കൊറോണ വൈറസ് ബാധ : തദ്ദേശ സ്ഥാപനങ്ങളെ ഏകോപിപ്പിച്ച് ഊർജ്ജിത നടപടിയുമായി കോട്ടയം ജില്ലാ പഞ്ചായത്ത് ; ക്വാറന്റൈയിനിൽ കഴിയുന്നവർക്ക് സഹായമെത്തിച്ച തിരുവാർപ്പ് മാതൃക ജില്ല മുഴുവനും
സ്വന്തം ലേഖകൻ
കോട്ടയം : കൊറോണ വൈറസ് രോഗബാധയെ തുരത്താൻ കോട്ടയം ജില്ലയിലെ ഊർജ്ജിത നടപടിയുമായി ജില്ലാ പഞ്ചായത്ത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഏകോപ്പിച്ച് കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ജില്ലാ പഞ്ചായത്ത് ഊർജ്ജിതമാക്കും. ഇതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് കേന്ദ്രങ്ങളിൽ കൊറോണ സെല്ലും ബ്ലോക്ക് അടിസ്ഥാനത്തിൽ കൊറോണ കെയർ സെന്ററുകളും തുറക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു.
ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരുടെ ഓഫീസുകളായിരിക്കും യഥാക്രമം കൊറോണ സെല്ലും കൊറോണ കെയർ സെന്ററുമായി പ്രവർത്തിക്കുക. ഗ്രാമപഞ്ചായത്ത് , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായിരിക്കും സെല്ലുകളുടെയും കെയർ സെന്ററുകളുടെയും അധ്യക്ഷന്മാർ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വാർഡ് തല കൊറോണ നിരീക്ഷണ സമിതിയുടെ പ്രവർത്തനത്തിന്റെ ഏകോപനമാണ് സെല്ലിന്റെ പ്രധാന ചുമതല. നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ആവശ്യമായ സഹായം ലഭ്യമാക്കൽ, വിദേശ രാജ്യങ്ങളിൽനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നും പുതിയതായി എത്തുന്നവർ ക്വാറന്റയിനിൽ കഴിയുന്നുണ്ടെന്ന് ഉറപ്പാക്കൽ, ആവശ്യമായവർക്ക് ചികിത്സാ സൗകര്യം ലഭ്യമാക്കുക, ബോധവത്കരണം തുടങ്ങിയവയാണ് മറ്റു പ്രവർത്തനങ്ങൾ.
പഞ്ചായത്തുതല പ്രവർത്തനങ്ങളുടെ ഏകോപനമാണ് കൊറോണ കെയർ സെന്ററുകൾ നിർവഹിക്കുക. ഇതിനു പുറമെ ജില്ലാതലത്തിൽ വിവരങ്ങൾ സമയബന്ധിതമായി ലഭ്യമാക്കുക, വിഭവസമാഹരണം, പഞ്ചായത്തുകളുടെ പ്രവർത്തനത്തിൽ സഹായിക്കുക തുടങ്ങിയ ചുമതലകളും നിർവഹിക്കും. സമൂഹ വ്യാപനം ഉണ്ടാകുന്ന പക്ഷം കൈക്കൊള്ളേണ്ട നടപടികൾ സംബന്ധിച്ച് കെയർ സെന്ററുകൾ ഡിവിഷൻ തിരിച്ച് മാർഗരേഖ തയ്യാറാക്കണം. ഇതിനായി ജില്ലാതലത്തിൽ ഒരു ഹെൽപ്പ് ഡസ്‌ക് ആരംഭിക്കും. ജില്ലാ പഞ്ചായത്ത് അംഗങ്ങൾ അതത് ഡിവിഷനുകളിൽ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ഹോം ക്വാറന്റയിൻ നിർദേശിക്കപ്പെട്ടവർക്ക് സഹായവുമായി ജില്ലയിലെ ഗ്രാമപഞ്ചായത്തുകളും രംഗത്ത് ഉണ്ട്. പൊതുസമ്പർക്കം ഒഴിവാക്കി വീടുകളിൽ കഴിയുന്നവർ വാർഡ് അംഗത്തെയോ ജൂണിയർ ഹെൽത്ത് ഇൻസ്‌പെക്ടറെയോ ആശാ പ്രവർത്തകരെയോ ബന്ധപ്പെട്ടാൽ അവശ്യ ഭക്ഷ്യവസ്തുക്കൾ ലഭ്യമാക്കും.തിരുവാർപ്പ് ഗ്രാമപഞ്ചായത്തിൽ വിജയകരമായി നടപ്പാക്കിയ പദ്ധതിയാണ് ജില്ലയിലെ മറ്റ് ഗ്രാമപഞ്ചായത്തിലേക്കും വ്യാപിച്ചിരിക്കുന്നത്.
ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വാർഡുതല കമ്മിറ്റികളും ആശാ അങ്കണവാടി ആരോഗ്യ പ്രവർത്തകരും സംയുക്തമായാണ് ഈ സേവനം ലഭ്യമാക്കുന്നത്. സ്‌പോൺസർഷിപ്പ് മഖേനയും തനതു ഫണ്ടിൽനിന്നുമാണ് ഗ്രാമപഞ്ചായത്തുകൾ ഇതിനുള്ള പണം കണ്ടെത്തുന്നതെന്ന് തിരുവാർപ്പ് ഗ്രാമ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ബിനു ജോൺ പറഞ്ഞു