Spread the love

തിരുവനന്തപുരം: യു.ഡി.എഫ്. പ്രഖ്യാപിച്ച ‘ഇന്ദിരാ ഗാരന്റി’ പ്രകാരം കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ സ്ത്രീകള്‍ക്ക് പ്രഖ്യാപിച്ച സൗജന്യയാത്രാ ആനുകൂല്യം ഓര്‍ഡിനറി സര്‍വീസുകളില്‍ മാത്രമായി പരിമിതപ്പെടുത്തും.
ഫാസ്റ്റ് പാസഞ്ചര്‍, ലിമിറ്റഡ് സ്റ്റോപ്പ്, സൂപ്പര്‍ ക്ലാസ് ബസുകളില്‍ ഈ ആനുകൂല്യം ലഭ്യമാകില്ല. സാമ്പത്തിക വരുമാനപരിധിയില്ലാതെ സംസ്ഥാനത്തെ എല്ലാ സ്ത്രീകള്‍ക്കും ഓര്‍ഡിനറി ബസുകളില്‍ സൗജന്യമായി യാത്ര ചെയ്യാമെന്നതാണ് പദ്ധതിയുടെ പ്രധാന ആകര്‍ഷണമെങ്കിലും, കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കെ.എസ്.ആര്‍.ടി.സി.ക്കും സര്‍ക്കാരിനും ഇത് വരുത്തിവെക്കുന്ന അധികബാധ്യത ചെറുതല്ല. മാസംതോറും കോടിക്കണക്കിന് രൂപയുടെ അധിക ബാധ്യത വരുത്തുന്ന ഈ പദ്ധതി കെ.എസ്.ആര്‍.ടി.സി.യുടെ നിലനില്‍പ്പിനെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തില്‍ വിശദമായ സാമ്പത്തിക വിശകലനങ്ങള്‍ അനിവാര്യമായിരിക്കുകയാണ്.

video
play-sharp-fill

കെ.എസ്.ആര്‍.ടി.സി.യുടെ ദീര്‍ഘദൂര സര്‍വീസുകളെയോ പ്രീമിയം സര്‍വീസുകളെയോ ബാധിക്കാത്ത രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ആകെയുള്ള 4700 ഓളം ബസുകളില്‍ മൂവായിരത്തോളം ഓര്‍ഡിനറി ബസുകളാണുള്ളത്. ഇതില്‍ 300 സിറ്റി ഫാസ്റ്റുകള്‍ ഒഴുവാക്കിയുള്ള ഓര്‍ഡിനറി സര്‍വീസുകളില്‍ മാത്രമായിരിക്കും സ്ത്രീകള്‍ക്ക് സൗജന്യയാത്ര. ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ്, എക്‌സ്പ്രസ് അടക്കമുള്ള 1400 സൂപ്പര്‍ ക്ലാസ് ബസുകളിലും 300 ഫാസ്റ്റ് പാസഞ്ചറുകളിലും പതിവുപോലെ സ്ത്രീകള്‍ ടിക്കറ്റ് എടുക്കേണ്ടി വരും. ഓര്‍ഡിനറി ബസുകളെ മാത്രം ആശ്രയിക്കുന്ന സാധാരണക്കാരായ സ്ത്രീകള്‍ക്ക് ഇത് വലിയ ആശ്വാസമാകുമെങ്കിലും ലിമിറ്റഡ് സ്റ്റോപ്പ് സര്‍വീസുകളെ ആശ്രയിക്കുന്ന വലിയൊരു വിഭാഗത്തിന് ഇതിന്റെ പ്രയോജനം ലഭിക്കില്ല.

കര്‍ണാടക, തെലങ്കാന, ആന്ധ്രപ്രദേശ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര നടപ്പാക്കിയപ്പോള്‍ പ്രത്യേക യാത്രാ കാര്‍ഡുകളോ തിരിച്ചറിയല്‍ രേഖകളോ നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ കേരളത്തില്‍ ഇത്തരം മാനദണ്ഡങ്ങളോ പ്രത്യേക കാര്‍ഡുകളോ ഇല്ലാതെയാകും പദ്ധതി നടപ്പിലാക്കുക. തമിഴ്നാട്ടില്‍ നിലവിലുള്ളതിന് സമാനമായ മാതൃകയാണിത്. ധനിക-ദരിദ്ര ഭേദമന്യേ വരുമാനപരിധി നിശ്ചയിക്കാതെ എല്ലാ സ്ത്രീകള്‍ക്കും ഓര്‍ഡിനറി ബസുകളില്‍ സൌജന്യയാത്ര അനുവദിക്കുന്നത് വഴി തടസ്സങ്ങളില്ലാത്ത യാത്രാസൗകര്യം ഒരുക്കുകയാണ് ലക്ഷ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആശയപരമായി പദ്ധതി മികച്ചതാണെങ്കിലും ഇതിന്റെ സാമ്പത്തിക വശം സര്‍ക്കാരിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്നതോടെ കെ.എസ്.ആര്‍.ടി.സി.ക്ക് പ്രതിമാസം 90 കോടിയോളം രൂപയുടെ വരുമാന നഷ്ടം (അധികബാധ്യത) ഉണ്ടാകും. നിലവില്‍ ജീവനക്കാരുടെ ശമ്പളത്തിനായി 50 കോടിയും പെന്‍ഷന്‍ വിതരണത്തിനായി 80 കോടിയും സര്‍ക്കാര്‍ നേരിട്ടാണ് നല്‍കുന്നത്. ഇതിനുപുറമെയാണ് ഇന്ധനവില വര്‍ധനവ് മൂലമുണ്ടാകുന്ന പ്രതിമാസ മൂന്ന് കോടിയുടെ അധിക ബാധ്യത. പുതിയ പദ്ധതി കൂടി നിലവില്‍ വരുന്നതോടെ സര്‍ക്കാരിന് കെ.എസ്.ആര്‍.ടി.സി.ക്കായി മാത്രം മാസംതോറും 220 കോടി രൂപയോളം സബ്സിഡിയായി നല്‍കേണ്ടി വരും.

