ആയിരം കോടിയുടെ സിനിമയ്ക്ക് തയ്യാറെടുക്കുന്ന മോഹൻലാൽ രാഷ്ട്രീയത്തിലിറങ്ങുമോ ? സാധ്യതകളുടെ രാഷ്ട്രീയം കാണുന്നവർ വായിക്കേണ്ട ലാലിന്റെ ചിന്തകൾ
തേർഡ് ഐ ഡെസ്ക്
കോട്ടയം: മോഹൻലാലിന്റെ രാഷ്ട്രീയമാണ് ഇന്ന് സോഷ്യൽ മീഡിയയിലേ സാധ്യതകളുടെ ചർച്ചയിൽ മുന്നിൽ നിൽക്കുന്നത്. സാധ്യതകളെയും സന്ദർശനങ്ങളെയും വിലയിരുത്തുന്നവർ അങ്ങിനെയുള്ള വിലയിരുത്തലിലൂടെ ലാലിന് കേന്ദ്രമന്ത്രി സ്ഥാനം വരെ നൽകിക്കഴിഞ്ഞു. സാധ്യതകളുടെ വാർത്താ ലോകത്ത് നിന്ന് അൽപം മാറി നിന്ന് തേർഡ് ഐ ന്യൂസ് ലൈവ് ചിന്തിക്കുകയാണ്.
മോഹൻ ലാൽ സിനിമയിലെ കഥാപാത്രങ്ങളുടെ പേരും വിലാസവും രൂപവും കണ്ട് വിലയിരുത്തി നമ്മളിൽ ചിലർ അദേഹത്തെ ആദ്യം സംഘിയാക്കി. ചിലർ അൽപം കൂടി കടന്ന് , മോഹൻലാലിന്റെ കോളജ് വിദ്യാഭ്യാസം ചികഞ്ഞെടുത്തു. ലാൽ പഠിച്ചത് എം ജി കോളജിൽ, എബിവിപി യുടെ കോട്ട, ലാൽ സംഘി തന്നെ അവർ ഉറപ്പിച്ചു.
പിന്നീട് കേട്ടത് കൈരളി ചാനലിന്റെ തുടക്കത്തിൽ മോഹൻലാൽ ചെയർമാനാകാൻ സമ്മതം മൂളി എന്ന വാർത്തയിലൂടെയാണ്. മോഹൻലാൽ സി.പി.എം നിയന്ത്രണത്തിലുള്ള ചാനലിന്റെ മേധാവിയാകരുതെന്ന് അന്ന് ആരൊക്കെയോ തിരുവനന്തപുരം നഗരത്തിൽ പോസ്റ്ററൊട്ടിച്ചതും വാർത്തയായി. വാർത്തകൾ പലതുമുണ്ടായെങ്കിലും മോഹൻലാൽ ചെയർമാൻ സ്ഥാനം ഏറ്റെടുത്തില്ല. ഇതോടെ സംഘിത്തലപ്പാവ് ലാലിന്റെ തലയിലായി.
കോൺഗ്രസ് കേന്ദ്രം ഭരിക്കുമ്പോൾ എ.കെ ആൻറണി പ്രതിരോധ മന്ത്രിയായിരിക്കുമ്പോൾ മോഹൻലാലിന് ലഫ്റ്റന്റ് കേണൽ പദവി ലഭിച്ചതോടെ മോഹൻലാൽ കോൺഗ്രസ്സിലേക്കെന്ന് അവർ വിധിയെഴുതി. ടി.പി.ചന്ദ്രശേഖരൻ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ ബ്ലോഗെഴുതിയപ്പോൾ അവർ ഉറപ്പിച്ചു പറഞ്ഞു ‘ഇതിന് മുൻപ് കൊലപാതകങ്ങൾ നടന്നപ്പോൾ പ്രതികരിക്കാത്ത നിങ്ങൾ കോൺഗ്രസ്സുകാരൻ തന്നെ’. നോട്ട് നിരോധനത്തെ കുറിച്ചും ജെ.എൻ.യു സമരത്തെ കുറിച്ചും തന്റെ വീക്ഷണങ്ങൾ ബ്ലോഗിലൂടെ എഴുതിയപ്പോൾ വീണ്ടും ലാലിനെ സംഘിത്താവളത്തിൽ എത്തിച്ചു.
