Spread the love

തിരുവനന്തപുരം : കാഞ്ഞങ്ങാട് ഹൈവേ പട്രോളിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പൊലീസ് വെൽഫയർ ബ്യുറോയിൽ നിന്ന് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി നിർദേശം നൽകി. 5 ലക്ഷം രൂപ വീതം ആദ്യഘട്ടമായി അനുവദിക്കും. സൂരജ്, അലോഷ്യസ് എന്നീ പൊലീസുകാർ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഇവരുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ആഭ്യന്തര മന്ത്രി വിവരങ്ങൾ തേടി. മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാനും നിർദേശം നൽകി. തിരികെ ജോലിയിൽ പ്രവേശിക്കുമ്പോൾ അനുയോജ്യമായ ഇടങ്ങളിൽ ജോലി ഉറപ്പാക്കാനും മന്ത്രി നിർദ്ദേശം നൽകി. ഡ്യൂട്ടിക്കിടയിൽ അപകടത്തിൽപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥരെ കരുതലോടെ ചേർത്ത് നിർത്തുമെന്നും ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല അറിയിച്ചു.

video
play-sharp-fill

കാഞ്ഞങ്ങാട് ഹൈവേ പട്രോളിനിടെ നിയന്ത്രണം വിട്ട കാറിടിച്ചാണ് അപകടമുണ്ടായത്. പോലീസ് ജീപ്പിന് പിന്നിൽ നിൽക്കുകയായിരുന്ന സൂരജ്, അലോഷ്യസ് എന്നീ പൊലീസുകാരെ കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഇവർ കാറിനും ജീപ്പിനും ഇടയിൽപ്പെട്ട് പോവുകയായിരുന്നു. ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇരുവരുടെയും കാലുകൾ മുറിച്ചുമാറ്റേണ്ടി വന്നു.