Friday, April 24, 2026

ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷൻ രണ്ടാം പ്ലാറ്റ് ഫോമിലെ കൂളർ ഒരു കാഴ്ച വസ്തുവോ?;  ഒരു വർഷം മുമ്പ് സ്റ്റേഷനിൽ സ്ഥാപിച്ച വാട്ടർ കൂളറിൽ ഇതുവരെ വെള്ളം എത്തിക്കാത്തതിനാൾ കൊടും ചൂടത്ത് കടുത്ത പ്രതിസന്ധിയിലായി യാത്രക്കാർ

Spread the love

കോട്ടയം: അമൃത് ഭാരത് പദ്ധതിയിലുൾപ്പെടുത്തി ഒരു വർഷം മുമ്പ് സ്റ്റേഷനിൽ സ്ഥാപിച്ച വാട്ടർ കൂളറിൽ ഇതുവരെ വെള്ളം എത്തിക്കാത്തതിൽ യാത്രക്കാർ കടുത്ത അമർഷം രേഖപ്പെടുത്തി.

video
play-sharp-fill

വരൾച്ച മാത്രമല്ല, അധികൃതരുടെ ശക്തമായ അനാസ്ഥയാണ് യഥാർത്ഥ കാരണമെന്ന് പാസഞ്ചർ അസോസിയേഷനും ഏറ്റുമാനൂർ സ്റ്റേഷൻ ജീവനക്കാരും ആരോപിക്കുന്നു. കരാർ നൽകിയവർ പോലും കൈമലർത്തുകയാണ്.

കൂളറിൽ നിന്ന് കുടിവെള്ളം ശേഖരിക്കാൻ നിരവധിപ്പേർ കുപ്പിയുമായി എത്തി, നിരാശരായി മടങ്ങുന്നത് ഇവിടെ പതിവുകാഴ്ചയാണ്. ഒരു വർഷമായി കാഴ്ച വസ്തുമാത്രമാണ് ഈ കൂളർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2017 ൽ സ്റ്റേഷൻ മനയ്ക്കപ്പാടം റോഡിലേക്ക് മാറ്റി സ്ഥാപിച്ച ശേഷം നിരവധി നവീകരണ പ്രവർത്തനങ്ങൾ സ്റ്റേഷനിൽ നടന്നു. രണ്ടും മൂന്നും പ്ലാറ്റ് ഫോമിൽ നിരവധി ടാപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതുവരെ വെള്ളം എത്തിയിട്ടില്ല. നിലവിൽ ഒന്നാം പ്ലാറ്റ് ഫോമിൽ മാത്രമാണ് വെള്ളമുള്ളു.

ജലക്ഷാമം രൂക്ഷമായതിനാൽ ഉപയോഗം പരിമിതപെടുത്തുന്നതിന്റെ ഭാഗമായി ഒന്നാം പ്ലാറ്റ് ഫോമിൽ മാത്രം പൈപ്പ് കണക്ഷൻ കൊടുത്തിട്ടുള്ളു. ഒന്നാം പ്ലാറ്റ് ഫോമിൽ ഒരു കൂളറും നേരത്തെ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ട്രെയിൻ നിർത്തുന്ന പ്ലാറ്റ് ഫോമിലാണ് കൂടുതൽ യാത്രക്കാർ ട്രെയിൻ കാത്തിരിക്കുന്നത്. അവിടെ വെള്ളം ഇല്ലാത്തത് വലിയ ദുരിതമാണ് യാത്രക്കാർക്ക് സമ്മാനിക്കുന്നത്.

പ്രതിദിനം ആയിരക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന റെയിൽവേ സ്റ്റേഷനാണ് ഏറ്റുമാനൂർ. കൃത്യമായ മേൽനോട്ടമില്ലാത്തത് കാരണം നവീകരണ പ്രവർത്തനങ്ങൾ ഇവിടെ വളരെ മന്ദഗതിയിലാണ് നടക്കുന്നത്.

ഏറ്റുമാനൂരിനൊപ്പം അമൃത് ഭാരത് പദ്ധതിയിലുൾപ്പെടുത്തിയ ചങ്ങനാശ്ശേരി സ്റ്റേഷന്റെ ഉദ്ഘാടനം പ്രധാനമന്ത്രി കഴിഞ്ഞ മാർച്ചിൽ നിർവ്വഹിരുന്നു.