നമ്മൾ എല്ലാവരും വിവിധ സോഷ്യൽ മീഡിയകളിൽ പലതരത്തിലുള്ള വിഷയങ്ങളെ കുറിച്ച് പ്രതികരിക്കുന്നവരാണ്. മോഹൻലാലും അതത് കാലങ്ങളിൽ വ്യക്തികളെ കുറിച്ചും സംഭവങ്ങളെകുറിച്ചും തനിക്ക് അനുഭവപ്പെടുകയോ തോന്നുകയോ ചെയ്ത കാര്യങ്ങൾ ബ്ലോഗുകളിലൂടെ പങ്കു വച്ചിട്ടുണ്ട്. അതിനോട് നമുക്ക് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. മോഹൻലാലിന്റെ സിനിമകൾ പോലും നമുക്ക് എല്ലാവർക്കും ഒരേ പോലെയല്ല ഇഷ്ട്ടപെടുന്നത് പിന്നെയാണോ മോഹൻലാലിന്റെ അഭിപ്രായങ്ങൾ. വിയോജിപ്പുകൾ എക്കാലവും ഉണ്ടായികൊണ്ടിരിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പക്ഷെ ഇവിടെ ലാലിനെ ഓരോ സമയത്തും ഓരോ താവളത്തിൽ കൊണ്ടു കെട്ടുകയാണ്. അത് പറയുന്നവരുടെ താല്പര്യം അനുസരിച്ചാണെന്ന് മാത്രം.
നിരവധി അഗ്നിപരീക്ഷകൾ അതിജീവിച്ച പിണറായി വിജയനെ പ്രതിസന്ധി ഘട്ടത്തിൽ കുട്ടികൾ മാതൃകയാക്കണമെന്നും മോദിയെ കണ്ടപ്പോൾ പോസിറ്റീവ് എനർജി ലഭിച്ചെന്നും മോഹൻലാൽ പറഞ്ഞിട്ടുണ്ട്. രണ്ട് കാര്യങ്ങളും പറഞ്ഞത് ഉദ്ദേശിച്ച രീതിയിൽ മനസിലാക്കിയവർ അംഗീകരിക്കുകയും അല്ലാത്തവർ തള്ളുകയും ചെയ്തിട്ടുണ്ട്. പക്ഷെ തെറി വിളിച്ചവർ ഉണ്ട്. സ്വന്തം ഫെയ്സ് ബുക്കിലൂടെ കുറച്ച് പുറകോട്ട് പോയാൽ അവർക്ക് കാണാം ഒന്നിന് തെറി വിളിച്ചവർ മറ്റേതിന് കൈയ്യടിച്ചവരാണെന്ന്. അതേ പോലെ തിരിച്ചും. അവർ അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് കൈയ്യടിച്ചും കൂക്കി വിളിച്ചും കൊണ്ടേയിരിക്കും.
ഇതു വരെയുള്ള വിലയിരുത്തൽ അനുസരിച്ച് ഒരു കാര്യം ഉറപ്പിച്ച് പറയാം. ഇലക്ഷന് മത്സരിക്കാൻ പോയിട്ട് വോട്ട് ചെയ്യാൻ പോലും ലാൽ ഇത് വരെ പോയിട്ടില്ല. ആദ്യം ലാൽ വോട്ട് ചെയ്യട്ടെ.. എന്നിട്ട് രാഷ്ട്രീയത്തിലേയ്ക്ക് കടക്കാം.
പിണറായി വിജയൻ മുഖ്യമന്ത്രിയായി ചുമതലയേറ്റപ്പോൾ മോഹൻലാൽ വീട്ടിൽ പോയി കണ്ടിരുന്നു. എന്തുകൊണ്ട് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായപ്പോൾ വീട്ടിൽ പോയില്ല. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കണ്ട മോഹൻലാൽ എന്തുകൊണ്ട് മൻമോഹൻ സിങ്ങ് പ്രധാനമന്ത്രിയായപോൾ പോയില്ല. എ.കെ ആന്റണി പ്രതിരോധ മന്ത്രിയായപോൾ പോയി കണ്ട മോഹൻലാൽ എന്തുകൊണ്ട് ഇപ്പോഴത്തെ മന്ത്രി രാജ്നാഥ് സിങ്ങിനെ കണ്ടില്ല. എന്തുകൊണ്ടെന്ന ചോദ്യത്തിന് സാധ്യത കൽപിക്കുന്നവർ തങ്ങളുടെ ഇഷ്ടം അനുസരിച്ച് വാർത്തയുണ്ടാക്കും, പ്രചരിപ്പിക്കും.