വരുമാനനഷ്ടം ഉണ്ടാകുമെങ്കിലും പദ്ധതിയിലൂടെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഒരു പുതിയ വരുമാന സ്രോതസ്സ് തുറക്കുമെന്നാണ് കെ.എസ്.ആര്‍.ടി.സി. മാനേജ്‌മെന്റിന്റെ കണക്കുകൂട്ടല്‍. സ്ത്രീകള്‍ക്ക് യാത്ര സൗജന്യമാകുമ്പോള്‍ കുടുംബാംഗങ്ങളായ പുരുഷന്മാരും അവരോടൊപ്പം കെ.എസ്.ആര്‍.ടി.സി.യെ ആശ്രയിക്കാന്‍ സാധ്യതയേറെയാണ്. കുടുംബത്തോടൊപ്പമുള്ള യാത്രകളില്‍ സ്വകാര്യ ബസുകളെയും സമാന്തര വാഹനങ്ങളെയും ഒഴുവാക്കി ആളുകള്‍ ഓര്‍ഡിനറി ബസുകളിലേക്ക് എത്തുമ്പോള്‍ അത് പുരുഷന്മാരുടെ ടിക്കറ്റ് നിരക്കിലൂടെ കെ.എസ്.ആര്‍.ടി.സി.ക്ക് അധിക വരുമാനം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ ഒരു ഓര്‍ഡിനറി ബസില്‍ ദിവസം 700 മുതല്‍ 1000 വരെ യാത്രക്കാരുള്ളത് ഇരട്ടിയാകാനും ഇത് സഹായിച്ചേക്കും.

പ്രവര്‍ത്തനച്ചെലവും ഡീസല്‍ വിലയും കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഡീസല്‍ ബസുകള്‍ മാത്രം ഉപയോഗിച്ച്‌ സൗജന്യയാത്രാ പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നത് പ്രായോഗികമല്ലെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ പക്ഷം. ഇലക്‌ട്രിക് ബസുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ വിവിധ പദ്ധതികളും സബ്സിഡികളും മുന്‍പ് ഭരിച്ചിരുന്ന രണ്ടാം പിണറായി സര്‍ക്കാര്‍ ഫലപ്രദമായി പ്രയോജനപ്പെടുത്തിയിരുന്നില്ല എന്ന ആക്ഷേപം ഈ ഘട്ടത്തില്‍ ശക്തമാണ്. ഇ-ബസുകള്‍ പരമാവധി നിരത്തിലിറക്കിയിരുന്നെങ്കില്‍ പ്രവര്‍ത്തനച്ചെലവ് പകുതിയായി കുറയ്ക്കാനും സൗജന്യയാത്ര മൂലമുണ്ടാകുന്ന നഷ്ടം വലിയൊരു പരിധി വരെ പരിഹരിക്കാനും കെ.എസ്.ആര്‍.ടി.സി.ക്ക് സാധിക്കുമായിരുന്നു.

ഓര്‍ഡിനറി ബസുകളില്‍ വലിയ തോതില്‍ സ്ത്രീ യാത്രക്കാര്‍ വര്‍ദ്ധിക്കുമ്പോള്‍ സ്വാഭാവികമായും തിരക്ക് നിയന്ത്രിക്കുക എന്നത് വലിയൊരു വെല്ലുവിളിയാകും. കൂടുതല്‍ ഓര്‍ഡിനറി സര്‍വീസുകള്‍ ലാഭകരമല്ലാത്ത റൂട്ടുകളിലേക്ക് കൂടി വ്യാപിപ്പിക്കേണ്ടി വരും. സര്‍ക്കാര്‍ കൃത്യസമയത്ത് ഈ സബ്സിഡി തുകയായ 90 കോടി രൂപ കെ.എസ്.ആര്‍.ടി.സി.ക്ക് കൈമാറിയില്ലെങ്കില്‍ അത് ദൈനംദിന സര്‍വീസുകളെയും ഡീസല്‍ അടിക്കുന്നതിനെയും ബാധിക്കും. പ്രഖ്യാപനം ജനപ്രിയമാണെങ്കിലും കൃത്യമായ സാമ്പത്തിക ആസൂത്രണത്തോടെ മുന്നോട്ട് പോയില്ലെങ്കില്‍ കെ.എസ്.ആര്‍.ടി.സി.യെ ഇത് കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്ന വിലയിരുത്തലിലാണ് രാഷ്ട്രീയ വൃത്തങ്ങള്‍.