യെദ്യൂരപ്പ നാളെ സത്യപ്രതിജ്ഞ ചെയ്യും; കോണ്‍ഗ്രസ് നിയമ നടപടിക്ക്

യെദ്യൂരപ്പ നാളെ സത്യപ്രതിജ്ഞ ചെയ്യും; കോണ്‍ഗ്രസ് നിയമ നടപടിക്ക്

ബംഗളൂരു: കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപവത്കരണത്തിനായി ഗവര്‍ണര്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബിജെപിയെ ക്ഷണിച്ചു. നാളെ 9.30ന് പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഭൂരിപക്ഷം തെളിയിക്കുന്നതിന് ബിജെപിക്ക് 15 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ബിജെപിക്ക് അധികാരം പിടിക്കാന്‍ ഇനി എട്ട് എംഎല്‍എമാരുടെ പിന്തുണകൂടി വേണം.
സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ബിജെപിയെ ക്ഷണിച്ച നടപടിക്കെതിരേ നിയമ നടപടിക്കൊരുങ്ങുകയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് നേതാക്കള്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ കാണും.
ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ബിജെപിയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടിയെ നിയമപരമായി നേരിടുമെന്നും കോണ്‍ഗ്രസ് വക്താവ് പറഞ്ഞു. കേവലഭൂരിപക്ഷം തെളിയിക്കാന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയുകയുള്ളൂ. ഈയവസ്ഥയില്‍ ഗവര്‍ണ്ണര്‍ ബിജെപിയെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചത് തെറ്റാണെന്നും കോണ്‍ഗ്രസ്. കേവലഭൂരിപക്ഷം തെളിയിക്കാന്‍ കഴിയാത്ത കക്ഷിയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ചതിന് നിയമസാധുത ഇല്ലെന്നും കോണ്‍ഗ്രസ്. ഇതിനിടെ കോണ്‍ഗ്രസ് തങ്ങളുടെ എംഎല്‍എമാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് നീക്കി.