പല സ്ഥലങ്ങളിൽ എത്തിച്ചു പീഡിപ്പിച്ചു; ഗർഭിണിയായപ്പോൾ അബോർഷനും നടത്തി; വളയിടീൽ ചടങ്ങിൽ നൽകിയത് ഐ ഫോണും ലക്ഷങ്ങളും; ഒടുവിൽ വരൻ വിവാഹത്തിൽ നിന്നും പിന്മാറിയതോടെ റംസിയ്ക്കു ആത്മഹത്യയല്ലാതെ മറ്റൊരു മാർഗവുണ്ടായിരുന്നില്ല; റംസിയുടെ ആത്മഹത്യയ്ക്കു പിന്നിൽ ബന്ധുവായ സീരിയൽ നടിയുടെ സ്വാധീനവും

സ്വന്തം ലേഖകൻ

കൊല്ലം: വിവാഹത്തിൽ നിന്നും വരൻ പിന്മാറിയതിന് പിന്നാലെ യുവതി ആത്മഹത്യ ചെയ്തതിന്റെ ഞെട്ടലിൽ നിന്നും ഇതുവരെ കേരളക്കര മുക്തമായിട്ടില്ല. എനിക്ക് കുറച്ച് കടമുണ്ട്.. അത് വീട്ടാനാണ് ഈ വിവാഹം കഴിക്കുന്നത്.

ആറുമാസം കഴിയുമ്പോൾ അവളെ ഞാൻ ഡിവോഴ്‌സ് ചെയ്യും. അതിന് ശേഷം നിന്നെ ഞാൻ വിവാഹം കഴിച്ചു കൊള്ളാം. രണ്ടു പേരെയും എനിക്ക് ഉപേക്ഷിക്കാൻ കഴിയില്ല. പ്രതിശ്രുത വരൻ റംസിയോട് ദിവസങ്ങൾക്ക് മുൻപ് ഫോണിൽ സംസാരിച്ചത് ഇങ്ങനെയാണ്. ഇതാണ് കൊട്ടിയത്ത് 24കാരിയെ ആത്മഹത്യയിലേക്ക് തള്ളി വിട്ടതും.

തുടക്കത്തിൽ ഇതു വെറുമൊരു ആത്മഹത്യയാക്കാൻ ശ്രമം നടക്കുന്നതിനിടെയാണ് തെളിവുകൾ പുറത്തു വന്നത്. അടുത്തിടെയാണ് ഹാരിഷ് പോളയത്തോട് സ്വദേശിനിയായ പെൺകുട്ടിയെ പരിചയപ്പെട്ടതെന്നാണ് റംസി സഹോദരി അൻസിയോട് പറഞ്ഞിരുന്നത്.

ആദ്യമൊക്കെ ഹാരിഷ് മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ പോകുകയാണ് എന്ന് പറഞ്ഞിരുന്നത്. എന്നാൽ ഇത് വെറുമൊരു തമാശയായിട്ടാണ് റംസി കരുതിയത്. എന്നാൽ പിന്നീടാണ് പറഞ്ഞത് കാര്യമാണ് എന്ന് മനസ്സിലായത്.

പോളയത്തോടുകാരിയായ പെൺകുട്ടിയെ ഹാരിഷ് പരിചയപ്പെടുന്നത് ഫോൺ മുഖേനെയാണ്. വർക്ക്‌ഷോപ്പ് തുടങ്ങി കടം കയറിയ ഹാരിഷ് സാമ്പത്തിക ഭദ്രതയുള്ള ഈ പെൺകുട്ടിയെ വളച്ചെടുത്ത് വിവാഹം കഴിക്കാമെന്നായിരുന്നു ഉദ്ദേശം. അങ്ങനെ പെൺകുട്ടിയെ പ്രണയത്തിലാക്കുകയും വിവാഹം കഴിക്കാമെന്ന് അറിയിക്കുകയും ചെയ്തു.

തുടർന്ന് ഹാരിഷ് മാതാപിതാക്കളോട് ഇക്കാര്യം പറയുകയായിരുന്നു. റംസിയുടെ വീട്ടിൽ സാമ്പത്തികമില്ലാത്തതിനാൽ അവർക്ക് പുതിയ ബന്ധത്തിൽ താൽപര്യവുമുണ്ടായി.

