Spread the love

തിരുവനന്തപുരം: അധ്യയനവർഷം തുടങ്ങി രണ്ടാഴ്ച പിന്നിട്ടിട്ടും വിദ്യാർഥി യാത്രാപാസ് ലഭിക്കാതെ സംസ്ഥാനത്തെ അണ്‍എയ്ഡഡ് കോളേജ് വിദ്യാർഥികള്‍ ദുരിതത്തില്‍.

video
play-sharp-fill

മോട്ടോർ വാഹന വകുപ്പിന്റെ പുതിയ ഓണ്‍ലൈൻ സംവിധാനമായ ലീഡ്‌സ് (LEADS) ആപ്പിലെ സാങ്കേതിക തകരാറുകളാണ് ആയിരക്കണക്കിന് വിദ്യാർഥികളുടെ യാത്രയെ പ്രതിസന്ധിയിലാക്കിയത്.

യാത്രാപാസ് വിതരണം ഡിജിറ്റലാക്കിയതോടെ വിദ്യാർഥികള്‍ പ്ലേസ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് വ്യക്തിഗത വിവരങ്ങളും യാത്രാ വിവരങ്ങളും അപ്‌ലോഡ് ചെയ്യേണ്ടതാണ്. തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അപേക്ഷകള്‍ പരിശോധിച്ച്‌ അംഗീകരിച്ചാല്‍ അവ സബ് ആർ.ടി.ഒ. ഓഫീസുകളിലേക്ക് കൈമാറുകയും അന്തിമ അനുമതിക്ക് ശേഷം പാസ് ഡൗണ്‍ലോഡ് ചെയ്യാനാകുകയും ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍, വിവരങ്ങള്‍ രേഖപ്പെടുത്താൻ കഴിയുന്നുണ്ടെങ്കിലും അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നില്ലെന്നാണ് വിദ്യാർഥികളുടെ പരാതി. പ്രശ്നം പരിഹരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സമീപിച്ചിട്ടും വ്യക്തമായ മറുപടി ലഭിക്കുന്നില്ലെന്നും അവർ ആരോപിക്കുന്നു.

പാസ് ലഭിക്കാത്തതിനാല്‍ വിദ്യാർഥികള്‍ മുഴുവൻ ടിക്കറ്റ് നിരക്ക് നല്‍കി യാത്ര ചെയ്യേണ്ടിവരുകയാണ്. പ്രത്യേകിച്ച്‌ ത്രൂ സർവീസില്ലാത്ത റൂട്ടുകളില്‍ യാത്ര ചെയ്യുന്നവർക്കാണ് കൂടുതല്‍ സാമ്പത്തികഭാരം.

ഉയർന്ന ഫീസ് നല്‍കി അണ്‍എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാർഥികള്‍ക്ക് ഇത് അധിക ബാധ്യതയാകുന്നുവെന്ന് രക്ഷിതാക്കളും ചൂണ്ടിക്കാട്ടുന്നു.