ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരണം : ഹൈക്കോടതി നിലപാട് മന്ത്രിക്ക് അനുകൂലം ; ട്രാൻസ്പോര്‍ട്ട് കമ്മീഷണറുടെ സര്‍ക്കുലറിന് സ്റ്റേ ഇല്ല
തിരുവനന്തപുരം : ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ട്രാൻസ്പോർട്ട് കമ്മീഷണറുടെ സർക്കുലറിന് സ്റ്റേ ഇല്ല. പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി. പരിഷ്‌കരണം സ്റ്റേ ചെയ്യണമെന്ന ഹർജികളിലെ ആവശ്യം കോടതി നിരാകരിച്ചു.
ഇതോടെ ഡ്രൈവിങ് സ്‌കൂളുകള്‍ക്ക് കനത്ത തിരിച്ചടിയായി. മന്ത്രി ഗണേശ് കുമാറിന്റെ പരിഷ്‌കാരങ്ങള്‍ക്ക് നിയമ പരിരക്ഷ കിട്ടുകയും ചെയ്തു. അതിനിടെ പരിഷ്‌കാരം നടന്ന് രണ്ടാം ദിവസവും ഡ്രൈവിങ് സ്‌കൂളുകള്‍ പ്രതിഷേധത്തിലാണ്. ഇന്നും ഡ്രൈവിങ് പരീക്ഷ നടന്നില്ല. അതിനിടെ ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുമായി ട്രാൻസ് പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടു.
ഗതാഗത കമ്മീഷണർ ഇറക്കിയ ഡ്രൈവിങ് ടെസ്റ്റിന് പരിഷ്‌കാരം ഏർപ്പെടുത്തിക്കൊണ്ടുള്ള 4/ 2024 എന്ന സർക്കുലർ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍, ജീവനക്കാർ, യൂണിയൻ പ്രതിനിധികള്‍ തുടങ്ങിയവർ കോടതിയെ സമീപിച്ചത്. നാലു ഹർജികളാണ് ജസ്റ്റിസ് കൈസർ എടപ്പഗത്തിന്റെ ബെഞ്ച് പരിഗണിച്ചത്. ഗതാഗത കമ്മീഷണറുടെ സർക്കുലർ അടിയന്തരമായി സ്റ്റേ ചെയ്ത് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനുള്ള സാഹചര്യം കാണുന്നില്ലെന്ന് കോടതി വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേസില്‍ വിശദമായ വാദം പിന്നീട് കേള്‍ക്കും. അതേസമയം ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരായ സമരം തുടരും. ഈ കേസിലെ അന്തിമ വിധിയും മോട്ടാർ വാഹന വകുപ്പിന് നിർണ്ണായകമാകും.