തുടർന്ന് വിവാഹത്തിനായുള്ള ആലോചനകൾ നടത്തി. ഇതിനിടയിലാണ് റംസിയോട് ഈ വിവരങ്ങൾ ഹാരിഷ് പറയുന്നത്. ഒന്നര വർഷം മുൻപ് വിവാഹം ഉറപ്പിച്ച് വളയിടീലും കഴിഞ്ഞിട്ടാണ് ഹാരിഷ് വിവാഹത്തിൽ നിന്നും പിന്മാറാൻ റംസിയോട് പറയുന്നത്.

മാത്രമല്ല, പല സ്ഥലങ്ങളിലും കൊണ്ടു പോകുകയും ഗർഭിണിയാകുകയും ചെയ്തപ്പോൾ അബോർഷൻ വരെ നടത്തി. കൂടാതെ റംസിയുടെ പേരിൽ വിവിധ സ്വകാര്യ ധന ഇടപാട് സ്ഥാപനങ്ങളിൽ നിന്നും പണം ലോണെടുത്തിട്ടുമുണ്ട്. എന്നാൽ റംസി കാലു പിടിച്ചു കരഞ്ഞിട്ടും ഹാരിഷ് തീരുമാനത്തിൽ നിന്നും പിന്മാറിയില്ല.

ഒന്നര വർഷം മുൻപ് നടത്തിയ വളയിടീൽ ചടങ്ങിൽ മീൻ കച്ചവടക്കാരനായ റംസിയുടെ പിതാവ് റഹീം ഐഫോൺ9, ഒന്നര ലക്ഷം രൂപയോളം വിലവരുന്ന റാഡോ വാച്ച്, പണം എന്നിവ ഹാരിഷിന് നൽകിയിരുന്നു. പിന്നീട് പള്ളിമുക്കിൽ കാർ വർക്കഷോപ്പ് തുടങ്ങാനായും പണം നൽകി. ഇതിനൊക്കെ പുറമേ ആയിരുന്നു സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ നിന്നും ലോൺ എടുപ്പിച്ചതും.

ഇത്തരത്തിൽ എല്ലാവിധത്തിലും ചൂഷണം ചെയ്ത ശേഷമാണ് ഹാരിഷ് പെൺകുട്ടിയെ നിസ്സാരമായി ഉപേക്ഷിച്ചത്. ഇതിന് എല്ലാ ഒത്താശയും ചെയ്തുകൊടുത്തത് മാതാവ് ആരിഫയാണ്. കൂടാതെ ഹാരിഷിന്റെ സഹോദരന്റെ ഭാര്യയായ സീരിയൽ നടി ലക്ഷ്മി പ്രമോദ് നിരവധി തവണ റംസിയെ ഷൂട്ടിങ് ലൊക്കേഷനുകളിൽ വിളിച്ചു കൊണ്ടു പോയിട്ടുണ്ട്.

ഷൂട്ടിങ്ങ് ലൊക്കേഷനിലേക്ക് കൊണ്ടുപോവുകയാണെന്ന് പറഞ്ഞ് ഹാരിഷിനൊപ്പം ദിവസങ്ങളോളം പറഞ്ഞു വിട്ടിട്ടുമുണ്ട്. നടിയുടെ നേതൃത്വത്തിലാണ് റംസിയുടെ മൂന്ന് മാസമായ ഗർഭം അലസിപ്പിച്ചത്. ഗർഭം അലസിപ്പിക്കാനായി അടുത്തുള്ള ജമാഅത്തിന്റെ വ്യാജ വിവാഹ സർട്ടിഫിക്കറ്റും ഇയാൾ നിർമ്മിച്ചിരുന്നു.

സംഭവുമായി ബന്ധപ്പെട്ട് കൊട്ടിയം എസ്.എച്ച.ഒ ദിലീഷിന്റെ നേതൃത്വത്തിൽ എസ്‌ഐമാരായ അമൽ, അൽത്താഫ്, അഷ്ടമൻ എന്നിവർ ഹാരിഷിനെ അറസ്റ്റ് ചെയ്തിരുന്നു. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കണ്ടെത്തിയത് സൈബർ സെൽ എസ്‌ഐ അനിൽകുമാറാണ്.

വൈകുന്നേരം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതിന് ശേഷം കൂടുതൽ ചോദ്യം ചെയ്യാനും തെളിവെടുപ്പ് നടത്താനുമായി കസ്റ്റഡിയിൽ വാങ്ങും. സീരിയൽ നടി ലക്ഷ്മി പ്രമോദിനെയും ആരിഫയേയും ചോദ്യം ചെയ്യാനായി പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്.