
കോട്ടയം : വൈക്കത്തെ ഇടതുമുന്നണിയുടെ തോൽവിയ്ക്ക് പിന്നാലെ സി.പി.ഐയിൽ പുകയുന്നത് കടുത്ത അസ്വാരസ്യം. ജന്മനാട്ടിലേറ്റ തോൽവി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് നാണക്കേടായപ്പോൾ പാർട്ടിയുടെ ശക്തി കേന്ദ്രമായ തലയാഴത്തുണ്ടായ തിരിച്ചടി നേതൃത്വത്തിന്റെ ഉറക്കം കെടുത്തും.
വൈക്കത്തെ വിഭാഗീയത അവസാനിപ്പിച്ചില്ല, താഴേയ്ക്കിടയിലുള്ള പ്രതിസന്ധികൾ പരിഹരിച്ചില്ല. ഇതിലുള്ള അണികളുടെ അതിശക്തമായ എതിർപ്പാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്നാണ് വിലയിരുത്തൽ.
വൈക്കത്ത് സി.പി.ഐയിൽ നിന്ന് കൊഴിഞ്ഞു പോയവരിലേറെയും ചേക്കേറിയത് ബി.ജെ.പിയിലേയ്ക്കാണ്. അവസാനം കെ.അജിത് ഉൾപ്പെടെ പോയപ്പോഴും പോകുന്നവർ പോകട്ടേയെന്ന നിലപാടാണ് നേതൃത്വം സ്വീകരിച്ചത്. തിരഞ്ഞെടുപ്പ് അടുത്തപ്പോഴുണ്ടായ കർഷക ആത്മഹത്യയും തിരിച്ചടിയായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തോൽവിയ്ക്ക് പിന്നാലെ പാർട്ടി വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ തർക്കവും ആരംഭിച്ചു. പാർലമെന്റ് തിരഞ്ഞെടുപ്പിൽ 2019 ൽ വി.എൻ.വാസവനും, 2024ൽ തോമസ് ചാഴികാടനും വൈക്കത്ത് മാത്രം ലീഡ് ചെയ്തപ്പോഴാണ് പാർട്ടി കേഡറായ സ്ഥാനാർത്ഥിയുടെ പരാജയം.
2021 ൽ സി.കെ.ആശയ്ക്ക് ലഭിച്ചത് 71388 വോട്ടുകളാണെങ്കിൽ ഇക്കുറിയത് 51584 വോട്ടുകളായി കുറഞ്ഞു. എൽ.ഡി.എഫിന് 19804 വോട്ടുകൾ കുറഞ്ഞപ്പോൾ, യു.ഡി.എഫ് 52944 വോട്ടുകൾ പിടിച്ച് മുൻ വർഷത്തേക്കാൾ 10678 വോട്ടുകൾ വർദ്ധിപ്പിച്ചു.
ബി.ഡി.ജെ.എസിൽ നിന്ന് ബി.ജെ.പി ഏറ്റെടുത്ത സീറ്റിൽ 8344 വോട്ട് ഉയർത്താനായി. ചെമ്പ്, ഉദയനാപുരം പഞ്ചായത്തിലടക്കം കാര്യമായ ലീഡ് നേടാൻ കഴിയാതെ വന്നതും പാർട്ടി കോട്ടയായ തലയാഴത്ത് ആയിരത്തിലേറെ വോട്ടുകൾക്ക് പിന്നിലായതുമാണ് പ്രദീപിന് വിനയായത്.
മുൻ എം.എൽ.എയ്ക്ക് എതിരായ വികാരവും വോട്ടിൽ പ്രതിഫലിച്ചെന്നാണ് വിലയിരുത്തൽ. പാർട്ടിയെ വിമർശിച്ചാൽ വർഗശത്രുവിനെപ്പോലെയാണ് നേതാക്കൾ പെരുമാറുന്നതെന്നായിരുന്നു പാർട്ടി വാട്സ് ആപ്പ് ഗ്രൂപ്പിലെ പ്രതികരണങ്ങളിൽ ഒന്ന്.







