
ജീവിതശൈലി രോഗങ്ങളുടെ പട്ടികയിൽ ഏറ്റവും മുകളിൽ നിൽക്കുന്ന രോഗം രക്തസമ്മർദ്ദം ; രാജ്യത്ത് ഒരിക്കൽ പോലും ബിപി പരിശോധിച്ചിട്ടില്ലാത്തത് 30 ശതമാനം ആളുകൾ ; മറ്റ് ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാമെന്ന് ഗവേഷകർ
സ്വന്തം ലേഖകൻ
ഇന്ത്യയിൽ മുപ്പതു ശതമാനം ആളുകൾ ഒരിക്കൽ പോലും അവരുടെ രക്തസമ്മർദ്ദത്തിന്റെ നില പരിശോധിച്ചിട്ടില്ലെന്ന് റിപ്പോർട്ട്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്-നാഷണൽ സെന്റർ ഫോർ ഡിസീസ് ഇൻഫോർമാറ്റിക്‌സ് റിസർച്ച് പുറത്തുവിട്ട് റിപ്പോർട്ടിലാണ് ഇക്കാര്യം വിദശമാക്കുന്നത്. രാജ്യത്ത് കുതിച്ചുയരുന്ന ജീവിതശൈലി രോഗങ്ങളുടെ പട്ടികയിൽ ഏറ്റവും മുകളിൽ നിൽക്കുന്ന രോഗമാണ് രക്തസമ്മർദ്ദം.
ജീവിതശൈലിയിലെ മാറ്റവും ഭക്ഷണരീതിയുമെല്ലാം രക്തസമ്മർദ്ദത്തിലെ ഏറ്റക്കുറച്ചിലുകൾക്ക് കാരണമാകും. കൃത്യമായി പരിശോധിക്കത്തതും രോദഗനിർണയം വൈകുന്നതും ആരോഗ്യം മോശമാക്കും. രാജ്യത്ത് 30 ശതമാനം ആളുകൾ തങ്ങളുടെ രക്തസമ്മർദ്ദ നില ഒരിക്കലും പരിശോധിക്കാത്തതിനെ നിസാരമായി കാണാൻ കഴിയില്ലെന്ന് ഗവേഷകർ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

40 വയസ്സിനു മുകളിലുള്ളവർ വർഷത്തിലൊരിക്കലെങ്കിലും രക്തസമ്മർദ നില പരിശോധിച്ചിരിക്കണം. അപകടസാധ്യതാവിഭാഗത്തിലല്ലാത്ത 18 വയസ്സിനും 40നും ഇടയിൽ പ്രായമുള്ളവർ ഓരോ മൂന്നു മുതൽ അഞ്ചുവർഷത്തിനിടയിലും പരിശോധിച്ചിരിക്കണമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഹൈപ്പർടെൻഷൻ രോഗികൾ മാസത്തിലൊരിക്കലെങ്കിലും രക്തസമ്മർദത്തിന്റെ നില പരിശോധിക്കണമെന്നും വിദഗ്ധർ പറയുന്നു.
കൂടാതെ 34 ശതമാനം ഇന്ത്യക്കാരും രക്തസമ്മർദ്ദം ഉയരുന്നതിന് തൊട്ടുമുമ്പുള്ള അവസ്ഥയിലാണെന്നും പഠനത്തിൽ പറയുന്നു. അതായത് സാധാരണ രക്തസമ്മർദ്ദത്തിനും ഉയർന്ന രക്തസമ്മർദത്തിനും ഇടയിൽ തോത് തുടരുന്നവർ. ഇതു പരിശോധിക്കാതെ പോവുകവഴി രക്തസമ്മർദ്ദം ഉയർന്ന് മറ്റ് ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാമെന്നും ഗവേഷകർ പറയുന്നു.
പതിനെട്ടിനും അമ്പത്തിനാലിനും ഇടയിൽ പ്രായമുളള 7,43,067 പേരുടെ ആരോഗ്യവിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. അമിതവണ്ണം, പൊണ്ണത്തടി തുടങ്ങിയവ ഉള്ളവരിൽ ഹൈപ്പർടെൻഷൻ കൂടുതലാണെന്ന് കണ്ടെത്തി. ഹൈപ്പർടെൻഷൻ പലപ്പോഴും ഹൃദ്രോഗങ്ങളിലേക്ക് നയിക്കുന്നതിനാൽ കൂടുതൽ കരുതലോടെ സമീപിക്കേണ്ട വിഷയമാണെന്നും ഗവേഷകർ പറയുന്നു.