
തിരുവനന്തപുരം: കിഫ്ബിയെ പൊളിച്ചെഴുതാൻ ഒരുങ്ങി യുഡിഎഫ് സർക്കാർ.
അതിന്റെ പ്രാരംഭ നടപടികളിലേക്ക് യുഡിഎഫ് സർക്കാർ ഉടൻ കടന്നേക്കും .
എന്തൊക്കെ മാറ്റങ്ങൾ വരുത്തണമെന്ന കാര്യം പഠിക്കാൻ ഒരു സമിതിയെ നിയോഗിക്കാനാണ് സാധ്യത.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ സർക്കാരിൽ നിന്ന് വ്യത്യസ്തമായി ബജറ്റിനുള്ളിൽ നിന്നുകൊണ്ട് കിഫ്ബിയുടെ ചില പദ്ധതികൾ യുഡിഎഫ് അവരുടെ ആദ്യ ബജറ്റിൽ പ്രഖ്യാപിച്ചേക്കും.
കിഫ്ബിയുടെ രൂപീകരണം മുതൽ അടിസ്ഥാന പിഴവുകൾ ഉണ്ടെന്നാണ് ധവള പത്രത്തിൽ പറയുന്നത്.
കിഫ്ബി ഒരു സാമ്രാജ്യമായിരുന്നു എന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ നിന്നു തന്നെ ഒരു കാര്യം വ്യക്തമാണ്,ആ സംവിധാനത്തെ പൊളിച്ചെഴുതും.
മാറ്റങ്ങൾ എങ്ങനെ വേണമെന്ന ചില നിർദ്ദേശങ്ങൾ ധവള പത്രത്തിൽ ഉണ്ട്.
കിഫ്ബിയെ ബജറ്റ് നിയന്ത്രണത്തിന് കീഴിൽ കൊണ്ടുവരണം,ഉടനടി സി എജി പെർഫോമൻസ് ഓഡിറ്റ് നടത്തണം കിഫ്ബിയുടെ ഭാവിയെക്കുറിച്ച് വൈകാതെ തീരുമാനമെടുക്കണമെന്ന ശിപാർശയുമുണ്ട്.
മാറ്റങ്ങൾ ഉണ്ടാകുമെന്ന് സൂചന മുഖ്യമന്ത്രി ഇതിനോടകം തന്നെ നൽകി കഴിഞ്ഞു.
എങ്ങനെ മാറ്റങ്ങൾ കൊണ്ടുവരണമെന്ന് തീരുമാനമെടുക്കാൻ ഒരു സമിതിയെ നിയോഗിച്ചേക്കും.
നിയമനങ്ങളിൽ സമഗ്ര പരിശോധന നടത്താനാണ് ആദ്യ ആലോചന. വിരമിച്ച ഉദ്യോഗസ്ഥരുടെ പുനർനിയമനങ്ങൾ റദ്ദാക്കിയേക്കും.
അത്യാവശ്യ ജീവനക്കാരെ മാത്രം നിലനിർത്തും. സാങ്കേതിക പരിജ്ഞാപനം വേണ്ട ഉയർന്ന തസ്തികയിലേക്ക് സർവീസിൽ ഉള്ളവരെ പരിഗണിക്കാനാണ് ആലോചന.
കിഫ് ബി വരുമാനം കിട്ടുന്ന പദ്ധതികളിലേക്ക് തിരിയണമെന്ന അഭിപ്രായമാണ് സർക്കാരിന് നിലവിലുള്ളത്.
അതനുസരിച്ചുള്ള മാറ്റങ്ങളും ഉണ്ടാകും.എന്തായാലും ജൂൺ 19ന് വി.ഡി സതീശൻ അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റിൽ കിഫ്ബിയെ അധികം താങ്ങിയുള്ള പദ്ധതി പ്രഖ്യാപനങ്ങൾ ഉണ്ടാകില്ല.







