play-sharp-fill
സംസ്ഥാനത്ത് അതിശക്തമായ മഴയും കാറ്റും : പെരിയാറിൽ ജലനിരപ്പ് ഉയരുന്നു, എറണാകുളം ഡിടിപിസിയുടെ കീഴിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ യാത്രക്കാർക്ക് വിലക്ക്, മലയാറ്റൂർ വനം ഡിവിഷന് കീഴിലുള്ള ഇക്കോ ടൂറിസ്റ്റ് കേന്ദ്രവും അടയ്ക്കും

സംസ്ഥാനത്ത് അതിശക്തമായ മഴയും കാറ്റും : പെരിയാറിൽ ജലനിരപ്പ് ഉയരുന്നു, എറണാകുളം ഡിടിപിസിയുടെ കീഴിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ യാത്രക്കാർക്ക് വിലക്ക്, മലയാറ്റൂർ വനം ഡിവിഷന് കീഴിലുള്ള ഇക്കോ ടൂറിസ്റ്റ് കേന്ദ്രവും അടയ്ക്കും

കൊച്ചി : അതിശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ എറണാകുളം ഡിടിപിസി യുടെ കീഴിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു.മഴ മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെയാണിത്.

മലയാറ്റൂർ വനം ഡിവിഷനു കീഴിലുളള ഇക്കോ ടൂറിസം കേന്ദ്രങ്ങളും അടച്ചിടുന്നുണ്ട്. കാലടി മഹാഗണിത്തോട്ടം, ഭൂതത്താൻകെട്ട്, പാണിയേലിപോര് എന്നീ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ ബുധൻ, വ്യാഴം, വെള്ളി ( ജൂലൈ 31, ഓഗസ്റ്റ് 1, 2) ദിവസങ്ങളിലാണ് അടച്ചിടുക. കൊച്ചിയില്‍ മഴക്കെടുതി തുടരുകയാണ്.

പറവൂർ, ആലുവ, കോതമംഗലം പ്രദേശങ്ങളിലായി നിരവധി വീടുകളില്‍ വെള്ളം കയറി. ഭൂതത്താൻകെട്ട് ഡാമിൻ്റെ എല്ലാ ഷട്ടറുകളും തുറന്നിട്ടുണ്ട്. പെരിയാറില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. പെരിയാറില്‍ നിന്ന് കൈവഴികളിലൂടെ സമീപത്തെ പാടശേഖരങ്ങളിലേക്കും താഴ്ന്നഭാഗങ്ങളിലേക്കും വെള്ളം കയറി തുടങ്ങി. കല്ലാർകുട്ടി ഡാമിന്റെ നാല് ഷട്ടറുകള്‍ 90 സെൻറീമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുതിരപ്പുഴയാർ, പെരിയാർ നദികളുടെ തീരങ്ങളില്‍ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടം നിർദ്ദേശം നല്‍കിയിട്ടുണ്ട്. കാലടി, മാർത്താണ്ഡവർമ പാലം എന്നിവിടങ്ങളിലെ ജലനിരപ്പ് മുന്നറിയിപ്പിനും മുകളിലായിട്ടുണ്ട്. പാതാളം ആർ സി ബിയുടെ പന്ത്രണ്ട് ഷട്ടറുകള്‍ ഉയർത്തി. കണക്കൻ കടവ് ആർ സി ബിയുടെ പത്ത് ഷട്ടറുകളും ഉയർത്തിയിട്ടുണ്ട്.

മൂവാറ്റുപുഴയിലും തൊടുപുഴയിലും ജലനിരപ്പ് അപകട നിരപ്പിനും മുകളിലാണ്. കാളിയാർ, കോതമംഗലം കക്കാടശ്ശേരിയിലും ജലനിരപ്പ് മുന്നറിയിപ്പ് ലെവലിനും മുകളിലാണ്.