ഡ്യൂറാൻഡ് കപ്പ്: ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് സമനില
ഗുവാഹത്തി: സമനിലയോടെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഡ്യുറണ്ട് കപ്പ് ആരംഭിച്ചത്. ഇന്ന് നടന്ന ഗ്രൂപ്പ് ഡി മത്സരത്തിൽ ഐ ലീഗ് ക്ലബ് സുദേവ ഡൽഹി കേരള ബ്ലാസ്റ്റേഴ്സിനോട് സമനിലയിൽ പിരിഞ്ഞു. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി. ബ്ലാസ്റ്റേഴ്സിനായി റിസർവ് ടീമാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്.
ഗുവാഹത്തിയിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ആദ്യം ലീഡ് നേടി. 42-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ലീഡെടുത്തു.മുഹമ്മദ് അജ്സലാണ് സുദേവയുടെ വലകുലുക്കിയത്. എന്നാൽ മൂന്ന് മിനിറ്റിനകം സുദേവ ഒപ്പമെത്തി. സുദേവയ്ക്ക് വേണ്ടി വലകുലുക്കിയത് മംഗു കുക്കിയാണ്. രണ്ടാം പകുതിയിൽ ഇരുടീമുകളും പരമാവധി ശ്രമിച്ചെങ്കിലും വിജയഗോൾ പിറന്നില്ല. ഇതോടെ ഇരുപക്ഷവും പോയിന്‍റ് പങ്കിട്ടു.
ഉത്‌ഘാടന മത്സരത്തിൽ എഫ്സി ഗോവ ഇന്ത്യൻ എയർഫോഴ്സിനെ തോൽപ്പിച്ചു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ജയം. മലയാളി താരം മുഹമ്മദ് നെമിലാണ് ഗോവയ്ക്കായി വിജയഗോൾ നേടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group