
പത്തനാപുരം: ഉറങ്ങിക്കിടക്കുന്നതിനിടെ പെണ്‍കുട്ടിക്ക് പാമ്പ് കടിയേറ്റു.
മേല്‍ക്കൂരയില്‍ നിന്ന് വീണ പാമ്പാണ് കടിച്ചത്. പിടവൂർ മൂലംകോട് രാജേഷ് ഭവനില്‍ രേവതിക്ക് (15) ആണ് കടിയേറ്റത്. കുട്ടി പുനലൂർ താലൂക്ക് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
കഴിഞ്ഞദിവസം പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. ഷീറ്റിട്ട വീടിന്റെ മുകളില്‍ നിന്ന് പാമ്പും എലിയും പെണ്‍കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എലി ശല്യമുള്ളതിനാല്‍ ലൈറ്റ് ഓഫ് ചെയ്യാതെയാണ് വീട്ടുകാർ ഉറങ്ങിയിരുന്നത്. പെട്ടെന്ന് എന്തോ ദേഹത്ത് വീണത് അറിഞ്ഞ് ഞെട്ടിയുണർന്ന രേവതി പാമ്പിനെ കണ്ട് നിലവിളിച്ചു.
ആദ്യം കാലിലെ മുറിവ് കണ്ടപ്പോള്‍ എലി കടിച്ചതാകുമെന്നാണ് കരുതിയെങ്കിലും പിന്നീട് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കുട്ടിയെ കടിച്ചത് പാമ്പാണെന്ന് ഡോക്‌ടർമാർ സ്ഥിരീകരിച്ചത്.
രേവതിയുടെ കരച്ചില്‍ കേട്ടെത്തിയ വീട്ടുകാരും അയല്‍വാസികളും പാമ്പിനെ കണ്ടിരുന്നു. അലമാരയുടെ അടിയിലേക്ക് ഇഴഞ്ഞുനീങ്ങിയ പാമ്പ് പിന്നീട് ഭിത്തിയിലെ മാളത്തിനുള്ളില്‍ ഒളിച്ചു.
വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധിച്ചെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. തുടർന്ന് വീട്ടുകാർ തറ കുഴിച്ചു പരിശോധിച്ചിട്ടും ഫലമുണ്ടായില്ല. നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.







