
തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് സിപിഐ.
പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ നിന്ന് പിന്നോട്ട് പോകേണ്ടെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റിലെ തീരുമാനം. പാർട്ടി അഭിമാനം സിപിഎമ്മിന് മുൻപില്‍ പണയം വെയ്ക്കേണ്ടതില്ലെന്നും വിട്ടുവീഴ്ച ചെയ്ത് ഐക്യം നിലനിർത്തേണ്ട സാഹചര്യമില്ലെന്നുമാണ് സിപിഐ വിലയിരുത്തല്‍.
കഴിഞ്ഞ ദിവസങ്ങളിലായി പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് ചർച്ചകള്‍ തുടരുകയാണ്. പദവിയെച്ചൊല്ലി എല്‍ഡിഎഫില്‍ സിപിഎമ്മും സിപിഐയും തമ്മില്‍ തർക്കം കടുക്കുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിപക്ഷ നിരയില്‍ രണ്ടാമത്തെ വലിയ ഒറ്റക്കക്ഷിയായ സിപിഐ ഉപനേതൃപദവി വേണമെന്ന കടുംപിടിത്തം തുടരുകയാണ്. വിട്ടുവീഴ്ച്ച ആവശ്യമില്ലെന്നും, പരസ്യമായി ആവശ്യപ്പെട്ട പദവിയില്‍ നിന്നും പിന്നോട്ട് പോകേണ്ടതില്ലെന്നുമാണ് സിപിഐ നിലപാട്.
എന്നാല്‍ പ്രതിപക്ഷ ഉപനേതൃപദവി നല്‍കാനാവില്ലെന്ന നിലപാടിലാണ് സിപിഎം. ഇടതുമുന്നണി പ്രതിപക്ഷത്തിരുന്ന കാലത്തെല്ലാം ഉപനേതാവ് പദവി വഹിച്ചിരുന്നത് സിപിഎം തന്നെയാണെന്നുള്ള കീഴ്‌വഴക്കം ചൂണ്ടിക്കാട്ടിയാണ് സിപിഎം നിലപാട് കടുപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇരുപാർട്ടികളുടെയും സംസ്ഥാന സെക്രട്ടറിമാർ നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു.







