ലോകത്തിന് മുന്നിൽ മാതൃകയായി കൊച്ചു കേരളം : വൈറസ് ബാധ സ്ഥിരീകരിച്ച് അതീവ ഗുരുതരാവസ്ഥയിൽ കഴിഞ്ഞ എട്ട് വിദേശികളുടെയും രോഗം ഭേദമായി ; നിറഞ്ഞ കൈയടി നേടി ആരോഗ്യപ്രവർത്തകർ

ലോകത്തിന് മുന്നിൽ മാതൃകയായി കൊച്ചു കേരളം : വൈറസ് ബാധ സ്ഥിരീകരിച്ച് അതീവ ഗുരുതരാവസ്ഥയിൽ കഴിഞ്ഞ എട്ട് വിദേശികളുടെയും രോഗം ഭേദമായി ; നിറഞ്ഞ കൈയടി നേടി ആരോഗ്യപ്രവർത്തകർ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് ബാധ കുതിക്കുമ്പോൾ ലോകത്തിന് മാതൃകയായിരിക്കുകയാണ് നമ്മുടെ കൊച്ചുകേരളം. വൈറസ് ബാധ സ്ഥിരീകരിച്ച അതീവ ഗുരുതരാവസ്ഥയിൽ കഴിഞ്ഞവർ ഉൾപ്പെടെ എട്ടു വിദേശികളുടേയും ജീവൻ രക്ഷിച്ച് കേരളം.

ഇറ്റലിയിൽ നിന്നുള്ള റോബർട്ടോ ടൊണോസോ (57), യുകെയിൽ നിന്നുള്ള ലാൻസൺ (76), എലിസബത്ത് ലാൻസ് (76), ബ്രയാൻ നെയിൽ (57), ജാനറ്റ് ലൈ (83), സ്റ്റീവൻ ഹാൻകോക്ക് (61), ആനി വിൽസൺ (61), ജാൻ ജാക്‌സൺ (63) എന്നിവരാണ് രോഗം ഭേദമായി തങ്ങളുടെ സ്വദേശത്തേക്ക് പോകാനൊരുങ്ങുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രോഗം കുറഞ്ഞതിനെ തുടർന്ന് ഇവരിൽ അവസാനത്തെ നാല് രോഗികളെ അവസാന ദിവസങ്ങളിൽ അവരുടെ നിർദേശ പ്രകാരം കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തങ്ങളുടെ രാജ്യത്ത് ലഭിക്കുന്നതിനേക്കാൾ മികച്ച ചികിത്സ കേരളത്തിൽ ലഭിച്ചുവെന്നാണ് ഇവർ പറയുന്നത്. അഭിമാനകരമായ പ്രവർത്തനം നടത്തിയ തിരുവനന്തപുരം എറണാകുളം മെഡിക്കൽ കോളജിലെ മുഴുവൻ ആരോഗ്യ പ്രവർത്തകരേയും ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അഭിനന്ദിച്ചു.

60 വയസിന് മുകളിലുള്ളവരെ ലോകത്തുതന്നെ ഹൈ റിസ്‌ക് വിഭാഗത്തിൽ പെടുത്തുമ്പോഴാണ് മികച്ച ചികിത്സയിലൂടെ വിദേശ പൗരന്മാരുടെ രോഗം ഭേദമാക്കിയത്. റോബർട്ടോ ടൊണോയ്ക്ക് തിരുവനന്തപുരം മെഡിക്കൽ കോളജിലും ബാക്കിയുള്ളവർക്ക് എറണാകുളം മെഡിക്കൽ കോളജിലുമാണ് ചികിത്സ നൽകിയത്.

ഇവരിൽ ഹൈ റിസ്‌കിലുള്ള എല്ലാവരും എറണാകുളം സർക്കാർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന 57 വയസുള്ള യുകെ പൗരനായ ബ്രയാൻ നെയിലിനെ പ്രത്യേക ചികിത്സയിലൂടെയാണ് രോഗം ഭേദമാക്കിയത്.

മാർച്ച് 13ന് വർക്കലയിൽ നിന്നാണ് ഒരു വിദേശിക്ക് ആദ്യമായി കേരളത്തിൽ രോഗം സ്ഥിരീകരിച്ചത്. ഇറ്റലി സ്വദേശി റോബർട്ടോ ടൊണോസോയെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കുകയും വിദഗ്ധ ചികിത്സ നൽകുകയും ചെയ്തു. ഇതോടൊപ്പം ഇദ്ദേഹത്തിന്റെ സഞ്ചാരപാത കണ്ടെത്തുകയും അവരെ നിരീക്ഷണത്തിലാക്കുകയും ചെയ്യുകയായിരുന്നു.

മൂന്നാറിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ബ്രിട്ടീഷ് പൗരനായ ബ്രയാൻ നെയിൽ അടങ്ങിയ 19 അംഗ സംഘം മാർച്ച് 15ന് വിമാനത്തിൽ കയറി പോകാൻ ശ്രമിച്ചിരുന്നു. ബ്രയാൻ നെയിലിനെ എറണാകുളം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും മറ്റുള്ളവരെ നിരീക്ഷണത്തിലാക്കുകയും ചെയ്തു.

ബ്രയാൻ നെയിൽ ഉൾപ്പെടെ സംഘത്തിലെ ഏഴു പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ ഏറ്റവും ഗുരുതരാവസ്ഥയിലായിരുന്നു 57 വയസുള്ള ബ്രയാൻ നെയിൽ. മരണത്തെ മുഖാമുഖം കണ്ട അദ്ദേഹത്തെ എറണാകുളം ഗവ. മെഡിക്കൽ കോളേജിലെ വിദഗ്ധ ചികിത്സയിലൂടെയാണ് രക്ഷിച്ചത്. എച്ച്‌ഐവിയ്ക്ക് ഉപയോഗിക്കുന്ന പ്രത്യേക ചികിത്സയിലൂടെ രണ്ട് സാമ്പിളുകളും നെഗറ്റീവ് ആകുകയും ഡിസ്ചാർജ് ചെയ്യുകയും ചെയ്തു.

എറണാകുളം ഗവ. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. തോമസ് മാത്യു, സൂപ്രണ്ട് ഇൻ ചാർജ് ഡോ. ഗീത നായർ, ആർഎംഒ ഡോ. ഗണേഷ് മോഹൻ എന്നിവരുടെ ഏകോപനത്തോടെ പൾമണറി ആന്റ് ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗം മേധാവിയും കൊറോണ നോഡൽ ഓഫീസറുമായ ഡോ. ഫത്താഹുദ്ദീൻ, ഇന്റേണൽ മെഡിസിൻ വിഭാഗം പ്രൊഫസർ ഡോ. ജേക്കബ് കെ. ജേക്കബ്, റോഡിയോ ഡയഗ്‌നോസിസ് മേധാവി ഡോ. അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള ഡോക്ടർമാരാണ് ചികിത്സയ്ക്ക് നേതൃത്വം നൽകിയത്.

ലോകത്ത് പ്രതിദിനം നിരവധി പേർ രോഗത്തെ തുടർന്ന് മരിക്കുമ്പോഴാണ് കൊച്ചു കേരളത്തിൽ എട്ട് വിദേശികൾ രോഗ മുക്തി നേടിയത്.