നൂറൂം കടന്ന് വോട്ടുചെയ്തവര്‍ക്ക് കോട്ടയത്തിന്റെ ആദരം

നൂറൂം കടന്ന് വോട്ടുചെയ്തവര്‍ക്ക് കോട്ടയത്തിന്റെ ആദരം

സ്വന്തംലേഖകൻ

കോട്ടയം : പ്രായത്തെ തോല്‍പ്പിച്ച് പോളിംഗ് ബൂത്തിലെത്തിയവര്‍ക്ക് വോട്ടെണ്ണലിന് മുമ്പ് കോട്ടയത്തിന്റെ ആദരം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്തവരില്‍  100 വയസ്സ് പിന്നിട്ട  അഞ്ചു പേരെ ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു താമസസ്ഥലത്തെത്തി ആദരിച്ചു.
പൊന്നാടയണിയിച്ച്  അഭിനന്ദിച്ച് മധുരം നല്‍കിയപ്പോള്‍ സീനിയര്‍ വോട്ടര്‍മാരുടെ  മുഖത്ത് പുഞ്ചിരിത്തിളക്കം.
തിരുവഞ്ചൂര്‍ രാഗസുധയില്‍ ഭവാനിയമ്മയുടെ  വീട്ടിലാണ് കളക്ടറും സംഘവും ആദ്യമെത്തിയത്. തുടര്‍ന്ന് കങ്ങഴ താഴത്തുവടകര തടത്തില്‍ ഏലിയാമ്മ (102), കാഞ്ഞിരപ്പള്ളി ആദിത്യപുരം പള്ളിവാതുക്കല്‍ മേരി (100), പുലിയന്നൂര്‍ കലാനിലയം കോണ്‍വെന്റിലെ സിസ്റ്റര്‍ ലൂസിയ (104), കുറിച്ചിത്താനം താന്നിക്കല്‍ മഠത്തില്‍ സുബ്രഹ്മണ്യ അയ്യര്‍ (102), എന്നിവരെയും ആദരിച്ചു.
സബ് കളക്ടര്‍ ഈഷ പ്രിയ, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ എം. വി. സുരേഷ് കുമാര്‍, തഹസീല്‍ദാര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.