രജനീകാന്തും കമൽഹസനും ശ്രമിക്കുന്നത് മുഖ്യമന്ത്രിയാകാനാണ്. സിനിമയിൽ ഇനി കാര്യമില്ലെന്ന് മനസിലായ താരങ്ങൾ പോകുന്നത് എം.എൽ.എ യോ എം.പി യോ ആകാനാണ്. ഒരു മാസത്തെ ഡേറ്റിന് കുറഞ്ഞത് 5 കോടി പ്രതിഫലം വാങ്ങുന്ന മോഹൻലാൽ ഒരു എം.പി യാകാൻ പോയിട്ട് എന്ത് കാര്യമെന്നു കൂടി ഈ സാധ്യത കണക്കു കൂട്ടലുകാർ ചിന്തിക്കുന്നില്ല.
പണവും പേരും നേടാനാണെങ്കിൽ സിനിമയേക്കാൾ വലിയ ഏത് സാധ്യതയാണ് രാഷ്ട്രീയത്തിൽ മോഹൻലാലിനെ കാത്തിരിക്കുന്നത്? തന്റെ മേഖലയിൽ ഒരാൾക്ക് എത്താൻ കഴിയുന്ന ഏറ്റവും ഉയരത്തിലെത്തിയിട്ടുണ്ട് ലാൽ. മഹാഭാരതം എന്ന 1000 കോടി മുതൽ മുടക്കുള്ള സിനിമയ്ക്കു വേണ്ടി അൻപത്തിയെട്ടാം വയസിൽ കഠിനമായ ശാരീരിക പരിശീലനങ്ങൾ നടത്തുന്ന, ഒരു വർഷം ഡേറ്റ് വേണ്ടി വരുന്ന സിനിമയ്ക്ക് തയ്യാറെടുക്കുന്ന, ഒരാൾ അടുത്ത കൊല്ലം ഇലക്ഷനിൽ മത്സരിക്കാൻ പോകുന്നെന്ന് ചിന്തിക്കുക അസാധ്യം. പുലി മുരുകൻ അടക്കം മലയാള സിനിമയിൽ നിർണ്ണായക സ്വാധീനമാണ് ഇന്നും ലാലിനുള്ളത്. സിനിമ നിരന്തരം പരാജയപ്പെട്ടതോടെയാണ് മറ്റൊരു സാധ്യത എന്ന രീതിയിൽ സുരേഷ് ഗോപി ബിജെപിയുടെ പക്ഷം ചേർന്നത്. നേരത്തെ തന്നെ തന്റെ രാഷ്ട്രീയം തുറന്ന് പറഞ്ഞിട്ടുണ്ട് മമ്മൂട്ടി. പക്ഷേ , പരസ്യമായ പ്രതികരണത്തിന് രംഗത്ത് എത്തിയിട്ടുമില്ല. കേരളത്തിൽ അടുത്ത കാലത്തൊന്നും അധികാരത്തിൽ എത്താൻ സാധ്യതയില്ലാത്ത ബിജെപിയിൽ എത്തി തന്റെ ജന പിൻതുണ രാഷ്ട്രീയ വീതം വയ്പ്പിന് വിധേയമാക്കുമോ എന്നത് രാഷ്ട്രീയ വിദ്യാർത്ഥികൾക്ക് പഠന വിഷയമാക്കാം.
മോഹൻലാൽ എന്ന വ്യക്തിയോടും നടനോടും സിനിമകളോടും ബ്ലോഗുകളോടും നിലപാടുകളോടും നിങ്ങൾക്ക് വിയോജിക്കാം . പക്ഷേ , അദേഹത്തിന്റെ നിലപാടുകളെ നിങ്ങളുടെ സാധ്യതകളുമായി കൂട്ടിക്കെട്ടാതിരിക്കുക.