റേഷൻ വ്യാപാരികൾക്ക് മുഴുവൻ കമ്മീഷനും നൽകും, സിവിൽ സപ്ലൈസ് കമ്മീഷണറുടെ ഉത്തരവ് പിൻവലിക്കും: മന്ത്രി ജി ആർ അനിൽ

റേഷൻ വ്യാപാരികൾക്ക് മുഴുവൻ കമ്മീഷനും നൽകും, സിവിൽ സപ്ലൈസ് കമ്മീഷണറുടെ ഉത്തരവ് പിൻവലിക്കും: മന്ത്രി ജി ആർ അനിൽ

തിരുവനന്തപുരം:റേഷൻ വ്യാപാരികൾക്ക് കമ്മീഷൻ 49 ശതമാനമാക്കാനുള്ള സിവിൽ സപ്ലൈസ് കമ്മീഷണറുടെ ഉത്തരവ് പിൻവലിക്കാമെന്ന് മന്ത്രി ജി ആർ അനിൽ ഉറപ്പ് നൽകി. ഇതോടെ കടയടപ്പ് സമരത്തിൽ നിന്ന് പിന്മാറുമെന്നും, ആ സമരം തങ്ങൾക്ക് താത്പര്യമില്ലാതിരുന്നിട്ടും പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടി പ്രഖ്യാപിച്ചതാണെന്നും റേഷൻ വ്യാപാരികളുടെ സംഘടനകൾ വ്യക്തമാക്കി.

ഫണ്ടിന്റെ അപര്യാപ്തത മൂലമാണ് ഒക്ടോബറിലെ കമ്മീഷന്‍ ഭാഗികമായി അനുവദിച്ച് ഉത്തരവായതെന്ന് മന്ത്രി പറഞ്ഞു. ഈ സാമ്പത്തികവര്‍ഷത്തെ (2022-23) റേഷന്‍ വ്യാപാരി കമ്മീഷന്‍ ഇനത്തിലുള്ള‍ ചെലവിലേക്കായി 216 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരുന്നത്. ഇത് ഈ ആവശ്യത്തിന് പര്യാപ്തമായിരുന്നു.  എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ പിഎംജികെഎവൈ പദ്ധതി പ്രകാരം അനുവദിച്ചിട്ടുള്ള ഭക്ഷ്യ ധാന്യങ്ങളുടെ വിതരണത്തിന്റെ കമ്മീഷനായി നൽകേണ്ടുന്ന തുക ബജറ്റ് വകയിരുത്തലിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഈ വര്‍ഷം ഡിസംബര്‍ വരെ ഈ പദ്ധതി നീട്ടിക്കൊണ്ടുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ ആഗസ്റ്റിലാണ് പ്രഖ്യാപിച്ചത്. ഇതിനാലാണ് ഈ ചെലവ് മുന്‍കൂട്ടി കാണാന്‍ സംസ്ഥാന സര്‍ക്കാരിന് കാണാന്‍ കഴിയാതെപോയതെന്നും മന്ത്രി ചർച്ചയിൽ വിശദീകരിച്ചു.