്കെ സജി കള്ളമാണ് പറഞ്ഞിരുന്നത്. അമ്മയെ മെഡിക്കൽ കോളേജിൽ കൊണ്ടുപോയെന്നും സഹോദരി സിനിയുടെ വീട്ടിലാണെന്നും മാറിമാറിപ്പറഞ്ഞ് സജി എല്ലാവരേയും വിശ്വസിപ്പിച്ചു.

എന്നാൽ, രോഗിയായ മേരിക്കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാറുള്ള ഓട്ടോറിക്ഷക്കാരെ ബന്ധപ്പെട്ടപ്പോഴാണ് സജി പറഞ്ഞത് കള്ളമാണെന്ന് വ്യക്തമായത്.

തുടർന്ന് സിനി പോലീസിനെ വിവരമറിയിച്ചു. തന്റെ അമ്മയെയും സഹോദരനെയും കാണാനില്ലെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് വണ്ടൻമേട് പോലീസ് സ്റ്റേഷനിലേക്ക് ഒരു സന്ദേശം അയച്ചു.

വണ്ടൻമേട് പോലീസ് ഈ വിവരം നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലേക്ക് കൈമാറി. തുടർന്ന് അന്ന് വൈകുന്നേരംതന്നെ സിനി നേരിട്ട് നെടുങ്കണ്ടം സ്റ്റേഷനിൽ എത്തി നടന്ന കാര്യങ്ങളെല്ലാം വിവരിക്കുകയും രേഖാമൂലം പരാതി നൽകുകയും ചെയ്തു.

ഈ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണത്തിനായി വീട്ടിലെത്തിയപ്പോഴാണ് സജി ഓടി രക്ഷപ്പെടാൻ ശ്രമിച്ചത്.

ലഹരിക്ക് പണം കണ്ടെത്താനായി വീട്ടിലെ സാധനങ്ങളും കുരുമുളകും കാപ്പിക്കുരുവുംവരെ സജി വിറ്റിരുന്നു. കൂടാതെ, തന്റെ കല്യാണമാണെന്ന് കള്ളംപറഞ്ഞ് ഒരാളിൽനിന്ന് പണം കടംവാങ്ങി കൂട്ടുകാരുമൊത്ത് മദ്യപിച്ചതായും വിവരമുണ്ട്.

അച്ഛനെ കണ്ടെത്താനുള്ള ശ്രമങ്ങളിൽ സജി സഹകരിച്ചിരുന്നില്ലെന്ന് സഹോദരി പറയുന്നു. അച്ഛനും സജിയും തമ്മിൽ ലഹരി ഉപയോഗത്തെച്ചൊല്ലി നിരന്തരം വഴക്കുണ്ടായിരുന്നു. അമ്മയേയും സഹോദരനേയും കൊലപ്പെടുത്തിയതുപോലെ അച്ഛന്റെ തിരോധാനത്തിന് പിന്നിലും സജി തന്നെയാണോ എന്ന കാര്യത്തിൽ വ്യക്തത വരുത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.