
സ്വന്തം ലേഖിക
ന്യൂഡൽഹി: ഡൽഹിയില്‍ പുതുവത്സര ദിനത്തില്‍ യുവതി കാറിനടിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തിലെ ദുരൂഹത നീങ്ങിയില്ല.
അഞ്ജലി സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് അപകടസമയത്ത് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നിധി നടത്തിയത്. അഞ്ജലി കാറിന് അടിയില്‍ കുടുങ്ങി എന്നറിഞ്ഞിട്ടും യുവാക്കള്‍ വാഹനം മുന്നോട്ടെടുക്കുകയായിരുന്നുവെന്നാണ് ഒപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ മൊഴി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാറിന് അടിയില്‍ അഞ്ജലികുടുങ്ങിയെന്ന് കാറിലുണ്ടായിരുന്നവര്‍ക്ക് അറിയാമായിരുന്നു. അവള്‍ ഉച്ചത്തില്‍ കരയുന്നുണ്ടായിരുന്നു. എന്നാല്‍ കാറിലുണ്ടായിരുന്നവര്‍ അതറിഞ്ഞിട്ടും വാഹനം നിര്‍ത്തിയില്ല.
താന്‍ അതുകണ്ട് പേടിച്ചാണ് സ്ഥലത്തു നിന്നും പോയതെന്നും നിധി മൊഴി നല്‍കി. അഞ്ജലി മദ്യപിച്ചിട്ടുണ്ടായിരുന്നു. എന്നിട്ടും സ്കൂട്ടറില്‍ പോകാന്‍ നിര്‍ബന്ധിച്ചുവെന്നും നിധിയുടെ മൊഴിയിലുണ്ട്.
പുതുവത്സര ആഘോഷങ്ങള്‍ക്കായി കഞ്ചാവാലയിലെ ഹോട്ടലിലെത്തിയ അഞ്ജലിയും സുഹൃത്ത് നിധിയും അവിടവെച്ച് വഴക്കിട്ടെന്നും, ശേഷം ഒരുമിച്ചാണ് സ്കൂട്ടറില്‍ അപകടം നടന്നയിടത്തേക്ക് പോയതെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. നിധിയെയും ഹോട്ടലില്‍ ആഘോഷങ്ങളില്‍ പങ്കെടുത്ത ചില യുവാക്കളെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.
പുതുവത്സര ദിവസത്തിലുണ്ടായ ദാരുണ സംഭവത്തിന്റെ ഞെട്ടലിലാണ് ഡൽഹി. സിബിഐ അന്വേഷണം വേണമെന്നും അറസ്റ്റിലായ അഞ്ച് പ്രതികളെയും തൂക്കി കൊല്ലണമെന്നും കൊല്ലപ്പെട്ട അഞ്ജലിയുടെ അമ്മ ആവശ്യപ്പെട്ടു. സംസ്കാര ചടങ്ങുകള്‍ നടന്നു എന്നതുകൊണ്ട് ആരും മിണ്ടാതിരിക്കില്ലെന്നും യുവതിയുടെ അമ്മ വ്യക്തമാക്കി.







