ആഗ്രയിൽ ദളിത് എംബിബിഎസ് വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ; പ്രിൻസിപ്പാളടക്കം അഞ്ച് പേർക്കെതിരെ കേസ്; ദളിതനായതിനാൽ കോളേജ് അധികൃതർ മകനെ ചൂഷണം ചെയ്തിരുന്നതായി വിദ്യാർത്ഥിയുടെ മാതാപിതാക്കളുടെ പരാതി
ആഗ്ര: ഫിറോസാബാദ് മെഡിക്കൽ കോളേജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 21കാരനായ ശൈലേന്ദ്ര കുമാറാണ് മരണപ്പെട്ടത്.
ദളിതനായതിനാൽ കോളേജ് അധികൃതർ മകനെ ചൂഷണം ചെയ്തിരുന്നതായി ശൈലേന്ദ്ര കുമാറിന്റെ കുടുംബം ആരോപിച്ചു. സംഭവത്തിൽ പട്ടിക ജാതി-പട്ടിക വർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമ പ്രകാരം പൊലീസ് അഞ്ച് പേർക്കെതിരെ കേസെടുത്തു.
‘കോളേജിലെ പ്രശ്നങ്ങൾക്കെതിരെയും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിനും എതിരെ എന്റെ മകൻ പ്രതികരിക്കാറുണ്ടായിരുന്നു. അതിനാൽ പരീക്ഷയിൽ തോൽപ്പിക്കുമെന്നും സസ്‌പെൻഡ് ചെയ്യുമെന്നും കോളേജ് അധികൃതർ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച രാവിലെ നടന്ന ഫിസിയോളജി പരീക്ഷ എഴുതാൻ അവനെ അനുവദിച്ചില്ല. മണിക്കൂറുകൾക്ക് ശേഷമാണ് മകനെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്’ പിതാവ് ഉദയ് സിംഗ് ശങ്ക്‌വാർ ആരോപിച്ചു. അടുത്തിടെ ആരംഭിച്ച കോളേജ് സംസ്ഥാന സർക്കാരിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പിതാവിന്റെ പരാതിയിൽ കോളേജ് പ്രിൻസിപ്പൽ ഡോ. സംഗീത അനീജ, പരീക്ഷാ കൺട്രോളർ ഗൗരവ് സിംഗ്, ഹോസ്റ്റൽ വാർഡൻമാരായ മുനീഷ് ഖന്ന, നൗഷർ ഹുസൈൻ, കമ്പ്യൂട്ടർ ഓപ്പറേറ്റർ ആയുഷ് ജെയിൻ എന്നിവർക്കെതിരെ ഐപിസി സെക്ഷൻ 306 എന്നിവയും ചുമത്തിയിട്ടുണ്ട്. മരണത്തിൽ പ്രതിഷേധം വ്യാപകമായതിനാൽ കനത്ത സുരക്ഷയൊരുക്കിയാണ് വിദ്യാർത്ഥിയുടെ അന്ത്യകർമ്മങ്ങൾ നടത്തിയതെന്ന് പൊലീസ് പറഞ്ഞു.