ബിരിയാണിയിൽ കോഴിമുട്ടയും പപ്പടവുമില്ല; തിരുവനന്തപുരത്ത് ഹോട്ടൽ ഉടമകളായ ദമ്പതികൾക്ക് ക്രൂര മർദ്ദനം ; കൈ കഴുകുന്ന സ്ഥലം വൃത്തിയില്ലെന്ന് ആരോപിച്ചുകൊണ്ട് യുവതിയുമായി കയർക്കുകയും പിന്നീട് മുഖത്തടിക്കുകയും ചെയ്തു; പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ബിരിയാണിയിൽ കോഴിമുട്ടയും പപ്പടവും ഇല്ലെന്നാരോപിച്ച് ഹോട്ടൽ ഉടമകളായ ദമ്പതികൾക്ക് ക്രൂര മർദനം. ചൂണ്ടലിൽ കറി ആൻഡ് കോ. ഹോട്ടൽ നടത്തുന്ന തിരുവനന്തപുരം സ്വദേശി സുധി, ഭാര്യ ദിവ്യ എന്നിവർക്കാണ് മർദനമേറ്റത്.
ഇന്നലെ വൈകിട്ട് 3 മണിയോടെയായിരുന്നു സംഭവം. പുതുശ്ശേരി സ്വദേശിയായ യുവാവ് ദമ്പതികളുടെ ഹോട്ടലിലെത്തി ബിരിയാണി ആവശ്യപ്പെട്ടിരുന്നു. ബിരിയാണിക്ക് കോഴിമുട്ടയും പപ്പടവും വേണമെന്നാവശ്യപ്പെട്ടതോടെ ദിവ്യ ഇത് നൽകി. പിന്നീട് കൈ കഴുകുന്ന സ്ഥലം വൃത്തിയില്ലെന്ന് ആരോപിച്ചുകൊണ്ട് യുവതിയുമായി കയർക്കുകയും പിന്നീട് മുഖത്തടിക്കുകയും ചെയ്തതായി പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ സംഭവം സുധി ചോദ്യം ചെയ്തതോടെ ആക്രമി ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും പുറകെ ഓടിയ സുധിയെ ഇരുമ്പ് പൈപ്പ് എടുത്ത് തലയ്ക്ക് അടിച്ചു വീഴ്ത്തുകയുമായിരുന്നു.
ഇരുമ്പ് പൈപ്പ് കൊണ്ട് തലക്കേറ്റ അടിയിൽ ഗുരുതരമായി പരുക്കേറ്റ സുധിയെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തലയിൽ ആഴത്തിൽ പരുക്കേറ്റതിനെത്തുടർന്ന് എട്ടോളം തുന്നലുകളുണ്ട്.
സംഭവത്തിൽ ചൂണ്ടൽ പുതുശ്ശേരി സ്വദേശിയാണ് തങ്ങളെ മർദ്ദിച്ചതെന്ന് കാണിച്ച് ഇരുവരും കുന്നംകുളം പൊലീസിൽ പരാതി നൽകി. ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയ പൊലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചു.