ഡി.ജി.പി ജേക്കബ് തോമസിന്റെ സസ്പെൻഷൻ നാല് മാസത്തേക്ക് നീട്ടി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരായി പ്രസംഗിച്ച ഡി.ജി.പി ജേക്കബ് തോമസിന്റെ സസ്പെൻഷൻ നാല് മാസത്തേക്ക് കൂടി നീട്ടി. ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയുടെ ശുപാർശ അനുസരിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ സസ്പെൻഷൻ കാലാവധി നീട്ടിയത്. ഓഖി ചുഴലിക്കാറ്റിനേയും അഴിമതിയേയും ചേർത്ത് സർക്കാരിനെതിരായി പ്രസംഗിച്ചതിനെ തുടർന്ന് ജേക്കബ് തോമസിനെ സസ്പെൻഡ് ചെയ്തത് കഴിഞ്ഞവർഷം ഡിസംബറിൽ കേന്ദ്ര സർക്കാർ തടഞ്ഞിരുന്നു. തുടർന്ന് അനുവാദമില്ലാതെ പുസ്തകമെഴുതിയെന്ന കാരണം ചൂണ്ടിക്കാട്ടി സർക്കാർ അദ്ദേഹത്തെ സസ്പെൻഡ് ചെയ്യുകയും അദ്ദേഹത്തിനെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ഇത് പൂർത്തിയാകാത്ത സാഹചര്യത്തിലാണ് സസ്പെൻഷൻ നീട്ടിയത്. കഴിഞ്ഞ എട്ട് മാസമായി സസ്പെൻഷനിലാണ് ജേക്കബ് തോമസ്. ഒരു വർഷം വരെ ഐ.പി.എസ് ഉദ്യോഗസ്ഥനെ സസ്പെൻഷനിൽ നിർത്താനുള്ള അധികാരം സംസ്ഥാന സർക്കാരിനുണ്ട്. എന്നാൽ, അതിന് ശേഷം സസ്പെൻഷൻ നീട്ടണമെങ്കിൽ കേന്ദ്ര സർക്കാരിന്റെ അനുമതി വാങ്ങണം. നാല് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാനാണ് സർക്കാരിന്റെ നീക്കം.