അതിവേഗം പടരുന്ന പുതിയ കൊറോണ വൈറസ് കണ്ടെത്തി; ആരോഗ്യ മന്ത്രാലയം അടിയന്തര യോഗം വിളിച്ചു.

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: അതിവേഗം പടരുന്ന പുതിയ കൊറോണ വൈറസ് ഇംഗ്ലണ്ടില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യയിലും മുന്‍കരുതല്‍ നടപടി സ്വീകരിക്കുന്നു. ഇതിനോടനുബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം അടിയന്തര യോഗം വിളിച്ചുകൂട്ടി. ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് (ഡി ജി എച്ച് എസ്) അധ്യക്ഷനായ ജോയിന്റ് മോണിറ്ററിംഗ് ഗ്രൂപ്പ് ഇന്ന് രാവിലെ പത്തിനാണ് യോഗം ചേരുന്നത്. മോണിറ്ററിംഗ് ഗ്രൂപ്പിലെ അംഗമായ ലോകാരോഗ്യ സംഘടനയിലെ ഇന്ത്യയുടെ പ്രതിനിധി റോഡെറിക്കോ എച്ച് ഒഫ്രിനും ഇന്ന് ചേരുന്ന യോഗത്തില്‍ പങ്കെടുക്കുമെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍.

യു.കെ യില്‍ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച ഈ പുതിയ വൈറസ് അതിവേഗം മനുഷ്യരില്‍ പടരുമെങ്കിലും എത്രത്തോളം അപകടകാരിയാണെന്ന് വ്യക്തമല്ല. നെതര്‍ലന്‍ഡ്സ്, ഡെന്‍മാര്‍ക്ക്, ആസ്ട്രേലിയ എന്നീ രാജ്യങ്ങളിലെ കൊവിഡ്-19 രോഗികളിലും ഈ പുതിയ വൈറസ് കണ്ടെത്തിയിട്ടുണ്ട്. ലണ്ടന്‍ ഉള്‍പ്പെടുന്ന തെക്കു-പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലാണ് പുതിയ കൊറോണ വൈറസ് കൂടുതലായി കാണപ്പെടുന്നത്.

യു.കെ യില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യ നയപരമായ തീരുമാനത്തിലേക്ക് എത്തിയിട്ടില്ല. യൂറോപ്യന്‍ രാജ്യങ്ങള്‍ യാത്രാ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അയര്‍ലന്‍ഡ്, ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, നെതര്‍ലന്‍ഡ്സ്, ബെല്‍ജിയം എന്നീ രാജ്യങ്ങള്‍ ഇംഗ്ലണ്ടില്‍ നിന്നുള്ള വിമാനസര്‍വീസ് നിര്‍ത്തിവച്ചു. കൂടുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ തിങ്കളാഴ്ച രാവിലെ യൂറോപ്യന്‍ യൂണിയന്‍ യോഗം ചേരുന്നുണ്ട്. യു.കെ യിലെ സാഹചര്യം നിരീക്ഷിച്ചു വരുകയാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.