ഗൗതമിക്ക് തെറ്റിദ്ധാരണ ഉണ്ടായതാണ്; ഞങ്ങള്‍ ഗൗതമിയുടെ പക്ഷത്ത്; നടി പാര്‍ട്ടി വിട്ടതില്‍ പ്രതികരിച്ച് അണ്ണാമലൈ
സ്വന്തം ലേഖകൻ
ചെന്നൈ: ബിജെപിയില്‍നിന്ന് പിന്തുണ ലഭിക്കുന്നില്ലെന്ന് ആരോപിച്ച് നടി ഗൗതമി പാര്‍ട്ടി വിട്ടതിനു പിന്നാലെ പ്രതികരണവുമായി ബിജെപി തമിഴ്‌നാട് അധ്യക്ഷൻ കെ അണ്ണാമലൈ രംഗത്തെത്തി.
ഗൗതമിക്ക് തെറ്റിദ്ധാരണയുണ്ടായതാണെന്നും ബിജെപി അവര്‍ക്കൊപ്പം തന്നെയാണെന്നും അണ്ണാമലൈ പറഞ്ഞു. പാര്‍ട്ടി തന്നെ പിന്തുണയ്ക്കുന്നില്ലെന്നും തന്റെ പണം തട്ടിയെടുത്ത സി അഴകപ്പനെ ചില നേതാക്കള്‍ പിന്തുണയ്ക്കുന്നെന്നും ആരോപിച്ചാണ് ബിജെപിയുമായുള്ള 25 വര്‍ഷത്തെ ബന്ധം ഗൗതമി അവസാനിപ്പിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗൗതമിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. വളരെ വേഗത്തില്‍ നടപടി വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാൻ പാര്‍ട്ടി അവരെ പിന്തുണച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ചില ബിജെപി പ്രവര്‍ത്തകര്‍ പ്രതിയെ സംരക്ഷിക്കാൻ ശ്രമിക്കുന്നതായി അവര്‍ക്ക് തോന്നുന്നത് തെറ്റിദ്ധാരണയാണ്. ആരും പ്രതിയെ സംരക്ഷിക്കാൻ ശ്രമിക്കുന്നില്ല. പ്രതിക്ക് ബിജെപിയുമായി ബന്ധമില്ല.
അയാള്‍ 25 വര്‍ഷം ഗൗതമിയുടെ സുഹൃത്തായിരുന്നു. അയാള്‍ അവരെ വഞ്ചിച്ചു. അത് ഗൗതമിയും അയാളും തമ്മിലുള്ള കേസാണ്. ഇതില്‍ ഞങ്ങള്‍ ഗൗതമിയുടെ പക്ഷത്താണെന്നും അണ്ണാമലൈ പറഞ്ഞു. തന്റെ 25 കോടി രൂപയുടെ സ്വത്ത് വ്യാജരേഖകള്‍ ഉപയോഗിച്ച് അഴകപ്പനും ഭാര്യയും തട്ടിയെടുത്തെന്ന് ആരോപിച്ച് ഗൗതമി ചെന്നൈ പൊലീസ് കമ്മിഷണര്‍ക്കു പരാതി നല്‍കിയിരുന്നു.
സാമ്പത്തിക ആവശ്യങ്ങള്‍ക്കായി തന്റെ പേരിലുള്ള 46 ഏക്കര്‍ ഭൂമി വില്‍ക്കാൻ തീരുമാനിച്ചിരുന്നു. അതു വില്‍ക്കാൻ സഹായിക്കാമെന്ന് അഴകപ്പനും ഭാര്യയും പറഞ്ഞു. അവരെ വിശ്വസിച്ച് പവര്‍ ഓഫ് അറ്റോര്‍ണി നല്‍കിയെന്നും അഴകപ്പനും കുടുംബവും തന്റെ ഒപ്പ് ഉപയോഗിച്ചും വ്യാജരേഖ ചമച്ചും 25 കോടിയോളം രൂപയുടെ സ്വത്ത് തട്ടിയെടുത്തെന്നുമാണ് ഗൗതമിയുടെ പരാതി.