
കോയമ്പത്തൂർ: സുലൂരിൽ പത്തുവയസ്സുകാരി ലൈംഗിക പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവം വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിനിടെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ ചിരിച്ചുകൊണ്ട് സംസാരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത് വിവാദമായി. പശ്ചിമ മേഖല ഐജി ആർ.വി. രമ്യ ഭാരതി, കോയമ്പത്തൂർ റേഞ്ച് ഡിഐജി പി. സാമിനാഥൻ, കോയമ്പത്തൂർ എസ്പി അല്ലാട്ടിപ്പള്ളി പവൻ കുമാർ റെഡ്ഡി എന്നിവർ പങ്കെടുത്ത വാർത്താസമ്മേളനത്തിലെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.
അതീവ ഗൗരവമേറിയ കുറ്റകൃത്യത്തെക്കുറിച്ച് വിശദീകരണം നൽകുന്നതിനിടെ ഉദ്യോഗസ്ഥർ പുഞ്ചിരിക്കുകയും പരസ്പരം തമാശ പറയുന്നതുപോലെ പെരുമാറുകയും ചെയ്തുവെന്നാണ് വിമർശനം. സംഭവത്തിൽ ആവശ്യമായ സംവേദനക്ഷമത കാണിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ സമൂഹമാധ്യമങ്ങളിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
മെയ് 21-ന് വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന പത്തുവയസ്സുകാരിയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. കുടുംബവുമായി മുൻപരിചയമുണ്ടായിരുന്ന കെ. കാർത്തി എന്നയാളാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ അഞ്ച് പ്രത്യേക സംഘങ്ങൾ നടത്തിയ അന്വേഷണത്തിനൊടുവിൽ കാർത്തിയെയും ഗൂഢാലോചനയിൽ പങ്കാളിയായ മോഹൻരാജിനെയും പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group







