Spread the love

ലക്നൗ: ഉത്തർ പ്രദേശില്‍ മുതലയുടെ ആക്രമണത്തില്‍ കാണാതായ യുവാവിനായി തെരച്ചില്‍ ശക്തം. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ആണ് സംഭവം.

video
play-sharp-fill

സരയൂ നദിയില്‍ കുളിക്കാനിറങ്ങിയ ഗ്രേറ്റർ നോയിഡ സ്വദേശി ദീപക് ശർമയെ (30) ആണ് മുതല കടിച്ചുവലിച്ചു കൊണ്ടുപോയത്. ഉടൻതന്നെ ബോട്ട് ഉപയോഗിച്ചു തെരച്ചില്‍ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായിട്ടില്ല.

ഭാര്യാമാതാവ് ഊർമിള ദേവിയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനായി ഗോണ്ട ജില്ലയിലെ ഉമ്രി ഗ്രാമത്തില്‍ എത്തിയതായിരുന്നു ദീപക് ശർമ. മൃതദേഹം ദഹിപ്പിക്കാനായി നദീയോരത്ത് ചിതയൊരുക്കാൻ സഹായിച്ച ശേഷം നദിയില്‍ കുളിക്കാനിറങ്ങിയതിനിടെ ആണ് ദീപക്കിന് നേരെ ആക്രമണം ഉണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൈയും കാലും കഴുകുന്നതിനിടെ പെട്ടെന്ന് പൊങ്ങിവന്ന മുതല യുവാവിൻ്റെ തലയില്‍ കടിച്ചു വലിച്ചുകൊണ്ടുപോകുകയായിരുന്നു. കുളിക്കാനിറങ്ങി സെക്കൻഡുകള്‍ക്കകമാണ് ആക്രമണം ഉണ്ടായതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

നദിയില്‍ ഇറങ്ങരുതെന്ന് ദീപക്കിനോട് നി‍ർദേശിച്ചിരുന്നുവെന്നും എന്നാല്‍ അത് ചൊവിക്കൊണ്ടില്ലെന്നും ദൃക്സാക്ഷി പറഞ്ഞു. ഓടിക്കൂടിയ നാട്ടുകാരും സ്ഥലത്തെ വള്ളക്കാരും ചേർന്ന് ഉടൻതന്നെ യുവാവിനായി തെരച്ചില്‍ ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല. സംഭവത്തെ തുട‍ർന്ന് പൊലീസും ജില്ലാ ഭരണകൂട അധികൃതരും സ്ഥലത്തെത്തി. റവന്യൂ വകുപ്പിൻ്റെ നേതൃത്വത്തില്‍ തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. വിശദ പരിശോധനയ്ക്കായി ലഖ്നൗവില്‍ നിന്നുള്ള സംസ്ഥാന ദുരന്ത നിവാരണ സേനയെ ജില്ലാ ദുരന്ത നിവാരണ വിഭാഗം വിളിച്ചിട്ടുണ്ട്.