മലപ്പുറത്ത് ഹോം നഴ്സിന്റെ കൊലപാതകം: പ്രതി ലക്ഷ്യമിട്ടത് അവിഹിത ബന്ധവും മോഷണവും; മോഷ്ടിച്ച ആഭരണങ്ങൾ വിറ്റത് ആർഭാട ജീവിതത്തിന്

മലപ്പുറത്ത് ഹോം നഴ്സിന്റെ കൊലപാതകം: പ്രതി ലക്ഷ്യമിട്ടത് അവിഹിത ബന്ധവും മോഷണവും; മോഷ്ടിച്ച ആഭരണങ്ങൾ വിറ്റത് ആർഭാട ജീവിതത്തിന്

സ്വന്തം ലേഖകൻ

മലപ്പുറം: തനിച്ച് താമസിക്കുന്ന സ്ത്രീകൾക്കും വയോധികർക്കും ജനമൈത്രി പൊലീസ് സംരക്ഷാ മുൻകരുതലുകൾ നൽകിയിട്ടുണ്ടെങ്കിലും പലപ്പോഴും ഇത്തരം സ്ഥലങ്ങളിൽ ക്രിമിനൽ ബുദ്ധിയോടെ എത്തുക ബന്ധുക്കളോ സുഹൃത്തുക്കളോ പരിചയക്കാരോ ആവും. സംസ്ഥാനത്ത് നിരന്തരം ആവർത്തിക്കുന്ന ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് സൂചിപ്പിക്കുന്നത് ഒറ്റയ്ക്ക് താമസിക്കുന്ന ആളുകളുടെ ജാഗ്രത കുറവ് തന്നെയാണ്. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ നടന്ന ഇത്തരം  കൊല പാതകങ്ങളിലും മോഷണങ്ങളിലും തൊണ്ണൂറ് ശതമാനത്തിലും പ്രതി ചേർക്കപ്പെട്ടത് ബന്ധുക്കളോ സുഹൃത്തുക്കളോ അടുപ്പക്കാരോ ആണെന്നത് ഇതിന്റെ ഗൗരവം വർധിപ്പിക്കുന്നു.
കഴിഞ്ഞ ദിവസം മലപ്പുറം വളാഞ്ചേരിയിൽ തനിച്ച് താമസിച്ച ഹോം നഴ്സും കൊലക്കത്തിക്ക് ഇരയായത് സമാന രീതിയിൽ തന്നെയായിരുന്നു. തിരുവനന്തപുരം മാണിക്യവിളാകം പൂന്തുറ സ്വദേശി സൂഫില മന്‍സിലില്‍ റഫീഖിന്റെ ഭാര്യ നബീസത്തിനെ (52 ) വൈക്കത്തൂരിലെ വാടക ക്വാര്‍ട്ടേഴ്സില്‍ വെച്ച്‌ കൊലപ്പെടുത്തിയ പ്രതി കല്‍പ്പകഞ്ചേരി വെട്ടിച്ചിറ പുന്നത്തല സ്വദേശി കരിങ്കപ്പാറ വീട്ടില്‍ അബ്ദുല്‍ സലാം(37 ) ഇവരുടെ സുഹൃത്തായിരുന്നു. കേസിലെ പ്രതിയായ അബ്ദുൾ സലാമുമായി വളാഞ്ചേരി പൊലീസ് കൊലപാതകം നടന്ന സ്ഥലത്ത് തെളിവെടുപ്പ് നടത്തി.
ഒളിവില്‍പോയിരുന്ന പ്രതിയെ സംഭവമറിഞ് 48 മണിക്കൂറിനുള്ളില്‍ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞു. പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച്‌ തെളിവെടുപ്പ് നടത്തി. ഈ മാസം 9 നാണ് നബീസത്തിനെ വീടിനുള്ളില്‍ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.നാല് ദിവസം പഴക്കമുള്ള ജീര്‍ണ്ണിച്ച്‌ പുഴുവരിച്ചു തുടങ്ങിയ മൃതദേഹത്തില്‍ കഴുത്തില്‍ തുണി കുരുക്കിയതായി കണ്ടത് പൊലീസിന് സംശയത്തിന് ഇടനല്‍കിയിരുന്നു.
വൈക്കത്തൂരില്‍ വാടകക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന നഫീസത്ത് വളാഞ്ചേരിയില്‍ ഹോംനഴ്‌സിങ് ഏജന്‍സി നടത്തുകയായിരുന്നു. വെട്ടിച്ചിറയിലെ ഒരു ഹോട്ടലില്‍ തൊഴിലാളിയായിരുന്നു അറസ്റ്റിലായ അബ്ദുള്‍സലാം. ഹോട്ടലിലും ഹോം നഴ്സിങ്ങ് സ്ഥാപനത്തിലും എത്തിയാണ് ഇരുവരും പരിചയത്തിലായത്. തുടർന്ന് പ്രതി കൊല്ലപ്പെട്ട നഫീസത്തിനെ നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നു. തുടർന്ന് നഫീസത്തിനോട് തന്റെ അവിഹിത താല്പര്യം പ്രതി തുറന്ന് പറയുകയായിരുന്നു. ഇതിനെ എതിർത്തതോടെ മോഷണത്തിന് പ്രതി പദ്ധതി തയ്യാറാക്കുകയായിരുന്നു. ഒമ്പതിനാണ് നഫീസത്തിന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയ നിലയിൽ കണ്ടെത്തിയത്. അഞ്ചിന് ഇവിടെ അപരിചിതനായ ഒരാൾ എത്തിയിരുന്നതായി അയൽവാസികൾ പൊലീസിന് മൊഴി നൽകിയിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിച്ചത്. അഞ്ചിന് വീട്ടിലെത്തിയ പ്രതി അവിഹിതത്തിന് നിർബന്ധിച്ചെങ്കിലും നഫീസത്ത് വഴങ്ങിയില്ല. തുടർന്ന് രാത്രി മടങ്ങിയെത്തിയ പ്രതി നഫീസത്തിനെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇവിടെ നിന്നും ആഭരണങ്ങളും മൂവായിരം രൂപയും രണ്ട് മൊബൈൽ ഫോണുകളും മോഷ്ടിച്ച് സ്ഥലം വിട്ടു. മൊബൈൽ ഫോണുകൾ വെട്ടിച്ചിറയിലും തിരൂരിലും , ആഭരണങ്ങൾ വളാഞ്ചേരിയിലെ കടയിലും വിറ്റു. തുടർന്ന് വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞു. ഇതിനിടെയാണ് പ്രതി പൊലീസ് പിടിയിലായത്.