ബിസിനസിൽ നിന്ന് പിരിഞ്ഞതിൻ്റെ വൈരാഗ്യം; ഏറ്റുമാനൂര്‍ സ്വദേശിയായ വിദേശ വ്യവസായിയെ ആക്രമിക്കാൻ ക്വട്ടേഷൻ; രണ്ട് പേര്‍ പിടിയില്‍

ബിസിനസിൽ നിന്ന് പിരിഞ്ഞതിൻ്റെ വൈരാഗ്യം; ഏറ്റുമാനൂര്‍ സ്വദേശിയായ വിദേശ വ്യവസായിയെ ആക്രമിക്കാൻ ക്വട്ടേഷൻ; രണ്ട് പേര്‍ പിടിയില്‍

സ്വന്തം ലേഖിക

അടിമാലി: ഏറ്റുമാനൂര്‍ സ്വദേശിയായ വിദേശ വ്യവസായിയെ ആക്രമിച്ച ക്വട്ടേഷൻ സംഘത്തിലെ രണ്ട് പേര്‍ പിടിയില്‍.

ഏറ്റുമാനൂര്‍ ഷെമിമൻസിലില്‍ ഷെമി മുസ്തഫയുടെ പരാതിയെത്തുടര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
പാലക്കാട് നൂറണി വരമ്പ് പുത്തൻപീടിയേക്കല്‍ മേപ്പറമ്പ് ഐഷാ റസിഡൻസി ഫ്‌ളാറ്റില്‍ താമസിക്കുന്ന അമീര്‍ അബ്ബസ് (25) പാലക്കാട് കള്ളേക്കാട് ,മേപ്പറമ്പ് നെല്ലിക്കാാട് ഖാദര്‍ മൻസില്‍ ഫാസില്‍ ( 25) എന്നിവരെയാണ് പാലക്കാട് നിന്നും അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷെമി വിരിപാറയിലുള്ള തന്റെ റിസോര്‍ട്ടില്‍ നിന്ന് സെപ്തംബര്‍ 16ന് ഏറ്റുമാനൂര്‍ക്ക് കാറില്‍ പോകും വഴി രാത്രി 9.30 ഓടെ നേര്യമംഗലം പാലത്തിനു സമീപം കാറില്‍ ഇന്നോവ കാര്‍ ഇടിച്ചു. നാട്ടുകാര്‍ ഓടികൂടിയതോടെ വാഹനത്തിലെത്തിയവര്‍ കടന്നുകളഞ്ഞു. ഇതൊരു സാധാരണ സംഭവമായി കണക്കാക്കിയെങ്കിലും പിറ്റേ ദിവസം രാവിലെ മുതല്‍ ഷെമിക്ക് നിരവധി ഫോണ്‍ കോളുകള്‍ വന്നു.

തങ്ങള്‍ ക്വട്ടേഷൻ ഏറ്റെടുത്തതാണെന്നും കുറെ നാളുകളായി അപായപ്പെടുത്താൻ പിന്നാലെയുണ്ടെന്നുമായിരുന്നു ഫോണ്‍ സന്ദേശം. അപകടം മണത്ത ഷെമി അടിമാലി സ്റ്റേഷനില്‍ പരാതി നല്‍കി.

ഇതിനിടയില്‍ ഏറ്റുമാനൂരിലെ വീട്ടിലും പെരുവന്താനത്തെ ഫാമിലുമുള്ള സി.സി.ടി.വി ക്യാമറയില്‍ ഇതേ ഇന്നോവ ചെന്നിരുന്നതായി കണ്ടെത്തിയിരുന്നു.

പരാതിക്കാരനായ ഷെമിമുസ്തഫയും, കൂട്ടുകാരനായ ജമീല്‍ മുഹമ്മദും വിദേശത്തും സ്വദേശത്തും പങ്കാളികളായി കഴിഞ്ഞ പത്തു വര്‍ഷക്കാലമായി വിവിധ വ്യവസായങ്ങളും കച്ചവട സ്ഥാപനങ്ങളും നടത്തി വരികയായിരുന്നു. ഇവര്‍ക്ക് അടിമാലിക്കടുത്ത് വിരിപാറയില്‍ റിസോര്‍ട്ടുമുണ്ടായിരുന്നു. എന്നാല്‍ ഒരു വര്‍ഷം മുമ്പ് ഇവര്‍ തമ്മില്‍ അകലുകയും, നിയമപരമായി ബിസിനസ്സ് സ്ഥാപനത്തില്‍ നിന്നു പിരിയുന്നതിലേക്ക് 160 കോടി രൂപയും, കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയും ജമീല്‍ മുഹമ്മദിന് നല്‍കിയിരുന്നു. എന്നാല്‍ ദുബായിലുള്ള ജമീല്‍ മുഹമ്മദ് വൈരാഗ്യ മനസ്ഥിതിയോടെ പെരുമാറുകയായിരുന്നു.

ഇതിനായി ജമീല്‍ മുഹമ്മദ് തന്റെ മാനേജരായ ഷക്കീര്‍ അഷ്രഫ് മുഖേന ആറംഗ ക്വട്ടേഷൻ സംഘത്തെ നാലു ലക്ഷം വാഗ്ദാനം ചെയ്ത് ഷെമിയെ കൊലപ്പെടുത്താൻ നിയോഗിക്കുകയായിരുന്നു. ഇതില്‍ രണ്ടു പേരെയാണ് പിടികൂടിയത്. ബാക്കിയുള്ളവര്‍ക്കായി തെരച്ചില്‍ നടക്കുകയാണ്.

ഡിവൈ.എസ്.പി ജില്‍സണ്‍ മാത്യുവിന്റെ നിര്‍ദ്ദേശപ്രകാരം അടിമാലി സി ഐ.പി.ക്ലീറ്റസ് കെ.ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.