അനധികൃത മദ്യവിൽപന ചോദ്യം ചെയ്ത കെ.എസ്.യു നേതാക്കളെ കോൺഗ്രസ് നേതാവ് അകത്താക്കി; ഡ്രൈഡേയിൽ മദ്യം വിൽപ്പുന്നത് പാലായിലെ കോൺഗ്രസിന്റെ പ്രാദേശിക നേതാവ്

അനധികൃത മദ്യവിൽപന ചോദ്യം ചെയ്ത കെ.എസ്.യു നേതാക്കളെ കോൺഗ്രസ് നേതാവ് അകത്താക്കി; ഡ്രൈഡേയിൽ മദ്യം വിൽപ്പുന്നത് പാലായിലെ കോൺഗ്രസിന്റെ പ്രാദേശിക നേതാവ്

സ്വന്തം ലേഖകൻ

പാലാ: ഡ്രൈഡേയിൽ മദ്യവിൽക്കുന്നതിനെ ചോദ്യം ചെയ്ത കെ.എസ്.യു നേതാക്കളെ വ്യാജ പരാതി നൽകി കോൺഗ്രസിന്റെ പ്രാദേശിക നേതാവ് അകത്താക്കി. കടയിലെ സിസിടിവി ദൃശ്യങ്ങൾ അടക്കം ലഭിച്ചിട്ടും ഇതൊന്നും പരിശോധിക്കാതെയാണ് യുവ നേതാക്കളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇതിനെതിരെ കോ്ൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്.
തിങ്കളാഴ്ച രാത്രി ഒൻപതരയോടെ പാലാ നഗരത്തിലെ സ്ഥാപനത്തിലായിരുന്നു സംഭവം. പാലായിലെ പ്രാദേശിക നേതാവും നിയുക്ത ബ്ലോക്ക് സെക്രട്ടറിയുമായ ഷോജി ഗോപിയുടെ കടയിൽ ഒൻപതരയോടെ എത്തിയതായിരുന്നു ഒരു വിഭാഗം കെ.എസ്.യു നേതാക്കൾ. എന്നാൽ, ഷോജി ഗോപി ഈ സമയം കടയിൽ മദ്യം വിറ്റിരുന്നതായി യുവജന വിഭാഗം നേതാക്കൾ പറയുന്നു. കടയിൽ മദ്യം വിൽക്കുന്നതിനെ കെ.എസ്.യു പ്രവർത്തകർ ചോദ്യം ചെയ്തു. നിങ്ങൾ പൊതു പ്രവർത്തകനും കോൺഗ്രസിന്റെ മാതൃകയാകേണ്ടുന്ന ആളുമല്ലേ എന്നായിരുന്നു കെ.എ്‌സ്.യു പ്രവർത്തകർ ചോദിച്ചത്. എന്നാൽ, ഇത് കേട്ടതും മദ്യലഹരിയിലായിരുന്ന ഷോജി അസഭ്യത്തോടെ പ്രവർത്തകരെ കടന്നാക്രമിക്കുകയായിരുന്നു.
തുടർന്ന് പാലാ പൊലീസിനെ വിളിച്ചു വരുത്തി തന്റെ സ്ഥാപനം ആക്രമിക്കാൻ ശ്രമിച്ചതായി കള്ളക്കേസ് നൽകി. തുടർന്ന് സ്ഥലത്ത് എത്തിയ പൊലീസ് സംഘം കെ.എസ്.യു നിയോജക മണ്ഡലം പ്രസിഡന്റ് അടക്കം നാലു പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്തു. തുടർന്ന് ഇവരെ സ്റ്റേഷനിലേയ്ക്ക് എത്തിച്ചു. ഇതോടെ കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. കോൺഗ്രസ് നേതാവ് തന്നെ മദ്യനിരോധന ദിനത്തിൽ മദ്യ വിൽപ്പനയ്ക്ക് നേതൃത്വം നൽകിയത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. മദ്യം വിറ്റ കേസിൽ കോൺഗ്രസിൽ പ്രതിഷേധം ശക്തമായതോടെ, ഷോജി നേരത്തെയും മദ്യം വിറ്റതിന് പിടിയിലായ വിവരവും പുറത്തു വന്നു. അനധികൃത മദ്യവിൽപ്പനയുടെ പേരിൽ ഷോജിയെ നേരത്തെ എക്‌സൈസ് സംഘം പിടികൂടിയിരുന്നു.