സിവിൽ തർക്കത്തിൽ ഇനി പോലീസ് ഇടപെടില്ല; ഐ.ജി യുടെ സത്യവാങ്മൂലം ഹൈക്കോടതിയിൽ
സ്വന്തം ലേഖകൻ
കൊച്ചി: സിവിൽ തർക്കങ്ങളിൽ ഇനി പോലീസ് ഇടപെടില്ല. നിർദേശം ലംഘിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ പെരുമാറ്റദൂഷ്യം ചുമത്തി വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഐ.ജി വിജയ് സാഖറെ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. പൊലീസ് പീഡനമാരോപിച്ച് തൊടുപുഴ ഉടുമ്പന്നൂർ സ്വദേശി ബേബിച്ചൻ വർക്കി നൽകിയ ഹർജിയിലാണ് ഐ.ജിയുടെ വിശദീകരണം. ഉടുമ്പന്നൂർ സ്വദേശിയായ വിജോ സ്‌കറിയയുമായി 2007 മുതൽ 2012 വരെ കൂട്ടുകച്ചവടം നടത്തിയിരുന്ന ബേബിച്ചൻ വർക്കി അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് കച്ചവടം അവസാനിപ്പിച്ചെങ്കിലും കണക്കുകൾ തീർപ്പാക്കിയിരുന്നില്ലെന്ന് ഹരജിയിൽ പറയുന്നു. തുടർന്ന് വിജോയുടെ പ്രേരണയിൽ തൊടുപുഴ സി.ഐ എൻ.ജി. ശ്രീമോൻ ഭീഷണിപ്പെടുത്തി. സ്‌റ്റേഷനിലേക്ക് ചെല്ലാൻ നിർദേശിക്കുകയും ചെയ്തു. ഇത് തടയുകയും ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുകയും വേണമെന്നാണ് ഹർജിയിലെ ആവശ്യം. നേരത്തേ, തൊടുപുഴ സ്വദേശിയായ ഷാജി മുസ്തഫ എന്നയാൾ ശ്രീമോന് എതിരെ പരാതി നൽകിയിരുന്നു. മറ്റൊരാളുമായുള്ള സിവിൽ തർക്കത്തിൽ ശ്രീമോൻ ഇടപെടുകയും സ്റ്റേഷനിൽ വിളിച്ചുവരുത്തി മർദിച്ചെന്നുമായിരുന്നു പരാതി. ആരോപണം തെറ്റാണെന്ന് സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. കാഞ്ഞിരപ്പള്ളിയിൽ സി.ഐയായിരിക്കെ സിവിൽ തർക്കത്തിൽ ഇടപെട്ടതിന് ശ്രീമോന് താക്കീത് നൽകിയിരുന്നു.
ഇത് രണ്ടുമല്ലാതെ ശ്രീമോനെതിരെ പരാതികളൊന്നുമില്ലെന്നും ഐ.ജി സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. എന്നാൽ, ശ്രീമോനെതിരെ പതിനൊന്നിലധികം പരാതി ഉള്ളതായി ഹർജിക്കാരന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട രേഖകളും ഒരു പ്രതിയെ കോടതിയിൽനിന്ന് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുന്നതിന്റെ ദൃശ്യവും സമർപ്പിച്ചു. വിവരങ്ങൾ കോടതിയെ അറിയിക്കുന്നതിൽ തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ ഐ.ജി പിന്നീട് ദുഃഖിക്കേണ്ടിവരുമെന്ന് ചൂണ്ടിക്കാട്ടിയ കോടതി മേൽപറഞ്ഞ ആരോപണങ്ങളിൽ അന്വേഷണം നടത്തിയിട്ടുണ്ടെങ്കിൽ അതിന്റെ വിവരങ്ങൾ സമർപ്പിക്കാനും നിർദേശിച്ചു. കേസ് ബുധനാഴ്ചത്തേക്ക് മാറ്റി.
Whatsapp Group 1 | Whatsapp Group 2 |Telegram Group