
കൊച്ചി: ഇരുകൈകളും നഷ്ടപ്പെട്ടിട്ടും ഒരിക്കലും വോട്ട് ചെയ്യുന്നത് മുടക്കാത്ത ജോസഫിന് ഇത്തവണ വോട്ടവകാശം ഉപയോഗിക്കാൻ കഴിഞ്ഞില്ല.
തൃപ്പൂണിത്തുറ ഉദയംപേരൂർ കല്ലുപറമ്പില്‍ കെ ജി ജോസഫ് (68) വർഷങ്ങളായി കാല്‍ വിരല്‍ കൊണ്ടാണ് വോട്ട് രേഖപ്പെടുത്തുന്നത്. എന്നാല്‍ ഇത്തവണ, കാത്തിരിപ്പും പ്രതീക്ഷയും നിരാശയായി മാറി.
വീട്ടിലെത്തി വോട്ട് ചെയ്യിക്കാമെന്ന് ദിവസങ്ങള്‍ക്ക് മുൻപ് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. അതിനായി കാത്തിരുന്നെങ്കിലും അവർ എത്തിയില്ല. ലോട്ടറി വില്പന നടത്തി ജീവിക്കുന്നതിനാല്‍ രാവിലെ 9.30 കഴിഞ്ഞാല്‍ വീട്ടില്‍ ഉണ്ടാകില്ലെന്ന് മുൻകൂട്ടി അറിയിച്ചിരുന്നതായി ജോസഫ് പറയുന്നു. എന്നിട്ടും ആ വാഗ്ദാനം പാലിക്കപ്പെട്ടില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബൂത്തിലെത്തി വോട്ട് ചെയ്യാമെന്ന ആശയത്തോടെയായിരുന്നു പിന്നീടുള്ള ശ്രമം. എന്നാല്‍ അവിടെ നിന്നുമുള്ള മറുപടി കൂടുതല്‍ നിരാശപ്പെടുത്തുന്നതായിരുന്നു.
പേര് വെട്ടിയതിനാല്‍ ബൂത്തില്‍ പോയാലും കാര്യമില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.12-ാം വയസ്സില്‍ തീവണ്ടിക്കടിയില്‍പ്പെട്ട് ഇരുകൈകളും നഷ്ടപ്പെട്ട ജോസഫ്, അതിന് ശേഷവും ജീവിതത്തെയും അവകാശങ്ങളെയും വിട്ടുകൊടുത്തിട്ടില്ല. ഇടത് കാലിന്റെ തള്ളവിരല്‍ ഉപയോഗിച്ച് മഷിപ്പാഡില്‍ അമർത്തിയാണ് അദ്ദേഹം ഇതുവരെ വോട്ട് ചെയ്തിരുന്നത്.







