Spread the love

മകളെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതിയെ കൊലപ്പെടുത്തി പിതാവ്. തമിഴ്‌നാട്ടിലെ തഞ്ചാവൂരിലാണ് സംഭവം നടന്നത്. അജിത് കുമാര്‍ എന്ന 30കാരനെയാണ് യുവതിയുടെ പിതാവ് പുണ്യമൂര്‍ത്തി (53), ലോകേഷ് (22), രാമലിംഗം (30), കറുപ്പയ്യ (55) എന്നിവര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു കൊലപാതകം നടന്നത്. കൊലയ്ക്ക് ശേഷം പ്രതികള്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. തഞ്ചാവൂരിലെ ആലങ്കുടിയിലുള്ള ആദിദ്രാവിഡര്‍ വെല്‍ഫെയര്‍ പ്രൈമറി സ്‌കൂളിലെ താല്‍ക്കാലിക അധ്യാപികയായിരുന്നു പുണ്യമൂര്‍ത്തിയുടെ മകള്‍ 26കാരിയായ കാവ്യ. ഏറെ നാളായി പ്രണയത്തിലായിരുന്നു കാവ്യയും അജിത് കുമാറും. അധ്യാപികയായ കാവ്യയെ പെയിന്റു തൊഴിലാളിയായ അജിത് കുമാറിന് വിവാഹം കഴിച്ചു നല്‍കാന്‍ കുടുംബം തയ്യാറായില്ല. തുടര്‍ന്ന് ബന്ധുവുമായി കുടുംബം കാവ്യയുടെ വിവാഹം നിശ്ചയിച്ചു. ഇക്കാര്യം അറിഞ്ഞ അജിത് കുമാര്‍ കാവ്യയെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.

video
play-sharp-fill

കഴിഞ്ഞ വര്‍ഷം നവംബര്‍ 27നായിരുന്നു സംഭവം നടക്കുന്നത്. സ്‌കൂളിലേക്ക് പോകുകയായിരുന്ന കാവ്യയെ വഴിയില്‍ കാത്തുനിന്ന അജിത് കുമാര്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് അജിത് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. കേസില്‍ കഴിഞ്ഞ മാസം അജിത് കുമാറിന് കോടതി ജാമ്യം അനുവദിച്ചു. പിന്നാലെ ഇയാള്‍ പുറത്തിറങ്ങി. തുടർന്നാണ് വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ പുണ്യമൂര്‍ത്തിയും മൂന്ന് ബന്ധുക്കളും അജിത് കുമാറിന്റെ വീട്ടിലെത്തി അജിത് കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയത്.