എരുമേലിയിൽ ദേവസ്വം ബോർഡിൻ്റ പകൽകൊള്ള;നടുറോഡിൽ വാദ്യമേളം നടത്തുന്നവർ 60 രൂപ ബോർഡിന് ഫീസ് നൽകണം;  പണം നല്കാതിരുന്നാൽ കരാറുകാരുടെ ഗുണ്ടായിസം; പ്രതിഷേവുമായി വാദ്യമേള തൊഴിലാളികൾ ഭക്തി ഘോഷയാത്ര നടത്തി

എരുമേലിയിൽ ദേവസ്വം ബോർഡിൻ്റ പകൽകൊള്ള;നടുറോഡിൽ വാദ്യമേളം നടത്തുന്നവർ 60 രൂപ ബോർഡിന് ഫീസ് നൽകണം; പണം നല്കാതിരുന്നാൽ കരാറുകാരുടെ ഗുണ്ടായിസം; പ്രതിഷേവുമായി വാദ്യമേള തൊഴിലാളികൾ ഭക്തി ഘോഷയാത്ര നടത്തി

എരുമേലി: അയ്യപ്പഭക്തർ പേട്ടതുള്ളുമ്പോൾ അകമ്പടിയായി നടുറോഡിൽ വാദ്യമേളം നടത്തുന്നവർ 60 രൂപ ദേവസ്വം ബോർഡിന് ഫീസ് നൽകണമെന്നത് മൂലം വലയുന്നു നിർധനരായ വാദ്യ മേള തൊഴിലാളികൾ. സംഭവത്തിൽ പ്രതിഷേധം പ്രകടിപ്പിച്ച് ഇന്നലെ വാദ്യമേളങ്ങളുമായി തൊഴിലാളികൾ ഭക്തി ഘോഷയാത്ര നടത്തി.

ചെണ്ടമേളത്തിന് മുൻകാലങ്ങൾ പത്ത് രൂപ ദേവസ്വം ബോർഡ് ഈടാക്കിയിരുന്നു. ഈ തുക പിരിച്ചെടുക്കാൻ ലേലം ചെയ്താണ് കരാർ നൽകിക്കൊണ്ടിരുന്നത്. ലേലം പിടിക്കുന്നവർ 20 രൂപ മുതൽ തുക വാങ്ങും. നാട്ടുകാരായ മേളക്കാരോട് 20 രൂപയും തമിഴ്നാട് ഉൾപ്പടെ സ്ഥലങ്ങളിൽ നിന്നെത്തുന്ന തൊഴിലാളികളോട് കൂടുതൽ തുകയുമാണ് ഈടാക്കിയിരുന്നത്. തുക നൽകാത്തവർക്ക് നേരെ ഭീഷണിയും കയ്യേറ്റവും ഉണ്ടെന്ന് പരാതികളുമുണ്ട്. ഇത്തവണയാണ് ഫീസ് 60 രൂപയായി ഉയർത്തിയത്.50 രൂപ ഫീസും പത്ത് രൂപ ജിഎസ്ടി യും ഉൾപ്പടെ 60 രൂപയാണ് ഫീസ്.

ഈ തുക നൽകാതിരുന്ന നാല് തൊഴിലാളികളെ കരാറുകാർ കയ്യേറ്റം ചെയ്‌തെന്ന് കഴിഞ്ഞ ദിവസം പരാതി ഉയർന്നിരുന്നു. പതിറ്റാണ്ടുകളായി പേട്ടതുള്ളൽ വാദ്യമേളം കുലത്തൊഴിൽ പോലെ നടത്തുന്ന എരുമേലിക്കടുത്തുള്ള പാത്തിക്കക്കാവിലെ കുടുംബത്തിലെ 40 ഓളം പേരോട് മുൻകാലങ്ങളിൽ ഫീസ് ഈടാക്കിയിരുന്നില്ലെന്ന് പറയുന്നു. ഇത്തവണ മുതൽ ഇവരോടും ഫീസ് ആവശ്യപ്പെട്ടു. ഫീസ് കൊടുക്കാതിരുന്ന നാല് പേരുടെ നേരെയാണ് കയ്യേറ്റമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവർ റവന്യു, പോലിസ് ഉദ്യോഗസ്ഥർക്ക് ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്. രാജഭരണകാലത്ത് പേട്ടതുള്ളലിൽ ഔദ്യോഗിക അകമ്പടി വാദ്യമേളം നടത്തിയിരുന്നവരാണ് തങ്ങളുടെ പൂർവികർ എന്ന് ഇവർ അവകാശപ്പെടുന്നു. ദേവസ്വം ബോർഡ് രൂപീകൃതമായ ശേഷവും ഇവർക്ക് അകമ്പടി മേളക്കാർ എന്ന അവകാശം നൽകിപ്പോന്നിരുന്നെന്നും അവകാശപ്പെടുന്നു. ചരിത്രപ്രസിദ്ധമായ അമ്പലപ്പുഴ – ആലങ്ങട്ട് പേട്ടതുള്ളലിനും വാദ്യമേളം നടത്തിയിരുന്ന ഈ കുടുംബത്തിലെ അംഗങ്ങൾ ഫീസ് നൽകണമെന്ന് ആവശ്യപ്പെട്ടത് തെറ്റായ നടപടി ആണെന്ന് ഇവർ പറയുന്നു.

ഒരു പേട്ടതുള്ളൽ സംഘത്തിന് വാദ്യമേളം നടത്താൻ കുറഞ്ഞത് 200 രൂപയാണ് വാദ്യമേളക്കാർ വാങ്ങുന്നത്. ഇതിൽ നിന്നും 60 രൂപ ദേവസ്വം ബോർഡിന് നൽകണമെന്ന് ആവശ്യപ്പെടുന്നത് തൊഴിൽ ചൂഷണം ആണെന്നും പൊതു റോഡിൽ വാദ്യമേളം നടത്തുന്നതിന് ദേവസ്വം ബോർഡ് ചുങ്കം പോലെ ഫീസ് വാങ്ങുന്നത് കൊള്ള ആണെന്നും ഇതിനെതിരെ സർക്കാർ നിയമനടപടികൾ സ്വീകരിക്കണമെന്നും തൊഴിലാളികൾ ആവശ്യപ്പെട്ടു.

ഇക്കാര്യം ഉന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും തൊഴിലാളികളുടെ സംഘനയായ എരുമേലി അയ്യപ്പ വാദ്യ സംഘം ഭാരവാഹികൾ പറഞ്ഞു. ഇന്നലെ വാദ്യമേള തൊഴിലാളികൾ മേളം നടത്തി പ്രകടനമായി കൊച്ചമ്പലത്തിൽ എത്തി നാളികേരം ഉടച്ച് ശരണം വിളിച്ചാണ് പ്രതിഷേധ ഭക്തി ഘോഷയാത്ര നടത്തിയത്.

വലിയമ്പലത്തിൽ ഘോഷയാത്ര സമാപിച്ച ശേഷം സംഘടനയുടെ കൺവീനർമാരായ രാജേഷ്, സതീഷ് കുമാർ, പൊതുപ്രവർത്തകൻ ലൂയിസ് ഡേവിഡ് എന്നിവർ പ്രസംഗിച്ചു. അതേസമയം അമ്പലത്തിൽ വാദ്യമേളവുമായി എത്തി അകമ്പടിയായി പേട്ടതുള്ളൽ സംഘത്തെ അനുഭവിക്കുന്നതിനാണ് കാലങ്ങളായി ഫീസ് ഈടാക്കുന്നതെന്ന് ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ പറയുന്നു.