വരൾച്ചയ്ക്ക് മുമ്പേ സ്റ്റേഷനിൽ ജലക്ഷാമം രൂക്ഷമാകും. സ്റ്റേഷനിലെ ശുചിമുറികൾ അടച്ചിടുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. സ്റ്റേഷനെ ആശ്രയിക്കുന്ന യാത്രക്കാരുടെ പ്രാഥമിക ആവശ്യങ്ങളിൽ പോലും തദ്ദേശ ഭരണകൂടവും ജനപ്രതിനിധികളും ഇടപെടുന്നില്ലെന്ന ശക്തമായ ആക്ഷേപമുണ്ട്.

സംസ്ഥാന സർക്കാരിന്റെ വാട്ടർ കണക്ഷൻ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് അധികാരികൾക്കും ജനപ്രതിനിധികൾക്കും നിരവധി നിവേദനങ്ങൾ നൽകിയിട്ടുണ്ടെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

ഏറ്റുമാനൂർ നിയമസഭാ മണ്ഡലത്തിൽ ഏറ്റവും കൂടുതൽ ജനങ്ങൾ ആശ്രയിക്കുന്ന പൊതുഗതാഗത സംവിധാനമാണ്/ സ്ഥാപനമാണ് ഈ റെയിൽവേ സ്റ്റേഷൻ. അഞ്ചു പഞ്ചായത്തിലെയും ഏറ്റുമാനൂർ മുൻസിപാലിറ്റിയിലെയും മാത്രമല്ല, പാലാ, ഈരാറ്റുപേട്ട, കുറവിലങ്ങാട് എന്നിവിടങ്ങളിൽ നിന്നു പോലും പ്രതിദിന യാത്രക്കാർ സ്റ്റേഷനെ ആശ്രയിക്കുന്നുണ്ട്.

ഇലക്ഷനിലെ പ്രകടന പത്രികയിലും പ്രഖ്യാപനങ്ങളിലും പോലും സ്റ്റേഷനിലെ പ്രാഥമിക ആവശ്യങ്ങൾ പോലും ഇടം പിടിക്കാറില്ലെന്നത് ഏറെ ഖേദകരമാണ്. യാത്രക്കാരുടെ ആവശ്യങ്ങളോട് തണുത്ത പ്രതികരണമാണ് കനത്ത ചൂടിലും ജനപ്രതിനിധികൾ സ്വീകരിക്കുന്നത്. പ്രധാന ബസ്സ് സ്റ്റോപ്പായ മനയ്ക്കപ്പാടം റോഡിൽ വെയ്റ്റിങ് ഷെഡ് ഇല്ലത്തതും മഴയത്തും വെയിലത്തും ട്രെയിൻ ഇറങ്ങുന്ന യാത്രക്കാർ നേരിടുന്ന മറ്റൊരു വെല്ലുവിളിയാണ്. ആവശ്യത്തിന് ഇരിപ്പിടങ്ങളും സ്റ്റേഷനിൽ സജീകരിച്ചിട്ടില്ല.

പ്ലാറ്റ് ഫോമിൽ ഫാനുകളുടെ അപര്യാപ്തതയും ശീതീകരിച്ച കാത്തിരിപ്പ് കേന്ദ്രത്തിന്റെ വർക്കുകൾ പാതിവഴിയിൽ മുടങ്ങിയതും യാത്രക്കാരെ നിരാശപ്പെടുത്തുകയാണ്

അമൃത് ഭാരത്‌ പദ്ധതിയിലുൾപ്പെടുത്തി കൂളറിനും ഫാനുകൾക്കും ഇരിപ്പിട നിർമ്മാണത്തിനും ഫണ്ടുകൾ അനുവദിച്ചതാണ്. അധികൃതരുടെ ശക്തമായ അനാസ്ഥ വർക്കുകളുടെ തുടക്കം മുതൽ വ്യക്തമാണ്. സ്റ്റേഷനിൽ അടിയന്തരമായി വാട്ടർ കണക്ഷൻ ലഭ്യമാക്കാനും മറ്റു അടിസ്ഥാന ആവശ്യങ്ങളിലും ജനപ്രതിനിധികളുടെ അടിയന്തിര ഇടപെടൽ ഉണ്ടാവണമെന്നാണ് പാസഞ്ചേഴ്സ് അസോസിയേഷന്റെ ആവശ്യം.