play-sharp-fill
തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളികൾ കണ്ടത് നിധി ; റബ്ബർ തോട്ടത്തില്‍ മഴക്കുഴി നിർമ്മിക്കുന്നതിനിടയിലാണ് സ്വർണം, വെള്ളി ശേഖരം കണ്ടെത്തിയത്

തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളികൾ കണ്ടത് നിധി ; റബ്ബർ തോട്ടത്തില്‍ മഴക്കുഴി നിർമ്മിക്കുന്നതിനിടയിലാണ് സ്വർണം, വെള്ളി ശേഖരം കണ്ടെത്തിയത്

കണ്ണൂർ : ശ്രീകണ്ഠപുരത്ത് തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളികൾക്ക്  നിധിയെന്ന് സംശയിക്കുന്ന സ്വർണം, വെള്ളി ശേഖരം ലഭിച്ചു. ചെങ്ങളായി പരിപ്പായി ഗവ യു പി സ്കൂളിന് സമീപത്തെ പുതിയപുരയില്‍ താജുദീന്റെ റബ്ബർ തോട്ടത്തില്‍ നിന്നാണ് സ്വർണം, വെള്ളി ശേഖരം കണ്ടെത്തിയത്.

ഇന്നലെ വൈകുന്നേരം ചെങ്ങളായി പഞ്ചായത്ത് പത്താംവാർഡ് തൊഴിലുറപ്പ് തൊഴിലാളികള്‍ റബർ തോട്ടത്തില്‍ മഴക്കുഴി നിർമ്മിക്കുന്നതിനിടയിലാണ് സംഭവം.

ഒരു മീറ്റർ ആഴത്തില്‍ കുഴിയെടുത്തപ്പോഴാണ് ഇവ ശ്രദ്ധയില്‍പ്പെട്ടത്. പതിനേഴ് മുത്തുമണി, പതിമൂന്ന് സ്വർണ ലോക്കറ്റുകള്‍, കാശുമാലയുടെ ഭാഗമെന്ന് കരുതുന്ന നാല് പതക്കങ്ങള്‍, പഴയകാലത്തെ അഞ്ചു മോതിരങ്ങള്‍ , ഒരു സെറ്റ് കമ്മല്‍, നിരവധി വെള്ളി നാണയങ്ങള്‍, ഭണ്ഡാരം എന്ന് തോന്നിക്കുന്ന ഒരു സാധനം എന്നിവയാണ് ലഭിച്ചത്. ചിതറക്കിടക്കുന്ന നിലയിലായിരുന്നു ആഭരണങ്ങളും നാണയങ്ങളും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവം കണ്ടയുടൻ തൊഴിലാളികള്‍ പോലീസില്‍ വിവരമറിയിച്ചു. തുടർന്ന് എസ്.ഐ എം.പി ഷീജുവിന്റെ നേതൃത്വത്തിലെത്തിയ പോലീസ് സ്വർണം, വെള്ളി ശേഖരം കസ്റ്റഡിയിലെടുത്തു. പുരാവസ്‌തുവകുപ്പിനെയും വിവരമറിയിച്ചിട്ടുണ്ട്.

പുരാവസ്തുവകുപ്പിൻ്റെ പരിശോധനയില്‍ മാത്രമേ ഇവ നിധിയാണോയെന്ന് വ്യക്തമാകൂ. എങ്കിലും കണ്ടെടുത്ത സ്വർണാഭരണങ്ങള്‍ക്കും വെള്ളി നാണയങ്ങള്‍ക്കും ഏറെ കാലത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇവ ഇന്ന് തളിപ്പറമ്ബ് കോടതിയില്‍ ഹാജരാക്കും