കോട്ടയത്തെ മോട്ടോർ വാഹനവകുപ്പിന് കമ്പി കുത്താൻ ഇടമായി; തൽക്കാലം എട്ടും എച്ചും ഇനി ചെങ്ങളത്തുകാവ് ക്ഷേത്രമൈതാനത്ത് എടുക്കാം; ഡ്രൈവിംങ് ടെസ്‌റ്റ് നടത്താൻ ദേവസ്വം ബോർഡിൽ നിന്ന് അനുമതി ലഭിച്ചു; സ്ഥിരം സംവിധാനമില്ലാത്തതിനാൽ സർക്കാർ ഇടപെടൽ ഇല്ലെങ്കിൽ കമ്പിയുമായി തെക്ക് വടക്ക് നടക്കേണ്ട ഗതി വരുമെന്ന് മോട്ടോർ വാഹനവകുപ്പ്; തിരിഞ്ഞുനോക്കാതെ അധികൃതർ
കോട്ടയം: ക്ഷേത്രമൈതാനത്ത് എട്ടും, എച്ചുമെടുക്കാൻ തയ്യാറായി മോട്ടോർ വാഹനവകുപ്പ്.
മോട്ടോർ വാഹനവകുപ്പിൻ്റെ ഡൈവിംങ് ടെസ്‌റ്റുകളുടെ സ്ഥലം മാറ്റി. ചെങ്ങളത്തുകാവ് ദേവീ ക്ഷേത്ര മൈതാനത്തിലാണ് ഇനി ടെസ്‌റ്റുകൾ നടക്കുക. രണ്ട് എച്ചും ഒരു എട്ടും എടുക്കാൻ ഇവിടെ സ്ഥലം ലഭ്യമായി.
കളത്തിപ്പടിയിലെ ഒരു സ്വകാര്യ മൈതാനത്തായിരുന്നു ടെസ്‌റ്റ് നടന്നു വന്നിരുന്നത്. ഇവിടെ നിന്ന് ഒഴിയണമെന്ന് സ്ഥലം ഉടമ ആവശ്യപ്പെട്ടതനുസരിച്ചാണ് മോട്ടോർ വാഹനവകുപ്പിൻ്റെ ടെസ്‌റ്റ് ഇവിടേക്ക് മാറ്റിയത്. മൈതാനം ഉപയോഗിക്കുന്നതിന് വകുപ്പ് ദേവസ്വം ബോർഡിൽ നിന്നും പ്രത്യേക അനുമതി വാങ്ങിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ ഉടമസ്ഥതയിലുള്ള ക്ഷേത്രമാണ് ചെങ്ങളത്തുകാവ് ദേവീ ക്ഷേത്രവും മൈതാവും. ടെസ്‌റ്റ് നടത്തുന്ന മൈതാനം മാറ്റിയ വിവരം ഡ്രൈവിംങ് സ്‌കൂളുകളെയും മറ്റും വാട്‌സാപ്പ് വഴിയുള്ള സന്ദേശം വഴിയാണ് അധികൃതർ അറിയിച്ചത്.
ഇപ്പോൾ എല്ലാ ദിവസം ഡ്രൈവിംങ് ടെസ്‌റ്റ് നടക്കുന്നുണ്ട്. രാവിലെയും ഉച്ചയ്‌ക്കും രണ്ട് ബാച്ചായി നടത്തുന്ന ടെസ്‌റ്റിൽ 120 പേരാണ് പങ്കെടുക്കുക. പതിനായിരക്കണക്കിന് ലേണേഴ്‌സ് ടെസ്‌റ്റിനുള്ള അപേക്ഷകളാണ് കോവിഡ് കാലത്ത് കെട്ടികിടക്കുന്നത്. ഇവയിൽ പലതും ഇപ്പോഴാണ് നൽകിവരുന്നത്.
കോവിഡ് സാഹചര്യത്തിൽ ടെസ്‌റ്റ് നിത്തിവെച്ചിരുന്നു. അതിനാൽ അപേക്ഷകൾ പരിഹരിക്കാൻ സാധിച്ചിട്ടില്ല.
കുമാരനല്ലൂരിലെ മൈതാനത്തായിരുന്നു കഴിഞ്ഞ കുറച്ച് വർഷങ്ങളായി ടെസ്‌റ്റ് നടന്ന് വന്നിരുന്നത്. ഇവിടുത്തെ കരാർ കഴിഞ്ഞതിനെതുടർന്നാണ് കളത്തിപ്പടിയിലേയ്‌ക്ക് മാറ്റിയത്.
ഡ്രൈവിംങ് ടെസ്‌റ്റ് സ്ഥിരമായി നടത്തുവാൻ സ്ഥലം തേടി അലയുകയാണ് കോട്ടയത്തെ മോട്ടോർ വാഹനവകുപ്പ്. ഇതിനായി സർക്കാർ ഉടമസ്ഥതയിലുള്ള പുറമ്പോക്ക് സഥലത്ത് എവിടെയങ്കിലും അനുവദിക്കണമെന്ന ആവശ്യപ്പെട്ട് നിരവധി അപേക്ഷകളും അധികൃതർ നൽകിയിട്ടുണ്ട്.
എന്നാൽ നാളിതുവരെയായിട്ടും ഇതിനൊന്നും അംഗീകാരം ലഭിച്ചിട്ടില്ല. സർക്കാർ ഇടപെടൽ ഇല്ലെങ്കിൽ ഇനി ഇവിടെ നിന്നും മാറാൻ പറഞ്ഞാൽ മണ്ണിൽ കുത്തേണ്ട കമ്പിയുമായി വീണ്ടും പുറത്തേയ്‌ക്ക് പോകേണ്ടിവരും.