സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും അറിഞ്ഞില്ല; ഇരട്ടയാര്‍ സര്‍ക്കാര്‍ സ്‌കൂളിലെ അഞ്ച് കുട്ടികളെ എയ്ഡഡ് സ്‌കൂളിലേക്ക് മാറ്റി ജില്ലാ വിദ്യാഭ്യാസ ഓഫിസ് അധികൃതര്‍ ; അന്വേഷണം ആരംഭിച്ചു
സ്വന്തം ലേഖകൻ
കട്ടപ്പന: സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും അറിയാതെ ഇരട്ടയാറില്‍ സർക്കാർ ഇംഗ്ലിഷ് മീഡിയം സ്‌കൂളിലെ കുട്ടികളെ എയ്ഡഡ് സ്‌കൂളിലേക്കു മാറ്റിയതായി പരാതി.
പഠനം തുടങ്ങി ആറാം ദിവസം സ്‌കൂളിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ആറാം ദിവസത്തെ കണക്കെടുപ്പിനു മുന്നോടിയായി കുട്ടികളെ മാറ്റുക ആയിരുന്നു. ഗാന്ധിജി ഇംഗ്ലിഷ് മീഡിയം സ്‌കൂളിലെ കുട്ടികളെയാണ് അനുമതിയില്ലാതെ സ്‌കൂള്‍ മാറ്റിയത്. കട്ടപ്പന വിദ്യാഭ്യാസ ജില്ലാ ഓഫിസിലെ ഉദ്യോഗസ്ഥരുടേതാണ് അനുമതിയില്ലാതെയുള്ള നടപടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൂന്നു കുട്ടികള്‍ അഞ്ചാം ക്ലാസിലും രണ്ടു പേർ എട്ടാം ക്ലാസിലും പഠിക്കുന്നവരാണ്. തിങ്കളാഴ്ചയാണ് ഇത്തവണ ആറാം അധ്യയന ദിവസത്തെ കണക്കെടുപ്പ് നടത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച വരെ സ്‌കൂളിലുണ്ടായിരുന്ന അഞ്ചു കുട്ടികളെ ശനി, ഞായർ ദിവസങ്ങളില്‍ മറ്റൊരു സ്‌കൂളിലേക്കു മാറ്റുകയായിരുന്നു. തിങ്കളാഴ്ച കുട്ടികളെ കാണാതായതോടെ സ്‌കൂള്‍ അധികൃതർ കുട്ടികളുടെ വിവരങ്ങളുള്ള സമ്ബൂർണ പോർട്ടലില്‍ നടത്തിയ പരിശോധനയിലാണ് ഇതു കണ്ടെത്തിയത്.
1800ല്‍ ഏറെ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളാണ് ഗാന്ധിജി സ്‌കൂള്‍. കുട്ടികളെ സ്‌കൂളില്‍ നിന്നും മാറ്റാൻ രക്ഷിതാക്കള്‍ ആഗ്രഹിച്ചിരുന്നില്ല. ഈ കുട്ടികള്‍ ടിസിക്കായി സ്‌കൂളില്‍ അപേക്ഷ നല്‍കിയിരുന്നില്ല. സമ്ബൂർണ പോർട്ടല്‍ വഴി കുട്ടികള്‍ക്ക് ടിസി അനുവദിക്കാൻ കഴിയുന്നത് പ്രധാന അദ്ധ്യാപകർക്കും ജില്ലാ വിദ്യാഭ്യാസ ഓഫിസിനുമാണ്.
കുട്ടികളുടെ വിവരങ്ങള്‍ നീക്കം ചെയ്ത ശേഷം തിങ്കളാഴ്ച ഓണ്‍ലൈനായി ടിസിക്ക് അപേക്ഷ നല്‍കി തിരിമറി നടത്തിയിട്ടുണ്ട്. മറ്റൊരു കുട്ടിയുടെ അപേക്ഷ രക്ഷാകർത്താക്കള്‍ അറിയാതെ ഓണ്‍ലൈനായി എത്തിയെങ്കിലും സ്‌കൂള്‍ മാറാൻ താല്‍പര്യമില്ലെന്ന് ഇവർ എഴുതി നല്‍കുകയും ചെയ്തു.
അനുമതിയില്ലാതെ കുട്ടികളെ സ്‌കൂള്‍ മാറ്റിയതു സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സ്‌കൂള്‍ അധികൃതർ ജില്ലാ വിദ്യാഭ്യാസ ഓഫിസർക്കും മന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. പരാതി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും അന്വേഷണം തുടങ്ങിയതായും ജില്ലാ വിദ്യാഭ്യാസ ഓഫിസർ മണികണ്ഠൻ പറഞ്ഞു.